
'എന്റെ കരിയറിലേക്ക് നോക്കുമ്പോള്‍ ലോവര്‍ ഓഡറിലാണ് കൂടുതലും ബാറ്റ് ചെയ്തത്. എന്റെ കളിക്കണക്കുകളില്‍ ഒരു ബാറ്റിങ് പൊസിഷനില്‍ മൂന്ന് തവണയിലധികം ബാറ്റ് ചെയ്തത് വളരെ കുറവാണ്.എല്ലാ മൂന്നാമത്തെ ഇന്നിങ്‌സിലും എന്റെ ബാറ്റിങ് ഓഡറില്‍ മാറ്റമുണ്ടാവും. 46 മത്സരങ്ങള്‍ കളിച്ചപ്പോഴാണ് എനിക്ക് ആ സത്യം മനസിലാക്കാനായത്. 46 മത്സരങ്ങളും ഞാന്‍ ഒരു ബാറ്റിങ് പൊസിഷനിലാണ് കളിച്ചിരുന്നതെങ്കില്‍ 149,249 മത്സരങ്ങളെങ്കിലും എനിക്ക് കളിക്കാന്‍ സാധിക്കുമായിരുന്നു. എന്താണോ ടീമിന് ആവിശ്യം അത് ആ സമയത്ത് ചെയ്യാന്‍ എനിക്ക് സാധിച്ചിരുന്നു. എന്റെ ബാറ്റിങ്സ്ഥാനങ്ങളിലെ മാറ്റം ടീമിന് അത്യാവശ്യമായിരുന്നു. പക്ഷേ അത് എന്റെ കരിയറിനെ ബാധിച്ചു'-റോബിന്‍ ഉത്തപ്പ പറഞ്ഞു.

ഒരു കാലത്ത് ഇന്ത്യയുടെ ടോപ് ഓഡര്‍ ബാറ്റ്‌സ്മാനായിരുന്നു ഉത്തപ്പ. ഓപ്പണറെന്ന നിലയില്‍ ടീമിലേക്ക് എത്തിയ താരം പിന്നീട് മധ്യനിരയിലെ ഫിനിഷര്‍ റോളിലേക്കെത്തി. നാലാം നമ്പറിലും അഞ്ചാം നമ്പറിലുമെല്ലാം കളിച്ചിരുന്ന ഉത്തപ്പയ്ക്ക് ടീമില്‍ സ്ഥിരം ബാറ്റിങ് പൊസിഷനില്ലായിരുന്നു. ലഭിച്ച പൊസിഷനുകളിലെല്ലാം ഭേദപ്പെട്ട പ്രകടനം നടത്താന്‍ ഉത്തപ്പയ്ക്ക് സാധിച്ചെങ്കിലും ഒരു ബാറ്റിങ് പൊസിഷനില്‍ തിളങ്ങാത്തതിനാല്‍ ടീമിലെ സ്ഥാനം ഉറപ്പിക്കാനായില്ല.

42 ഏകദിന ഇന്നിങ്‌സുകളിലാണ് ഉത്തപ്പ കളിച്ചത്. ഇതില്‍ 16 ഇന്നിങ്‌സിലും ടോപ് ഓഡറിലായിരുന്നു. ഓപ്പണിങ്ങിലിറങ്ങി 408 റണ്‍സ് ഇന്ത്യന്‍ ജഴ്‌സിയില്‍ അദ്ദേഹം നേടി. ഇതില്‍ നാല് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ഏഴാം നമ്പറില്‍ എട്ട് ഇന്നിങ്‌സില്‍ നിന്ന് 185 റണ്‍സാണ് താരം നേടിയത്. മൂന്നാം നമ്പറില്‍ ഏഴ് ഇന്നിങ്‌സില്‍ നിന്ന് 144 റണ്‍സും താരം നേടിയിട്ടുണ്ട്. അഞ്ചാം നമ്പറില്‍ അഞ്ച് ഇന്നിങ്‌സും ആറാം നമ്പറില്‍ ആറ് ഇന്നിങ്‌സും അദ്ദേഹം കളിച്ചിട്ടുണ്ട്. എന്നാല്‍ ഒരിക്കല്‍ പോലും സെഞ്ച്വറി പ്രകടനം നടത്താന്‍ ഉത്തപ്പയ്ക്ക് സാധിച്ചിരുന്നില്ല.

2015ന് ശേഷം അദ്ദേഹം ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചിട്ടില്ല. എങ്കിലും ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും അദ്ദേഹം സജീവമാണ്. നിലവില്‍ കേരളത്തിനായാണ് അദ്ദേഹം ആഭ്യന്തര മത്സരം കളിക്കുന്നത്. 189 ഐപിഎല്ലില്‍ നിന്ന് 4607 റണ്‍സ് ഉത്തപ്പയുടെ പേരിലുള്ളത്. 2021ല്‍ സിഎസ്‌കെയുടെ താരമായിരുന്നു അദ്ദേഹം. കെകെആര്‍,രാജസ്ഥാന്‍ റോയല്‍സ്,പൂനെ വാരിയേഴ്‌സ്,മുംബൈ ഇന്ത്യന്‍സ്,ആര്‍സിബി ടീമുകള്‍ക്കെല്ലാം വേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ട്.


Click it and Unblock the Notifications











