വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോക സീരീസ്: നിറഞ്ഞാടി സച്ചിൻ, കത്തിക്കയറി വീരു — ഇന്ത്യാ ലെജൻഡ്സിന് തകർപ്പൻ ജയം

മുംബൈ: വാംഖഡേയിൽ സച്ചിനും വീരുവും കത്തിക്കയറിയപ്പോൾ ഇന്ത്യാ ലെജൻഡ്സിന് അനായാസ ജയം. ബ്രയാൻ ലാറയുടെ വെസ്റ്റ് ഇൻഡീസ് ലെജൻഡ്സ് ഉയർത്തിയ 151 റൺസ് വിജയലക്ഷ്യം ഏഴു വിക്കറ്റിന് സച്ചിന്റെ ടീം മറികടന്നു. മത്സരത്തിൽ വീരേന്ദർ സെവാഗ് അർധ സെഞ്ച്വറി തികച്ചു. 57 പന്തിൽ 74 റൺസാണ് വീരുവിന്റെ സംഭാവന. സച്ചിൻ 29 പന്തിൽ 36 റൺസ് കുറിച്ചു.

തുടക്കം

സച്ചിനും സെവാഗും ചേർന്നാണ് ഇന്ത്യാ ലെജൻഡ്സിനായി ബാറ്റിങ് ആരംഭിച്ചത്. നേരിട്ട ആദ്യ രണ്ടു പന്തും ഫോറടിച്ച സെവാഗ് പ്രതാപകാലം ഓർമ്മപ്പെടുത്തി. ആദ്യത്തെ ഫോർ ഡീപ് സ്ക്വയറിലേക്ക്. രണ്ടാമത്തേത് കവറിലേക്കും. വാംഖഡേ ഇരമ്പിയാർത്തു ഈ നിമിഷത്തിൽ. പെട്രോ കോളിൻസായിരുന്നു ഇവിടെ സെവാഗിന്റെ ഇര.

ഗംഭീര പ്രകടനം

ഒരറ്റത്ത് സെവാഗ് കത്തിക്കയറിയപ്പോൾ സച്ചിനും അടങ്ങിയിരുന്നില്ല. രണ്ടാം ഓവറിലാണ് സച്ചിന്റെ ആദ്യ ബൗണ്ടറി. ക്രീസിൽ നിന്നും ഒരുചുവടിറങ്ങിയ മാസ്റ്റർ ബ്ലാസ്റ്റർ പോയിന്റിൽ നിലയറുപ്പിച്ച ഫീൽഡറിന് മുകളിലൂടെ പന്തിനെ അതിർത്തി കടത്തി. തൊട്ടടുത്ത പന്തിൽ കോളിൻസിനെ ഫൈൻ ലെഗിലൂടെയും സച്ചിൻ ഫോറടിച്ചു. ഇതേസമയം, മൂന്നാം ഓവറിലെ ആദ്യ പന്തിൽ സച്ചിന്റെ ക്യാച്ച് പിടിച്ചടക്കാൻ ഹൂപ്പറിനോ കീപ്പർ ജേക്കബ്സിനോ കഴിഞ്ഞില്ല.

സച്ചിന്റെ മടക്കം

തുടർന്നങ്ങോട്ട് സച്ചിൻ - വീരു ജോടിയുടെ വാഴ്ച്ചയാണ് ആരാധകർ കണ്ടത്. മൈതാനത്ത് തലങ്ങനെയും വിലങ്ങനെയും പന്തുകൾ പാഞ്ഞു. പത്തോവറിൽ ഇരുവരും ചേർന്ന് 83 റൺസ് ടീമിനായി പൂർത്തിയാക്കി. ഇതേസമയം പത്താം ഓവറിൽ സച്ചിൻ പുറത്തായതാണ് ഇന്ത്യാ ലെജൻഡ്സിനേറ്റ ആദ്യ തിരിച്ചടി.

ബെന്നിനെ ഡ്രൈവ് ചെയ്യാനുള്ള ശ്രമത്തിനിടെ സച്ചിന്റെ ബാറ്റിലുരസി പന്ത് കീപ്പറുടെ കൈകളിൽ എത്തുകയായിരുന്നു. മൂന്നാം നമ്പറിൽ കൈഫാണ് ക്രീസിൽ വന്നത്.

വിൻഡീസ് പിടിമുറുക്കി

സച്ചിൻ മടങ്ങിയതോടെ ഇന്ത്യൻ സ്കോർബോർഡ് അൽപ്പം ഇഴഞ്ഞെങ്കിൽ ലക്ഷ്യം കൈപ്പിടിയിൽ നിന്നകലാതിരിക്കാൻ സെവാഗ് ശ്രദ്ധിച്ചു. കരുതലോടെ ബാറ്റുചെയ്ത ഇന്ത്യ 14 ആം ഓവറിലാണ് നൂറു പിന്നിട്ടത്.

ഹൂപ്പറിന്റെ പന്തിൽ വമ്പനടിക്ക് മുതിർന്നതായിരുന്നു മുഹമ്മദ് കൈഫ് (14 പന്തിൽ 16). എന്നാൽ ഷോട്ടു പിഴച്ചു. ഹയാറ്റിന് ക്യാച്ച് നൽകി താരം തിരിച്ചുകയറി. തൊട്ടുപിന്നാലെ ക്രീസിലെത്തിയ മൻപ്രീത് ഗോണിയെയും (ഒരു പന്തിൽ പൂജ്യം) ഹൂപ്പർ മടക്കിയതോടെ വിൻഡീസ് മത്സരത്തിൽ ശക്തമായി പിടിമുറുക്കി.

വിൻഡീസ് ഇന്നിങ്സ്

എന്തായാലും അവസാന ഓവറുകളിൽ സെവാഗും യുവരാജും അനായാസം ബൗണ്ടറികളും സിക്സും കണ്ടെത്തിയതോടെ ഇന്ത്യാ ലെജൻഡ്സ് വിജയതീരം കണ്ടു. നേരത്തെ, വാംഖഡേയിൽ ആദ്യം ബാറ്റു ചെയ്ത വെസ്റ്റ് ഇൻഡീസ് ലെജൻഡ്സ് 150 റൺസിൽ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു. ശിവ്നരെയ്ൻ ചന്ദർപോളിന്റെ വെടിക്കെട്ട് ബാറ്റിങ്ങാണ് വിൻഡീസ് സ്കോർബോർഡിന് നെടുംതൂണായത്. വിൻഡീസ് നിരയിൽ ചന്ദർപോൾ അർധ സെഞ്ച്വറി പൂർത്തിയാക്കി (41 പന്തിൽ 61).

ആദ്യ വിക്കറ്റ്

ഇന്ത്യാ ലെജൻഡ്സിനായി ഏഴു പേരാണ് പന്തെടുത്തത്; എട്ടു വിക്കറ്റുകളും വീണു. മത്സരത്തിൽ പ്രഗ്യാൻ ഓജയ്ക്കും സഹീർ ഖാനും മുനാഫ് പട്ടേലിനും രണ്ടു വിക്കറ്റ് വീതമുണ്ട്. ഇർഫാൻ പഠാൻ ഒരു വിക്കറ്റു കുറിച്ചു. സഹീർ ഖാനാണ് ആദ്യ ഓവറിന് തുടക്കമിട്ടത്. വിൻഡീസിനായി ഓപ്പൺ ചെയ്തതാകട്ടെ ഡാരൻ ഗംഗയും ചന്ദർപോളും. ഏഴാം ഓവറിലാണ് ആദ്യ വിക്കറ്റ് ഇന്ത്യ കൈക്കലാക്കുന്നത്. സഹീർ ഖാന്റെ ഇൻസ്വിങ്ങിൽ ഡാരൻ ഗംഗയുടെ (24 പന്തിൽ 32) സ്റ്റംപ് തെറിച്ചു. ബാറ്റിൽത്തട്ടിയ പന്ത് സ്റ്റംപിലേക്ക് ചെന്നുകയറുകയായിരുന്നു.

തകർത്താടി ലാറ

ശേഷമെത്തിയ ലാറ തുടക്കത്തിലെ ഉദ്ദേശ്യം വ്യക്തമാക്കി. സഹീർ ഖാനെ തുടരെ അതിർത്തി പായിച്ചാണ് ലാറയുടെ രംഗപ്രവേശം. എട്ടാം ഓവറിൽ സ്പെൽ തുടങ്ങിയ ഇർഫാൻ പഠാനും ലാറയുടെ ബാറ്റിന്റെ ചൂടറിഞ്ഞു. എന്നാൽ ഇതേ ഓവറിൽ ലാറയെ തിരിച്ചയച്ചു പഠാൻ. ക്രീസിൽ നിന്നും ഇറങ്ങി ആക്രമിക്കാൻ ശ്രമിച്ച ലാറുടെ കണക്കുകൂട്ടൽ തെറ്റി. സമീർ ദീഗെ വിൻഡീസ് ഇതിഹാസത്തെ സ്റ്റംപ് ചെയ്തു. 15 പന്തിൽ നാലു ഫോറടക്കം 17 റൺസാണ് ബ്രയാൻ ലാറ കുറിച്ചത്.

തുടരെ വിക്കറ്റുകൾ

നാലാം നമ്പറിൽ കടന്നുവന്ന ഹയാറ്റിന് ഏറെ ആയുസ്സുണ്ടായില്ല. 13 ആം ഓവറിൽ താരം മടങ്ങുമ്പോൾ 12 പന്തിൽ 16 റൺസ് മാത്രമായിരുന്നു സമ്പാദ്യം. ഇതേസമയം, മത്സരത്തിലെ ആദ്യ സിക്സ് ഹയാറ്റിന്റെ വകയായി പിറന്നു. ഓജയ്ക്കാണ് ഹയാറ്റിന്റെ വിക്കറ്റ്.

15 ആം ഓവറിൽ ഓജയിലൂടെ തന്നെ ഇന്ത്യാ ലെജൻഡ്സ് നാലാമത്തെ വിക്കറ്റും സ്വന്തമാക്കി. ഓജയെ ഉയർത്തിയടിക്കാനുള്ള ഹൂപ്പറിന്റെ ശ്രമം ക്യാച്ചിൽ കലാശിക്കുകയായിരുന്നു. എട്ടു പന്തിൽ രണ്ടു റൺസ് മാത്രമാണ് ഇദ്ദേഹം നേടിയത്.

ചന്ദർപോളും വീണു

16 ആം ഓവറിലെ രണ്ടാം പന്തിലാണ് അടുത്ത വിക്കറ്റ്. അഞ്ചാമനായെത്തിയ പവലിനെ മുനാഫ് പട്ടേൽ പുറത്താക്കി. സഹീർ ഖാന്റെ ഒറ്റക്കയ്യൻ ക്യാച്ചാണ് പവലിനെ (രണ്ടു പന്തിൽ ഒരു റൺസ്) തിരിച്ചയച്ചത്.

അവസാന ഓവറുകളിൽ ചന്ദർപോൾ ആഞ്ഞടിച്ചെങ്കിലും മറുഭാഗത്ത് വിക്കറ്റുകൾ കൊഴിഞ്ഞുവീഴുകയായിരുന്നു. ഒടുവിൽ 18 ആം ഓവറിലെ ആദ്യ പന്തിൽ ചന്ദർപോളും വീണു. മുനാഫ് പട്ടേലിന്റെ പന്തിൽ കീപ്പർ ദീഗെയ്ക്ക് അനായാസ ക്യാച്ച് നൽകിയാണ് ചന്ദർപോളിന്റെ മടക്കം.

അന്തിമ ഇലവൻ

വീരേന്ദർ സെവാഗ്, യുവരാജ് സിങ്, മുഹമ്മദ് കൈഫ്, ഇർഫാൻ പഠാൻ തുടങ്ങിയ മുൻകാല ഇതിഹാസങ്ങളുമായാണ് ആദ്യ മത്സരത്തിന് സച്ചിൻ ഇറങ്ങിയത്. മറുപക്ഷത്ത് ചന്ദർപോൾ, ഡാരൻ ഗംഗ, റിക്കാർഡോ പവൽ തുടങ്ങിയ വമ്പൻ താരങ്ങൾ ലാറയുടെ ടീമിലും അണിനിരന്നു. ഇരു ടീമുകളുടെയും അന്തിമ ഇലവൻ ചുവടെ കാണാം.

ഇന്ത്യാ ലെജന്‍ഡ്‌സ്: സച്ചിൻ ടെണ്ടുൽക്കർ (നായകൻ), വീരേന്ദർ സെവാഗ്, മുഹമ്മദ് കൈഫ്, സമീർ ദീഗെ (വിക്കറ്റ് കീപ്പർ), യുവരാജ് സിങ്, ഇർഫാൻ പഠാൻ, സഹീർ ഖാൻ, മുനാഫ് പട്ടേൽ, പ്രഗ്യാൻ ഓജ, സെയ്റാജ് ബാട്ടുലെ, മൻപ്രീത് ഗോണി.

വെസ്റ്റ് ഇൻഡീസ് ലെജന്‍ഡ്‌സ്: ബ്രയാൻ ലാറ (നായകൻ), ശിവ്നരെയ്ൻ ചന്ദർപോൾ, റിക്കാർഡോ പവൽ, ഡാരൻ ഗംഗ, റിഡ്ലി ജേക്കബ്സ് (വിക്കറ്റ് കീപ്പർ), കാൾ ഹൂപ്പർ, ഡാൻസ ഹയാറ്റ്, പെട്രോ കോളിൻസ്, സുലെയ്മാൻ ബെൻ, ദിനാന്ത് രാംനരെയ്ൻ, ടിനോ ബെസ്റ്റ്.

Story first published: Sunday, March 8, 2020, 14:24 [IST]
Other articles published on Mar 8, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X