മുംബൈ: ലോക ക്രിക്കറ്റിലെ മുന്‍ ഇതിഹാസ താരങ്ങളുടെ പ്രകടനം പാതിവഴിയില്‍ നിര്‍ത്തി. കൊറോണ വൈറസ് ഭീഷണിയെ തുടര്‍ന്ന് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന റോഡ് സുരക്ഷാ ലോക സീരീസ് ടി20 ടൂര്‍ണമെന്റിലെ ശേഷിച്ച മല്‍സരങ്ങള്‍ മാറ്റിവയ്ക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. മഹാരാഷ്ട്രയില്‍ കൂടുതല്‍ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണ് ഈ തീരുമാനം. ബുധനാഴ്ച വരെ സംസ്ഥാനത്തു 10 പേര്‍ക്കു കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു.
ഇന്ത്യ, ഓസ്ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ അഞ്ചു രാജ്യങ്ങളില്‍ നിന്നുള്ള മുന്‍ ഇതിഹാസങ്ങളായിരുന്നു ടൂര്‍ണമെന്റി്ല്‍ അണിനിരന്നത്. ഇന്ത്യന്‍ ലെജന്റസിന്റെ ക്യാപ്റ്റന്മുന് ബാറ്റിങ് ഇതിഹാസം സച്ചിന് ടെണ്ടുല്‍ക്കറായിരുന്നു. ശ്രീലങ്ക ലെജന്റ്സിനെ തിലകരത്നെ ദില്‍ഷനും വെസ്റ്റ് ഇന്‍ഡീസ് ലെജന്റ്സിനെ ബ്രയാന്‍ ലാറയും ദക്ഷിണാഫ്രിക്ക ലെജന്റ്സിനെ ജോണ്ടി റോഡ്സും ഓസ്ട്രേലിയ ലെജന്റ്സിനെ ബ്രാഡ് ഹാഡിനുമായിരുന്നു നയിച്ചത്. മാര്‍ച്ച് ഏഴിന് ഇന്ത്യ ലെജന്റ്സും വിന്‍ഡീസ് ലെജന്റ്സും തമ്മിലായിരുന്നു ഉദ്ഘാടന മല്‍സരം. കളിയില്‍ ഇന്ത്യ ഏഴു വിക്കറ്റിന്റെ തകര്‍പ്പന്‍ വിജയം കൊയ്തിരുന്നു.
ഫ്രാഞ്ചൈസുകളുടെ വജ്രായുധങ്ങള്‍; ടീമിലെ ഒറ്റയാന്മാര്, ഇവരാണ് അവര്‍
ടൂര്‍ണമെന്റിലെ ബാക്കിയുള്ള മല്‍സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ നടത്താന്‍ ബുധനാഴ്ച തീരുമാനമെടുത്തിരുന്നു. എന്നാല്‍ സംസ്ഥാനത്ത് കൂടുതല്‍ കൊറോണ ബാധ സ്ഥിരീകരിച്ചതോടെ ടൂര്‍ണമെന്റ് തല്‍ക്കാലത്തേക്കു നീട്ടി വയ്ക്കുകയായിരുന്നു. താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് ടൂര്‍ണമെന്റ് നീട്ടി വച്ചിരിക്കുന്നത്. കളിക്കുമായി നടത്തിയ ചര്‍ച്ചയ്ക്കൊടുവിലാണ് ടൂര്‍ണമെന്റ് നീട്ടി വയ്ക്കാന്‍ ധാരണയായത്. മേയിലോ, ഒക്ടോബറിലോ ആയിരിക്കും ഇനി ടൂര്‍ണമെന്റാണ് സൂചന. കളിക്കാരുടെ കൂടി ലഭ്യത പരിഗണിച്ചായിരിക്കും തിയ്യതി തീരുമാനിക്കുക. ടൂര്‍ണമെന്റ് മാറ്റി വയ്ക്കാനുള്ള തീരുമാനത്തെ ഇന്ത്യ ലെജന്റ്സ് നായകന് സച്ചിന് സ്വാഗതം ചെയ്തു. നിലവിലെ അടിയന്തര സാഹചര്യം പരിഗണിക്കുമ്പോള്‍ ഏറ്റവും ഉചിതമായ തീരുമാനം തന്നെയാണിതെന്നും സച്ചിന് ചൂണ്ടിക്കാട്ടി.
പൊതുജനങ്ങളുടെ സുരക്ഷയും കേന്ദ്ര ആരോഗ്യ മന്ത്രാലയം നല്‍കിയിട്ടുള്ള ഉപദേസവും പരിഗണിച്ചാണ് സംഘാടക സമിതി ഐകകണ്ഠേന ടൂര്‍ണമെന്റ് മാറ്റി വയ്ക്കാനുള്ള തീരുമാനം കൈക്കൊണ്ടതെന്നു റോഡ് സീരീസ് ടൂര്‍ണമെന്റിന്റെ ഒരു മുതിര്‍ന്ന വക്താവ് ദേശീയ മാധ്യമത്തോടു പ്രതികരിച്ചു. ടൂര്‍ണമെന്റില്‍ ഇനി ഏഴു മല്‍സരങ്ങളാണ് ശേഷിക്കുന്നത്. പൂനെയിലെ എംഎസിഎ സ്റ്റേഡിയത്തിലായിരുന്നു തുടക്കത്തില്‍ മല്‍സരങ്ങള്‍ നടന്നിരുന്നത്. എന്നാല്‍ പിന്നീട് ഇവ നാവി മുംബൈയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലേക്കു മാറ്റുകയായിരുന്നു.