റായ്പൂര്‍: ഇതിഹാസങ്ങള്‍ വീണ്ടും പാഡണിയുന്ന റോഡ് സേഫ്റ്റി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സിനെ പരാജയപ്പെടുത്തി ശ്രീലങ്ക ലെജന്‍ഡ്‌സ്. ഒമ്പത് വിക്കറ്റിനാണ് ശ്രീലങ്കയുടെ ഇതിഹാസങ്ങള്‍ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ലെജന്‍ഡ്‌സ് 18.5 ഓവറില്‍ 89 റണ്‍സിന് പുറത്തായപ്പോള്‍ 13.2 ഓവറില്‍ 1 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ശ്രീലങ്ക ലെജന്‍ഡ്‌സ് വിജയം സ്വന്തമാക്കുകയായിരുന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയെ ശ്രീലങ്കന്‍ ബൗളര്‍മാര്‍ നാണംകെടുത്തി. പ്രതിഭ മങ്ങാത്ത ലങ്കയുടെ ബൗളിങ് നിര ദക്ഷിണാഫ്രിക്കയുടെ ഓപ്പണര്‍മാരായ ലൂട്‌സ് ബോസ്മാന്‍, അല്‍വിറോ പീറ്റേഴ്‌സന്‍ എന്നിവരെ അക്കൗണ്ട് തുറക്കും മുമ്പെ മടക്കി. ആന്‍ഡ്രൂ പുട്ടിക്കിന്റെ (46 പന്തില്‍ 39) ബാറ്റിങ്ങാണ് വലിയ നാണക്കേടിന്റെ നിന്ന് ദക്ഷിണാഫ്രിക്കയെ രക്ഷിച്ചത്. നാല് ഫോര്‍ അദ്ദേഹം നേടി. ക്യാപ്റ്റന്‍ ജോണ്ടി റോഡ്‌സ് 5 പന്തില്‍ 2 റണ്‍സ് നേടിയപ്പോള്‍ ജസ്റ്റിന്‍ കെംപ് 9 പന്തില്‍ 7 റണ്‍സുമായി പുറത്തായി.
എട്ട് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് രണ്ടക്കം കാണാനായില്ല. ശ്രീലങ്കയ്ക്കായി പന്തെറിഞ്ഞ എല്ലാവരും വിക്കറ്റ് നേടി. സനത് ജയസൂര്യ, രങ്കണ ഹരാത്ത്, നുവാന്‍ കുലശേഖര എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ തിലകര്തന ദില്‍ഷന്‍, ധമിക്ക പ്രസാദ്, അജിന്ത മെന്‍ഡിസ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. നാല് ഓവറില്‍ 11 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് നേടിയ ഹെരാത്താണ് കളിയിലെ താരം.

മറുപടിക്കിറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണര്‍ സനത് ജയസൂര്യയുടെ (8) വിക്കറ്റ് മാത്രമാണ് നഷ്ടമായത്. 9 പന്തില്‍ നേരിട്ട് രണ്ട് ബൗണ്ടറിയടക്കം നേടിയ ജയസൂര്യയെ ക്രൂഗര്‍ ക്ലീന്‍ബൗള്‍ഡ് ചെയ്യുകയായിരുന്നു. ദില്‍ഷന്റെ ബാറ്റിങ്ങാണ് (40 പന്തില്‍ 50) ടീമിന് അനായാസ ജയം സമ്മാനിച്ചത്. ഏഴ് ഫോറുകളാണ് ദില്‍ഷന്‍ നേടിയത്. പഴയ ആക്രമണകാരിയായ ദില്‍ഷന്റെ ബാറ്റിങ്ങില്‍ നിന്ന് വ്യത്യസ്തമായി അല്‍പ്പം പക്വതയോടെയാണ് അദ്ദേഹം കളിച്ചത്. ഉപുല്‍ തരംഗ 31 പന്തില്‍ 27 റണ്‍സുമായി പുറത്താവാതെ നിന്നു. അഞ്ച് ബൗണ്ടറികളാണ് തരംഗ നേടിയത്.
ഇന്ന് ആരാധകരെ ആവേശത്തിലാഴ്ത്താന്‍ വമ്പന്‍ മത്സരമാണ് നടക്കുന്നത്. ഇന്ത്യന്‍ ലെജന്‍ഡ്‌സും ഇംഗ്ലണ്ട് ലെജന്‍ഡ്‌സും തമ്മിലാണ് മത്സരം. ഇന്ത്യന്‍ നിരയെ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് നയിക്കുന്നത്. സച്ചിന്‍, സെവാഗ്, യുവരാജ് സിങ്, ഇര്‍ഫാന്‍ പഠാന്‍, മുനാഫ് പട്ടേല്‍, മുഹമ്മദ് കൈഫ്, സഞ്ജയ് ബംഗാര്‍, അജിത് അഗാര്‍ക്കര്‍, മന്‍പ്രീത് ഗോണി തുടങ്ങിയവരെല്ലാം ഇന്ത്യന്‍ നിരയിലുണ്ട്. ഇംഗ്ലണ്ട് നിരയില്‍ കെവിന്‍ പീറ്റേഴ്‌സണും കളിക്കുന്നുണ്ട്.