അഹമ്മദാബാദ്: നിലവില്‍ ലോക ക്രിക്കറ്റിലെ ഏറ്റവും രസികനായ വിക്കറ്റ് കീപ്പര്‍ താന്‍ തന്നെയാണെന്നു വീണ്ടും തെളിയിച്ച് ഇന്ത്യന്‍ യുവതാരം റിഷഭ് പന്ത്. വിക്കറ്റിന് പിന്നില്‍ നിരന്തരം സംസാരിച്ചുകൊണ്ടും പാട്ടു പാടിയുമെല്ലാം എതിര് ബാറ്റ്സ്മാന്മാരുടെ ഏകാഗ്രത നഷ്ടപ്പെടുത്തുന്നത് പന്തിന്റെ ഹോബിയാണ്. നേരത്തേ പല മല്‍സരങ്ങളിലും പന്തിന്റെ ഇത്തരം 'കുസൃതികള്‍' സ്റ്റംപ് മൈക്കിലൂടെ ലോകം കേട്ടിരുന്നു.
ഇപ്പോഴിതാ ഇംഗ്ലണ്ടിനെതിരേ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്റ്റേഡിയത്തില്‍ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റിന്റെ ആദ്യദിനത്തിലും പന്തിന്റെ രസകരമായ വീഡിയോ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കുകയാണ്. ഇംഗ്ലീഷ് ഓപ്പണര്‍ സാക്ക് ക്രോളിയുടെ വിക്കറ്റ് ഇന്ത്യക്കു സമ്മാനിച്ചതും പന്തിന്റെ പ്രകോപനമായിരുന്നു. ഈ വീഡിയോയാണ് ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുത്തിരിക്കുന്നത്.
അക്ഷര്‍ പട്ടേലിനെതിരേ ക്രോളി ബാറ്റ് ചെയ്യവെ ചിലര്‍ക്കു ദേഷ്യം പിടിക്കുന്നുണ്ട്, ചിലര്‍ക്കു ദേഷ്യം പിടിക്കുന്നുണ്ടെന്നു പന്ത് വിളിച്ചുപറയുന്നത് സ്റ്റംപ് മൈക്കിലൂടെ വ്യക്തമായി കേള്‍ക്കാം. ഹിന്ദിയിലല്ല, മറിച്ച് ക്രോളി കൂടി കേള്‍ക്കണമെന്ന ഉദ്ദേശത്തോടെ തന്നെ ഇംഗ്ലീഷിലാണ് പന്ത് ഇങ്ങനെ വിളിച്ചുപറയുന്നത്. പന്തിന്റെ വാക്കുകള്‍ പിഴച്ചില്ല, തൊട്ടടുത്ത ബോളില്‍ തന്നെ ക്രോളി ക്രീസിന് പുറത്തേക്ക് ഇറങ്ങി വന്ന് ഷോട്ടിനു ശ്രമിച്ച് ഇന്ത്യക്കു രണ്ടാം വിക്കറ്റ് സമ്മാനിച്ചു.
കളിയുടെ എട്ടാം ഓവറിലായിരുന്നു ക്രോളി പുറത്തായത്. അക്ഷറിന്റെ ഓവറിലെ ആദ്യബോളില് ബൗണ്ടറിയുമായാണ് താരം തുടങ്ങിയത്. എന്നാല്‍ തുടര്‍ന്നുള്ള മൂന്നു ബോളുകളിലും ക്രോളിക്കു റണ്ണെടുക്കാനായില്ല. ഇതോടെ അസ്വസ്ഥനായി താരം കാണപ്പെട്ടതോടെയായിരുന്നു ചിലര്‍ക്കു ദേഷ്യം പിടിക്കുന്നുണ്ടെന്നു പറഞ്ഞുകൊണ്ടുള്ള പന്തിന്റെ സ്ലെഡ്ജിങ്. അഞ്ചാമത്തെ ബോളില്‍ ക്രോളി ഈ കെണിയില്‍ വീഴുകയും ചെയ്തു. വമ്പന്‍ ഷോട്ടിനു ശ്രമിച്ച ക്രോളിയെ മിഡ്ഓഫില്‍ മുഹമ്മദ് സിറാജ് സിംപിള്‍ ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. 30 ബോളില്‍ ഒരു ബൗണ്ടറിയോടെ ഒമ്പത് റണ്‍സാണ് ഇംഗ്ലീഷ് ഓപ്പണര്‍ നേടയിത്.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് ആദ്യ സെഷനില്‍ 19 ഓവര്‍ കഴിഞ്ഞപ്പോള്‍ മൂന്നു വിക്കറ്റിന് 61 റണ്‍സെടുത്തിട്ടുണ്ട്. ജോണി ബെയര്‍സ്റ്റോയും (22) ബെന്‍ സ്റ്റോക്സുമാണ് (17) ക്രീസില്‍. ക്രോളി (9), ഡൊമിനിക്ക് സിബ്ലി (2), നായകന് ജോ റൂട്ട് (5) എന്നിവരാണ് പുറത്തായത്. അക്ഷര്‍ പട്ടേലിനു രണ്ടു വിക്കറ്റ് ലഭിച്ചപ്പോള്‍ മുഹമ്മദ് സിറാജ് ഒരു വിക്കറ്റെടുത്തു.