മുംബൈ: ഐപിഎല്‍ മുംബൈ ഇന്ത്യന്‍സിന്റെ ക്യാപ്റ്റനായ രോഹിത് ശര്‍മ ടി20യില്‍ 300 സിക്സറുകളടിക്കുന്ന ആദ്യ ഇന്ത്യക്കാരനായി. കഴിഞ്ഞദിവസം കിങ്സ് ഇലവന് പഞ്ചാബിനെതിരായ മത്സരത്തില്‍ ബൗളര്‍ മുജീബ് റഹ്മാന്റെ പന്ത് അതിര്‍ത്തിക്കപ്പുറത്തേക്ക് പായിച്ചാണ് രോഹിത്ത് അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കിയത്.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ 78 സിക്സറുകളും ഐപിഎല്ലില്‍ 183 സിക്സറുകളും ഉള്‍പ്പെടെയാണ് രോഹിത് 300 കടന്ന് ഹിറ്റ്മാന് എന്ന വിളിപ്പേര് അന്വര്‍ഥമാക്കിയത്. ചാമ്പ്യന്‍സ് ട്രോഫിയില്‍ 40 സിക്സുകള്‍ നേടിയ രോഹിത്ത് സയീദ് മുഷ്താഖ് അലി ട്രോഫി ക്രിക്കറ്റ് പോലുള്ള ആഭ്യന്തര ക്രിക്കറ്റിലും വമ്പന്‍ ഹിറ്റിനുള്ള പ്രതിഭ വെളിപ്പെടുത്തിയിരുന്നു.
അതേസമയം, വിന്‍ഡീസിന്റെ ക്രിസ് ഗെയില്‍ 844 സിക്സറുകളുമായി ബഹുദൂരം മുന്നിലാണ്. 290 സിക്സറുകള്‍ ഐപിഎല്ലില്‍ നിന്നുമാത്രം നേടിയ ഗെയില്‍ നേടിയിട്ടുണ്ട്. കീറോണ്‍ പൊള്ളാര്‍ഡ്(525), ബ്രണ്ടന്‍ മക്കുല്ലം(445), ഡ്വയിന്‍ സ്മിത്ത്(367), ഷെയ്ന് വാട്സണ്(357), ഡേവിഡ് വാര്‍ണര്‍ എന്നിവരാണ് രോഹിത്തിന് മുന്നിലുള്ള മറ്റു താരങ്ങള്‍.
ഐപിഎല്ലില്‍ 183 സിക്സറുകള്‍ നേടി ഗെയിലിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് രോഹിത്. എംഎസ് ധോണി, സുരേഷ് റെയ്ന എന്നിവര്‍ 180 എണ്ണം നേടിയപ്പോള്‍ 179 സിക്സറുകളുമായി എബി ഡിവില്ലിയേഴ്സും പിറകിലുണ്ട്. ഐപിഎല്‍ പതിനൊന്നാം സീസണില്‍ 11 സിക്സറുകളും 21 ബൗണ്ടറികളുമാണ് രോഹിത്തിന്റെ അക്കൗണ്ടിലുള്ളത്.