മുംബൈ: കുറച്ച് ദിവസങ്ങളിലായി ഇന്ത്യന്‍ ക്രിക്കറ്റ് ടീമുമായി ബന്ധപ്പെട്ട് പ്രചരിച്ചിരുന്ന എല്ലാ അഭ്യൂഹങ്ങള്‍ക്കും ഒടുവില്‍ വിരാമമായിരിക്കുകയാണ്. വിരാട് കോലി മാധ്യമങ്ങളെ കണ്ടതോടെയാണ് സമീപകാലത്തായി ഉയര്‍ന്ന എല്ലാ റിപ്പോര്‍ട്ടുകളുടെയും സത്യാവസ്ഥ വെളിപ്പെട്ടത്. ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റിയതില്‍ കോലിക്ക് അസംതൃപ്തിയുണ്ടെന്നും ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര കളിക്കില്ലെന്നും രോഹിത്തുമായി വലിയ അഭിപ്രായ ഭിന്നതയിലാണുള്ളതെന്നുമെല്ലാം അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ ഇവയെയെല്ലാം പൊളിച്ചടുക്കിയിരിക്കുകയാണ് കോലി.
പുതിയ നായകന്‍ രോഹിത് ശര്‍മയുമായി കോലിക്ക് അഭിപ്രായ ഭിന്നതയുണ്ടെന്നാണ് ഏറ്റവും കൂടുതല്‍ പ്രചരിച്ച വാര്‍ത്ത. എന്നാല്‍ രോഹിത്തുമായി യാതൊരു പ്രശ്‌നങ്ങളുമില്ലെന്നും മികച്ച തന്ത്രങ്ങളുള്ള ബുദ്ധിമാനായ നായകനാണ് രോഹിത്തെന്നുമാണ് കോലി മാധ്യമങ്ങളോട് പറഞ്ഞത്. രോഹിത്തിനും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും പൂര്‍ണ്ണ പിന്തുണ അറിയിക്കുന്നുവെന്നും കോലി പറഞ്ഞു.
'ടീമിനെ കൃത്യമായ ദിശയിലേക്ക് എത്തിക്കുകയെന്നതാണ് എന്റെ ഉത്തരവാദിത്തം. ഞാന്‍ നായകനാവുന്നതിന് മുമ്പ് ചെയ്തിരുന്നതാണ് ഇനി ചെയ്യേണ്ടത്. മാനസികാവസ്ഥയില്‍ മാറ്റങ്ങളില്ല. രോഹിത് പ്രതിഭാശാലിയായ നായകനാണ്. തന്ത്രങ്ങള്‍ മെനയാന്‍ കെല്‍പ്പുള്ള ബുദ്ധിമാനായ നായകനാണ്. ഐപിഎല്ലിലൂടെയും ഇന്ത്യന്‍ ടീമിലൂടെയും നമ്മള്‍ ഇത് കണ്ടിട്ടുള്ളതുമാണ്. രാഹുല്‍ ഭായ (രാഹുല്‍ ദ്രാവിഡ്) വളരെ സംതുലിതമായിട്ടുള്ള പരിശീലകനാണ്. മികച്ച മാനേജറാണ്. ടീമിന്റെ പദ്ധതികള്‍ എന്തായാലും ഇവര്‍ക്ക് എന്റെ പൂര്‍ണ്ണ പിന്തുണയുണ്ടാവും. 100 ശതമാനവും അവിടെ ഞാന്‍ നല്‍കും. ടീമിനെ ശരിയായ ദിശയിലേക്കെത്തിക്കുകയെന്ന വലിയ ഉത്തരവാദിത്തം എന്നിലുണ്ട്'- കോലി പറഞ്ഞു.

കോലി ടി20 നായകസ്ഥാനം ഒഴിയുമെന്ന് അദ്ദേഹം തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഏകദിന നായകസ്ഥാനം ഒഴിയേണ്ടിവന്നത് തികച്ചും അപ്രതീക്ഷിതമായ തീരുമാനമായിരുന്നു. ഇതിനെക്കുറിച്ചും കോലി പറഞ്ഞു. സെലക്ഷന്‍ മീറ്റിങ്ങിന് മുമ്പ് നടന്ന ഒന്നര മണിക്കൂര്‍ മാത്രം നീണ്ട ചര്‍ച്ചക്കൊടുവിലാണ് ഏകദിന നായകസ്ഥാനത്ത് നിന്ന് മാറ്റുന്ന തീരുമാനത്തിലേക്കെത്തിയതെന്നും കോലി പറഞ്ഞു.
ഏകദിനത്തില്‍ 70ന് മുകളില്‍ വിജയ ശരാശരിയുള്ള ക്യാപ്റ്റനാണ് കോലി. എന്നാല്‍ ഇതുവരെ ഐസിസി കിരീടം ടീമിന് നേടിക്കൊടുക്കാന്‍ അദ്ദേഹത്തിനായില്ല. അതുകൊണ്ടാണ് കോലിയെ ഏകദിന നായകസ്ഥാനത്തുനിന്നും നീക്കിയത്. ഈ തീരുമാനം എത്രത്തോളം മികച്ചതാവുമെന്നും ഭാവിയില്‍ ഇന്ത്യയെ എങ്ങനെ ബാധിക്കുമെന്നും കണ്ടുതന്നെ അറിയണം. 2022ല്‍ ടി20 ലോകകപ്പും 2023ല്‍ ഏകദിന ലോകകപ്പും നടക്കാനിരിക്കെ രോഹിത്തിന് കീഴില്‍ ഇന്ത്യ വലിയ സ്വപ്‌നങ്ങള്‍ കാണുകയാണ്.
രോഹിത്തിന് കീഴില്‍ കളിക്കാന്‍ താല്‍പര്യമില്ലാത്തതിനാല്‍ കോലി ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന തരത്തിലും അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ കോലി ദക്ഷിണാഫ്രിക്കന്‍ ഏകദിന പരമ്പരയില്‍ കളിക്കുമെന്നും ഏത് സമയത്തും ലഭ്യമാകുമെന്നും കോലി വ്യക്തമാക്കി. ഇതോടെ രോഹിത്തിന് കീഴില്‍ കളിക്കാന്‍ തനിക്ക് മടിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരിക്കുകയാണ്.
ടെസ്റ്റ് പരമ്പര ആരംഭിക്കാനിരിക്കെ പരിക്കേറ്റ രോഹിത് പുറത്തായിരിക്കുകയാണ്. നെറ്റ്‌സില്‍ പരിശീലനം നടത്തുന്നതിനിടെയാണ് രോഹിത്തിന് പരിക്കേറ്റത്. രോഹിത്തിന്റെ അഭാവം ടെസ്റ്റില്‍ വലിയ നഷ്ടമാണെന്ന് കോലി പറഞ്ഞു. ഇംഗ്ലണ്ടില്‍ രോഹിത് മികച്ച പ്രകടനമാണ് നടത്തിയതെന്നും ഓപ്പണര്‍മാരുടെ സംഭാവന വളരെ പ്രധാനപ്പെട്ടതാണെന്നും പറഞ്ഞ കോലി കെ എല്‍ രാഹുലിനും മായങ്ക് അഗര്‍വാളിനും ഓപ്പണിങ്ങില്‍ മികവ് കാട്ടാനുള്ള അവസരമാണിതെന്നും ഓര്‍മ്മിപ്പിച്ചു.
എന്തായാലും ദക്ഷിണാഫ്രിക്കന്‍ പര്യടനം ഇന്ത്യയെ സംബന്ധിച്ച് വളരെ നിര്‍ണ്ണായകമായി മാറും. പ്രതികരണങ്ങളില്‍ പ്രശ്‌നങ്ങളില്ലെന്ന് പറയുമ്പോഴും കളത്തിലെത്തുമ്പോള്‍ മാനസിക അകല്‍ച്ച ടീമിനെ പ്രതികൂലമായി ബാധിക്കുമോയെന്നത് കാത്തിരുന്ന് കാണാം. കോലി നായകസ്ഥാനം ഒഴിഞ്ഞശേഷവും ടീമിന്റെ പ്രധാനപ്പെട്ട താരമാണെന്ന രോഹിത്തിന്റെ വാക്കുകള്‍ പ്രതീക്ഷ നല്‍കുന്നതാണ്.