സിഡ്‌നി: 2015 ലോകകപ്പില്‍ ബൗളര്‍മാര്‍ ഏറ്റവും കൂടുതല്‍ പേടിക്കുന്നത് ആരെ? ഇന്ത്യയുടെ വിരാട് കോലിയോ ദക്ഷിണാഫ്രിക്കയുടെ എ ബി ഡിവില്ലിയേഴ്‌സോ വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്‌ലോ ആണോ. അല്ല എന്നാണ് ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍ പറയുന്നത്. അത് കുമാര്‍ സങ്കക്കാരയാണ്. വെറുതെയല്ല മുരളി ഇത് പറയുന്നത്. കൃത്യമായ കണക്കുകളുടെ പിന്‍ബലത്തോടെയാണ്.
വിരാട് കോലി ഇതുവരെ അടിച്ചത് ഒരു സെഞ്ചുറി. ഡിവില്ലിയേഴ്‌സും ഒന്ന്. ക്രിസ് ഗെയ്‌ലാകട്ടെ ഒരു ഡബിള്‍ സെഞ്ചുറിയല്ലാതെ എടുത്തുപറയാന്‍ മറ്റൊന്നും ചെയ്തിട്ടില്ല. എന്നാല്‍ കുമാര്‍ സങ്കക്കാര അങ്ങനെയല്ല, സെഞ്ചുറിയോട് സെഞ്ചുറിയാണ്. ഒന്നും രണ്ടുമല്ല മൂന്ന് സെഞ്ചുറികളാണ് സങ്ക ഇതുവരെ അടിച്ചത്. അതും അടുപ്പിച്ച് അടുപ്പിച്ച്.

ലോകകപ്പില്‍ അടുപ്പിച്ച് മൂന്ന് സെഞ്ചുറികള്‍ എന്ന അത്യപൂര്‍വ്വ റെക്കോര്‍ഡിന് ഉടമയാണ് സങ്ക ഇപ്പോള്‍. 5 കളികളില്‍ നിന്നും 372 റണ്‍സോടെ സങ്കക്കാര തന്നെയാണ് സ്‌കോറിങിലും മുന്നില്‍. ശരാശരി 124, സ്‌ട്രൈക്ക് റേറ്റ് 116. രണ്ടാമതുള്ള ഡിവില്ലിയേഴ്‌സിന് 318 റണ്‍സുണ്ട്. എന്നാല്‍ പട്ടികയില്‍ വിരാട് കോലി വളരെ താഴെയാണ്. 4 കളിയില്‍ 219 റണ്‍സെടുത്ത കോലിക്ക് മുന്നില്‍ അയര്‍ലന്‍ഡിന്റെയും യു എ ഇയുടെയും സ്‌കോട്‌ലന്‍ഡിന്റെയും വരെ കളിക്കാരുണ്ട്.
ഓസ്‌ട്രേലിയയ്‌ക്കെതിരെ 377 റണ്‍സിന്റെ വിജയലക്ഷ്യം ധീരമായി പിന്തുടര്‍ന്ന ശ്രീലങ്കയെ മുരളിധരന്‍ അഭിനന്ദിച്ചു. സങ്കക്കാരയുടെ സെഞ്ചുറി മികവില്‍ ലങ്ക 312 വരെ എത്തിയിരുന്നു. സങ്കക്കാരയാണ് ഇപ്പോള്‍ ലോകത്തെ ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാനെന്നും 1996 ല്‍ ലോകകപ്പ് നേടിയ ടീമില്‍ അംഗമായ മുത്തയ്യ മുരളിധരന്‍ പറഞ്ഞു.