ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളാണ് വിരാട് കോലിയും രോഹിത് ശർമ്മയും. ഇരുവരും നിലവിൽ നടക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമല്ല. അതുകൊണ്ട് തന്നെ അവരുടെ ആരാധകർ പ്രതീക്ഷയോടെ നോക്കി കാണുന്നത് ഇരുവരുടെയും ഭാവി എന്താവും എന്നതാണ്. ഇക്കാര്യത്തിൽ ഇപ്പോൾ രോഹിത് ശർമ്മ മനസ് തുറന്നിരിക്കുകയാണ്. വരാനിരിക്കുന്ന ഏകദിന ലോകകപ്പിനെ കുറിച്ചാണ് രോഹിത് ശർമ്മ നിർണായക പ്രതികരണം നടത്തിയത്.
2027ലെ ഏകദിന ലോകകപ്പിൽ താൻ കളിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആരാധകർക്ക് ഉറപ്പ് നൽകിയിരിക്കുകയാണ് ഇപ്പോൾ. ക്രിക്കറ്റിന്റെ ഏറ്റവും മികച്ച ഫോർമാറ്റുകളിൽ ഒന്നായ 50 ഓവർ മത്സരങ്ങളുടെ ലോകകപ്പ് കിരീടം നേടുകയെന്നത് കുട്ടിക്കാലം മുതലുള്ള തന്റെ സ്വപ്‌നമാണെന്ന് അദ്ദേഹം വ്യക്തമാക്കി.

രണ്ട് ഫോർമാറ്റുകളിൽ നിന്ന് വിരമിച്ച ശേഷം രോഹിത്തും വിരാട് കോലിയും 50 ഓവർ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി. കോഹ്‌ലിയുടെ മികച്ച ഫോം 2027 ലോകകപ്പിൽ ടീം ഇന്ത്യയിൽ അദ്ദേഹത്തിന് സ്ഥാനമുറപ്പാക്കാൻ സാധ്യതയുണ്ട്. എന്നാൽ രോഹിത് ശർമ്മയുടെ കാര്യത്തിൽ ഇതുവരെയും ആരാധകർ പോലും ഉറപ്പ് പ്രതീക്ഷിച്ചിരുന്നില്ല. അതിനിടയിലാണ് രോഹിത് തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് വന്നിരിക്കുന്നത്.
ദക്ഷിണാഫ്രിക്കയാണ് വരാനിരിക്കുന്ന 2027 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത്. അവിടുത്തെ പിച്ചുകളുടെ ഉയർന്ന ബൗൺസും അപ്രതീക്ഷിത സ്വഭാവവും ഇന്ത്യയ്ക്ക് നിർണായകമാണ്. അതിനാൽ പരിചയസമ്പന്നരായ രോഹിത്-കോഹ്‌ലി സഖ്യം റൺസ് നേടാനും സാഹചര്യങ്ങളെ നേരിടാനും ഇന്ത്യക്ക് ആവശ്യമാണ് എന്നാണ് പലരും ചൂണ്ടിക്കാണിക്കുന്നത്.
ടെസ്‌റ്റ് ഫോർമാറ്റിൽ നിന്ന് വിരമിച്ച രോഹിത്, ഓസ്ട്രേലിയൻ ഏകദിന പരമ്പരയിലൂടെയാണ് ടീമിലേക്ക് മടങ്ങിയെത്തിയത്. 2025ലെ ഐസിസി ചാമ്പ്യൻസ് ട്രോഫിക്ക് ശേഷമുള്ള ഇന്ത്യയുടെ ആദ്യ 50 ഓവർ ഉഭയകക്ഷി പരമ്പരയായിരുന്നു ഇത്. തുടർന്ന് ഓസ്‌ട്രേലിയക്കെതിരെ സെഞ്ചുറിയും അർധ സെഞ്ചുറിയും നേടി രോഹിത് മികച്ച പ്രകടനം കാഴ്‌ചവെച്ചു.
ദക്ഷിണാഫ്രിക്കക്കെതിരെയും ചില അർധ സെഞ്ചുറികൾ താരം നേടി. എന്നാൽ ന്യൂസിലൻഡിനെതിരെ ഫോം കണ്ടെത്താനായില്ല. നിലവിലെ സാഹചര്യത്തിൽ രോഹിതിന്റെ 2027 ലോകകപ്പ് സ്ഥാനം പരിശീലകരും ബിസിസിഐ മുഖ്യ സെലക്റ്ററും ഉറപ്പ് നൽകിയിട്ടില്ല. പരിചയസമ്പന്നർക്കും കഴിവ് തെളിയിക്കണമെന്ന് അവർ നിർബന്ധമാക്കിയിട്ടുണ്ട്.
അതുകൊണ്ട് തന്നെ 2026ൽ ഇംഗ്ലണ്ട് പരമ്പരയടക്കം നിരവധി പരമ്പരകൾ രോഹിതിന് മുന്നിലുണ്ട്. വെല്ലുവിളികൾക്കിടയിലും, 40 വയസായിട്ടും 2027 ലോകകപ്പിൽ കളിക്കുമെന്ന് രോഹിത് ആരാധകർക്ക് ഉറപ്പ് നൽകിയതോടെ ഇത് കോച്ച് ഗൗതം ഗംഭീർ, മുഖ്യ സെലക്റ്റർ അജിത് അഗാർക്കർ എന്നിവരോടുള്ള വെല്ലുവിളിയാണോ അതോ മുന്നറിയിപ്പോ എന്നാണ് ചിലർ ഉന്നയിക്കുന്ന ചോദ്യം.