കഴിഞ്ഞ ദിവസം നടന്ന മുംബൈ - ബെഗളുരു ഐപിഎൽ മത്സരം ആർസിബിയുടെ വെടിക്കെട്ട് ബാറ്റിങ്ങിന്റെ പേരിലായിരിക്കും ഓർത്തുവെക്കാൻ പോകുന്നത്. 241 എന്ന വലിയൊരു ഹിമാലയൻ റൺമല കയറാൻ വിധിക്കപ്പെട്ട മുംബൈയ്ക്ക് 222 റൺസ് വെരെയേ നേടാനായുള്ളൂ. ഷെർഫാനേ റൂതർഫോർഡിന്റെ അടിമുടി മിന്നുന്ന വെടിക്കെട്ടിന്റെ ബലത്തിലാണ് മുംബൈ 222 എന്ന ടോട്ടലിൽ എത്തിയത്. എന്നാൽ, ജയം ആർസിബിക്കൊപ്പം ആയിരുന്നെങ്കിലും ആരാധകർ ഉറ്റുനോക്കുന്നത് രോഹിത് ശർമ്മ കളിക്കളത്തിൽ കാണിച്ച ഒരു ബ്രില്യൻസിലാണ്.
ആർസിബി ബാറ്റർമാർ വാംഖഡെയിൽ റൺവേട്ട തുടങ്ങിയപ്പോൾ മുംബൈ ഇന്ത്യൻസ് ശരിക്കും പ്രതിരോധത്തിലായിരുന്നു. പ്രത്യേകിച്ച് ഓപ്പണർ ഫിൽ സാൾട്ട് നേരിട്ട 35 പന്തിൽ 78 റൺസുമായി സംഹാരരൂപം പൂണ്ടിരുന്ന സമയം. 10 ഓവർ പൂർത്തിയാകുമ്പോൾ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 115 റൺസെന്ന നിലയിലായിരുന്നു ആർസിബി. കളി മുംബൈയുടെ കൈയിൽ നിന്ന് പോകുന്നു എന്ന് തോന്നിച്ച നിമിഷം, അവിടെയാണ് രോഹിത് ശർമ്മ എന്ന 'തന്ത്രശാലിയായ ക്യാപ്റ്റൻ' ഉണർന്നത്.

രോഹിത്തിന്റെ മാസ്റ്റർ പ്ലാൻ
പത്താം ഓവറിന് ശേഷം രോഹിത് ശർമ്മ നേരെ നായകൻ ഹാർദിക് പാണ്ഡ്യയുടെ അടുത്തെത്തി സംസാരിച്ചു. വിക്കറ്റുകൾ വീഴാതെ മുന്നോട്ട് പോയാൽ സ്കോർ 250 കടക്കുമെന്ന് ഉറപ്പായ ഘട്ടത്തിൽ, അറ്റാക്കിലേക്ക് ശാർദ്ദൂൽ താക്കൂറിനെ കൊണ്ടുവരാൻ രോഹിത് നിർദ്ദേശിച്ചു. രോഹിത്തിന്റെ അനുഭവസമ്പത്തിലും ക്രിക്കറ്റ് ബുദ്ധിയിലും വിശ്വസിച്ച ഹാർദിക് അടുത്ത ഓവർ ശാർദ്ദൂലിന് നൽകി.
പതിനൊന്നാം ഓവർ: സാൾട്ട് വീണു!
രോഹിത് വിഭാവനം ചെയ്തത് പോലെ തന്നെ സംഭവിച്ചു. ശാർദ്ദൂൽ താക്കൂർ തന്റെ വൈവിധ്യമാർന്ന പന്തുകളിലൂടെ ആഞ്ഞടിച്ചുകൊണ്ടിരുന്ന ഫിൽ സാൾട്ടിനെ കുരുക്കി. മുംബൈയ്ക്ക് ഏറ്റവും അത്യാവശ്യമായിരുന്ന ആ ബ്രേക്ക്‌ത്രൂ ശാർദ്ദൂൽ നൽകി. അപകടകാരിയായ സാൾട്ട് പുറത്തായതോടെ ആർസിബിയുടെ റൺറേറ്റിന് അല്പം കടിഞ്ഞാണിടാൻ മുംബൈയ്ക്ക് സാധിച്ചു.
241 എന്ന വലിയ റൺമല പിന്തുടർന്ന മുംബൈയ്ക്ക് തുടക്കത്തിൽ റിക്കൽട്ടനും സൂര്യയും ചേർന്ന് ഭേദപ്പെട്ട തുടക്കം നൽകി. എന്നാൽ, ഇത്രയും വലിയ ടാർഗറ്റ് മുന്നിൽ നിൽക്കുമ്പോൾ ഇരുവരും സ്വീകരിച്ച തണുപ്പൻ പ്രതികരണം മുംബൈയ്ക്ക് ഗുണം ചെയ്തില്ല. എന്നാൽ, അവസാന ഓവറുകളിൽ റുതർഫോർഡ് കളം നിറഞ്ഞ് കളിച്ചു. വെറും 31 പന്തുകളിൽ നിന്നും 71 റൺസാണ് അദ്ദേഹം നേടിയത്. അതിൽ ഒമ്പത് കൂറ്റൻ സിക്സറുകളും ഉൾപ്പെടുന്നു. ഒരു ഘട്ടത്തിൽ കളി കൈവിട്ടുപോകുമോ എന്നുപോലും ആർസിബിയെ ഭയപ്പെടുത്തിയ ഈ വിൻഡീസ് താരത്തിനും പക്ഷെ മുംബൈയെ രക്ഷിക്കാനായില്ല.
നിലവിൽ ഹാർദിക് പാണ്ഡ്യയാണ് ടീമിനെ നയിക്കുന്നതെങ്കിലും, നിർണ്ണായക ഘട്ടങ്ങളിൽ രോഹിത് ശർമ്മ നൽകുന്ന ഈ 'ഫീൽഡ് മാസ്റ്റർ ക്ലാസ്സുകൾ' മുംബൈയ്ക്ക് എത്രത്തോളം പ്രധാനമാണെന്ന് ഒരിക്കൽ കൂടി തെളിയിക്കപ്പെട്ടിരിക്കുകയാണ്. രോഹിത് ഇപ്പോഴും ടീമിന്റെ യഥാർത്ഥ വഴികാട്ടിയാണെന്ന് ആരാധകർ സോഷ്യൽ മീഡിയയിൽ കുറിക്കുന്നു.