കറാച്ചി: ഐസിസി പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലും ഇന്ത്യ തോറ്റതോടെ വിരാട് കോലിയുടെ ക്യാപ്റ്റന്‍സിക്കെതിരേ വീണ്ടും വിമര്‍ശനം ഉയരുകയാണ്. ഏറെ നാളുകളായി ഉയരുന്ന സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ആവിശ്യം വീണ്ടും സജീവമാകുന്നു. ടി20യിലെങ്കിലും രോഹിത് ശര്‍മയെ ക്യാപ്റ്റനാക്കണമെന്നാണ് പല ആരാധകരും ആവിശ്യപ്പെടുന്നത്. ഐപിഎല്ലിലെ രോഹിത് ശര്‍മയുടെ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പലരും കോലിക്കെതിരേ വിമര്‍ശനം ഉയര്‍ത്തുന്നത്.
ഇതുവരെ ഐസിസി കിരീടം നേടാന്‍ കഴിയാത്തത് കോലിയെപ്പോലൊരു മികച്ച നായകന് നാണക്കേട് തന്നെയാണ്. ഇപ്പോഴിതാ വിരാട് കോലിയെക്കാള്‍ മികച്ച നായകന്‍ രോഹിത് ശര്‍മയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ താരം സല്‍മാന്‍ ബട്ട്. 'വ്യക്തിപരമായി പറഞ്ഞാല്‍ വിരാട് കോലിയേക്കാള്‍ മികച്ച നായകന്‍ രോഹിത് ശര്‍മയാണ്.
2018ലെ ഏഷ്യാ കപ്പിലെ രോഹിതിന്റെ ക്യാപ്റ്റന്‍സി മികവ് ശ്രദ്ധിച്ചതാണ്. വളരെ സ്വാഭാവികമായി കളിയെ നിയന്ത്രിക്കാന്‍ അവന് സാധിക്കും. വിരാട് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ അഞ്ച് വര്‍ഷത്തോളം ഇന്ത്യ ഒന്നാം സ്ഥാനക്കാരായെങ്കിലും ഇതുവരെ ഒരു ഐസിസി കിരീടം പോലുമില്ലെന്നത് ദുഖകരമായ സംഭവമാണ്. അതിനാല്‍ത്തന്നെ ആളുകള്‍ ചോദ്യമുയര്‍ത്തുന്നത് സ്വാഭാവികമാണ്. നിങ്ങള്‍ ചിലപ്പോള്‍ മികച്ചൊരു നായകനായിരിക്കാം. പക്ഷെ പ്രധാനപ്പെട്ട കിരീടങ്ങളില്ലെങ്കില്‍ ആളുകള്‍ നിങ്ങളെ ഓര്‍ക്കുകയില്ല.

നിങ്ങള്‍ക്ക് മികച്ച പദ്ധതികളുണ്ടെങ്കിലും ബൗളര്‍മാര്‍ക്കത് നടപ്പാക്കാനായില്ലെങ്കില്‍ നിരാശയാണ് ഫലം. അതിനാല്‍ കിരീടം നേടാന്‍ ഭാഗ്യംകൂടി ഒപ്പംവേണം. ചിലപ്പോള്‍ മോശം ക്യാപ്റ്റനാണെങ്കിലും ടീം മികച്ച നേട്ടം സ്വന്തമാക്കാന്‍ സാധിക്കും. മികച്ച നായകനെന്ന് പറയണമെങ്കില്‍ വലിയ മത്സരങ്ങളില്‍ വിജയിക്കുക തന്നെ ചെയ്യണം'-സല്‍മാന്‍ ബട്ട് പറഞ്ഞു.
അവസാന ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി കിരീടം അജിന്‍ക്യ രഹാനെയുടെ ക്യാപ്റ്റന്‍സിയിലാണ് ഇന്ത്യ നേടിയത്. അതിനാല്‍ത്തന്നെ രഹാനെയെ ടെസ്റ്റ് നായകനായും ടി20യില്‍ രോഹിത് ശര്‍മയേയും ഏകദിനത്തില്‍ വിരാട് കോലിയേയും ക്യാപ്റ്റനാക്കണമെന്ന തരത്തിലുള്ള ആവിശ്യവും ഉയരുന്നുണ്ട്. എന്നാല്‍ സ്പ്ലിറ്റ് ക്യാപ്റ്റന്‍സി ഇന്ത്യയിലെ ടീം സാഹചര്യത്തില്‍ അനുയോജ്യമല്ലാത്തതിനാല്‍ ഇത്തരമൊരു ക്യാപ്റ്റന്‍സി മാറ്റം ഉണ്ടാകുമെന്ന് കരുതുന്നില്ല.
'വിരാട് കോലി ഐസിസി കിരീടങ്ങളോ ഐപിഎല്ലോ ഇതുവരെ നേടിയിട്ടില്ല.കോലി മികച്ച ക്രിക്കറ്റ് താരം മികച്ച ശാരീരികഭാഷയും ആക്രമണോത്സുകതയുമുള്ള താരമാണ്. വലിയ എനര്‍ജിയുമുള്ള താരമാണ് അദ്ദേഹം'-സല്‍മാന്‍ ബട്ട് കൂട്ടിച്ചേര്‍ത്തു. വരാനിരിക്കുന്ന ടി20 ലോകകപ്പ് കോലിക്ക് നിര്‍ണ്ണായകമാണ്. തോറ്റാല്‍ നായകസ്ഥാനം ഒഴിയാനുള്ള സാധ്യത കൂടുതലാണ്.