ടോപ് ഫൈവ് ടെസ്റ്റ് ബൗളിങ് നിരയ്‌ക്കെതിരേ കൂടുതല്‍ ശരാശരിയുള്ള ഇന്ത്യന്‍ ബാറ്റ്‌സ്മാനാര്? പട്ടിക ഇതാ
മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ബാറ്റിങ് കരുത്ത് പരീക്ഷിക്കപ്പെടുന്ന രണ്ട് പരമ്പരയാണ് മുന്നിലുള്ളത്. ഒന്ന് ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലാണെങ്കില്‍ രണ്ടാമത്തേത് ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സര ടെസ്റ്റ് പരമ്പരയാണ്. ഇംഗ്ലണ്ടിലാണ് മത്സരമെന്നതിനാല്‍ ഇന്ത്യയുടെ ബാറ്റിങ് നിരയ്ക്ക് വെല്ലുവിളികളേറെയാണ്. ഇന്ത്യയുടെ സീനിയര്‍ താരങ്ങളില്‍ മിക്കവരും ഇംഗ്ലണ്ടില്‍ കളിച്ച് പരിചയസമ്പത്തുള്ളവരാണ്. എങ്കിലും കരുത്തുറ്റ ബൗളിങ് നിരയുള്ള ഇംഗ്ലണ്ടും ന്യൂസീലന്‍ഡും ഇന്ത്യയെ വിറപ്പിക്കുമെന്ന് ഉറപ്പാണ്.
നിലവിലെ ഐസിസി ടെസ്റ്റ് ബൗളിങ് റാങ്കിങ്ങില്‍ പാറ്റ് കമ്മിന്‍സ്,നെയ്ല്‍ വാഗ്നര്‍,ജെയിംസ് ആന്‍ഡേഴ്‌സന്‍,ജോഷ് ഹെയ്‌സല്‍വുഡ്,ടിം സൗത്തി എന്നിവരാണുള്ളത്. ഈ ടോപ് അഞ്ച് ബൗളര്‍മാര്‍ക്കെതിരേ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ കൂടുതല്‍ ശരാശരിയുള്ള അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

രോഹിത് ശര്‍മ
ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയാണ് ഏറ്റവും കേമന്‍. സമീപകാലത്തായി ടെസ്റ്റിലും ഓപ്പണര്‍ സ്ഥാനം ഉറപ്പിച്ച രോഹിതിന്റെ ടോപ് അഞ്ച് ബൗളര്‍മാര്‍ക്കെതിരായ ശരാശരി 42.2 ആണ്.ഇക്കഴിഞ്ഞ ഇംഗ്ലണ്ടിനെതിരായ പരമ്പരയിലടക്കം തിളങ്ങാന്‍ രോഹിതിനായിരുന്നു. ടെസ്റ്റ് ഓപ്പണറെന്ന നിലയില്‍ രോഹിതിന്റെ ആദ്യ ഇംഗ്ലണ്ട് പരമ്പരയാണ് മുന്നിലുള്ളത്. അതിനാല്‍ പ്രകടനം കണ്ടറിയണം.

റിഷഭ് പന്ത്
ഇന്ത്യയുടെ യുവ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റിഷഭ് പന്താണ് രണ്ടാം സ്ഥാനത്ത്. 36.4 ആണ് ശരാശരി. ഓസ്‌ട്രേലിയയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയത് റിഷഭിന്റെ ബാറ്റിങ് കരുത്തിലാണ്. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് സെഞ്ച്വറി നേടിയ ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്താണ്. ഇത്തവണ ഇംഗ്ലണ്ട് പര്യടനം നടത്തുമ്പോഴും റിഷഭില്‍ പ്രതീക്ഷകളേറെ.

വിരാട് കോലി
ഇന്ത്യന്‍ നായകന്‍ വിരാട് കോലിയാണ് മൂന്നാം സ്ഥാനത്ത്. 34.4 ആണ് ശരാശരി. ഇക്കഴിഞ്ഞ ഇംഗ്ലണ്ട് പരമ്പരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഇന്ത്യയിലേതുപോലെ തന്നെ വിദേശ മൈതാനങ്ങളിലും മികച്ച ബാറ്റിങ് റെക്കോഡ് കോലിക്കുണ്ട്. എന്നാല്‍ കോലിയുടെ ബാറ്റില്‍ നിന്ന് ഒരു സെഞ്ച്വറി പിറന്നിട്ട് ഒന്നര വര്‍ഷത്തോളമായി. ഇത്തവണത്തെ ഇംഗ്ലണ്ട് പര്യടനത്തിലൂടെ ഈ കാത്തിരിപ്പ് അവസാനിക്കുമെന്നാണ് പ്രതീക്ഷ.

ചേതേശ്വര്‍ പുജാര
ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റും ബാറ്റിങ്ങിന്റെ നട്ടെല്ലുമാണ് ചേതേശ്വര്‍ പുജാര. രാഹുല്‍ ദ്രാവിഡിന്റെ വിടവ് നികത്തി ഇന്ത്യന്‍ ടീമിലേക്ക് എത്തിയ പുജാര പട്ടികയില്‍ നാലാം സ്ഥാനത്താണ്. 29.5 ആണ് പുജാരയുടെ ശരാശരി. ഇന്ത്യയുടെ അവസാന ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ടീമിനുവേണ്ടി ശക്തമായ പോരാട്ടം അദ്ദേഹം കാഴ്ചവെച്ചിരുന്നു.

രവീന്ദ്ര ജഡേജ
ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് അഞ്ചാം സ്ഥാനത്ത്. 26.3 ആണ് ജഡേജയുടെ ശരാശരി. പന്തുകൊണ്ടും ബാറ്റുകൊണ്ടും തിളങ്ങാന്‍ മിടുക്കനാണ് അദ്ദേഹം. സമീപകാലത്തായി ഗംഭീര ഫോമിലാണ് ജഡേജയുള്ളത്. മധ്യനിരയില്‍ എതിരാളികളുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് സ്‌കോര്‍ കെട്ടിപ്പടുക്കാന്‍ ജഡേജക്ക് പല തവണ സാധിച്ചിട്ടുണ്ട്. ഇംഗ്ലണ്ട് പര്യടനത്തിലെ ഇന്ത്യയുടെ നിര്‍ണ്ണായക താരമാണ് ജഡേജ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications