നാഗ്പൂര്‍: ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയുടെ ഏറ്റവും പ്രിയപ്പെട്ട എതിരാളികളാണ് ഓസ്‌ട്രേലിയ. 28 കളികളില്‍ നിന്നായി 6 സെഞ്ചുറിയടക്കം 1500 ല്‍പ്പരം റണ്‍സടിച്ചിട്ടുണ്ട് രോഹിത് ഓസ്‌ട്രേലിയയ്‌ക്കെതിരെ. കംഗാരുക്കള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ശരാശരി എന്ന റെക്കോര്‍ഡും രോഹിത് ശര്‍മയുടെ പേരിലാണ്, 66.37. സൂപ്പര്‍മാന്‍ സച്ചിന്‍ തെണ്ടുല്‍ക്കറും വിരാട് കോലിയും പോലും രോഹിത് ശര്‍മയ്ക്ക് പിന്നിലാണ് ഇക്കാര്യത്തില്‍.

ശരാശരിയുടെ കാര്യത്തില്‍ മാത്രമല്ല സെഞ്ചുറികളുടെ കാര്യത്തിലും രോഹിത് ശര്‍മയ്ക്ക് പ്രിയപ്പെട്ട എതിരാളികളാണ് ഓസ്‌ട്രേലിയ. രോഹിതിന്റെ പേരില്‍ ആകെയുള്ള 14 ഏകദിന സെഞ്ചുറികളില്‍ ആറും ഓസ്‌ട്രേലിയയ്ക്ക് എതിരെയാണ്. ഇതില്‍ ഒരു ഡബിള്‍ സെഞ്ചുറിയും പെടും. ഓസ്‌ട്രേലിയയ്‌ക്കെതിരായ സെഞ്ചുറി നേട്ടത്തില്‍ വിരാട് കോലിയെ (5) പിന്തള്ളുകയും ചെയ്തു ശര്‍മ. ഇനി ഈ നേട്ടത്തില്‍ മുന്നില്‍ സച്ചിന്‍ മാത്രമേയുള്ളൂ (9 സെഞ്ചുറികള്‍).
ഇത് മാത്രമല്ല ഏകദിനത്തില്‍ 6000 റണ്‍സ് എന്ന നാഴികക്കല്ലും രോഹിത് ശര്‍മ നാഗ്പൂര്‍ ഏകദിനത്തില്‍ പിന്നിട്ടു. സ്വന്തം നാട്ടില്‍ ഏറ്റവും വേഗത്തില്‍ 2000 റണ്‍സ് എന്ന റെക്കോര്‍ഡ് ഗാംഗുലിയില്‍ നിന്നും രോഹിത് സ്വന്തമാക്കിയതും ഈ പരമ്പരയില്‍ തന്നെ. അജിന്‍ക്യ രഹാനെയ്‌ക്കൊപ്പം തുടര്‍ച്ചയായ 3 ഓപ്പണിങ് കൂട്ടുകെട്ട് ഉണ്ടാക്കിയ രോഹിത് അങ്ങനെയും ഒരു ഇന്ത്യന്‍ റെക്കോര്‍ഡ് തീര്‍ത്തു. ഇതാദ്യമായിട്ട് ഓപ്പണര്‍മാര്‍ ഇന്ത്യയ്ക്ക് വേണ്ടി അടുപ്പിച്ച് 3 സെഞ്ചുറി കൂട്ടുകെട്ട് ഉണ്ടാക്കുന്നത്.