നിദാഹാസ് ഫ്‌ളോപ്പില്‍ നിന്നും നാഗ്പൂര്‍ ഹീറോയിലേക്ക്... ശങ്കറിന്റെ തിരിച്ചുവരവ്, ദ്രാവിഡിന് നന്ദി

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കണ്ടെത്തലായി മാറിയിരിക്കുകയാണ് തമിഴ്‌നാട്ടില്‍ നിന്നുള്ള ഓള്‍റൗണ്ടര്‍ വിജയ് ശങ്കര്‍. ഓരോ മല്‍സരം കഴിയുന്തോറും ടീമില്‍ തന്റെ സ്ഥാനം ഉറപ്പിച്ചു കൊണ്ടിരിക്കുകയാണ് അദ്ദേഹം. ഒരു മുന്‍നിര ബാറ്റ്‌സമാന് വേണ്ടി സാങ്കേതികത്തികവുള്ള ശങ്കറിന്റെ ബൗളിങാണ് മെച്ചപ്പെടാനുള്ളത്. ഓസ്‌ട്രേലിയക്കെതിരേ നാഗ്പൂരില്‍ നടന്ന ഏകദിനത്തില്‍ 46 റണ്‍സും അവസാന ഓവറില്‍ രണ്ടു വിക്കറ്റുമെടുത്ത് ശങ്കര്‍ ഓള്‍റൗണ്ട് പ്രകടനം ന്ടത്തിയിരുന്നു. ഹര്‍ദിക് പാണ്ഡ്യക്കു പോലും ഭീഷണിയുയര്‍ത്തുന്ന താരമെന്ന നിലയിലേക്കു വളരുകയാണ് അദ്ദേഹം.
കഴിഞ്ഞ വര്‍ഷം നടന്ന നിദാഹാസ് ടി20 ടൂര്‍ണമെന്റിലൂടെയായിരുന്നു ശങ്കറിന്റെ അരങ്ങേറ്റം. ബംഗ്ലാദേശിനെതിലായ ഫൈനലിലെ മോശം പ്രകടനത്തെ തുടര്‍ന്ന് അന്ന് അദ്ദേഹം പഴി കേട്ടിരുന്നു. വെടിക്കെട്ട് ഇന്നിങ്‌സാണ് ശങ്കറില്‍ നിന്നും ടീം പ്രതീക്ഷിച്ചതെങ്കിലും 19 പന്തില്‍ 17 റണ്‍സാണ് നേടാനായത്. ഫൈനലില്‍ കാര്‍ത്തികിന്റെ ഹീറോയിസം ഇന്ത്യയെ ജയിപ്പിച്ചെങ്കിലും സ്ലോ ബാറ്റിങിന്റെ പേരില്‍ ശങ്കര്‍ പ്രതിക്കൂട്ടിലായി.

ദ്രാവിഡ് നല്‍കിയ ആത്മവിശ്വാസം
നിദാഹാസ് ട്രോഫിയിലെ പ്രകടനത്തിന്റെ പേരില്‍ ശങ്കറിന്റെ പ്രതിഭയെ എഴുതിത്തള്ളാന്‍ ഇന്ത്യന്‍ എ ടീം കോച്ചായ രാഹുല്‍ ദ്രാവിഡിനു താല്‍പ്പര്യം ഇല്ലായിരുന്നു. ന്യൂസിലാന്‍ഡ് എയ്‌ക്കെതിരായ മൂന്നു മല്‍സരങ്ങളുടെ ഏകദിന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ എ ടീമില്‍ ശങ്കറിനെയും ദ്രാവിഡ് ഉള്‍പ്പെടുത്തി. ഫിനിഷറുടെ റോളാണ് താരത്തിന് അദ്ദേഹം നല്‍കിയത്.
ദ്രാവിഡിന്റെ കണക്കുകൂട്ടലുകള്‍ തെറ്റിയില്ല. കളിച്ച മൂന്നു മല്‍സരങ്ങളിലും നിര്‍ണായക സംഭാവനകള്‍ നല്‍കിയ ശങ്കര്‍ ഇന്ത്യയുടെ പരമ്പര വിജയത്തിനു ചുക്കാന്‍ പിടിക്കുകയും ചെയ്തു. ഈ പ്രകടനമാണ് ശങ്കറിനെ കൂടുതല്‍ കരുത്തോടെ തിരിച്ചുവരാന്‍ സഹായിച്ചത്.

പാണ്ഡ്യയുടെ സസ്‌പെന്‍ഷന്‍
ഒരു ടിവിഷോയില്‍ അശ്ലീല പരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഹര്‍ദിക് പാണ്ഡ്യയെ ബിസിസിഐ സസ്‌പെന്‍ഡ് ചെയ്തതാണ് ശങ്കറിന്റെ ഏകദിന അരങ്ങേറ്റത്തിനു വഴിയൊരുക്കിയത്. ഓസ്‌ട്രേലിയക്കെതിരേ ഈ വര്‍ഷം നടന്ന ഏകദിന പരമ്പരയ്ക്കുള്ള ടീമില്‍ പാണ്ഡ്യക്കു പകരം ശങ്കറിനെ ഉള്‍പ്പെടുത്തി.
പരമ്പരയിലെ നിര്‍ണായകമായ മൂന്നാം ഏദിനത്തിലൂടെയായിരുന്നു താരത്തിന്റെ ഏകദിന അരങ്ങേറ്റം. കളിയില്‍ ബൗള്‍ ചെയ്യാന്‍ മാത്രമേ ശങ്കറിന് അവസരം ലഭിച്ചുള്ളൂ. വിക്കറ്റ് ലഭിച്ചില്ലെങ്കിലും ആറോവറില്‍ 23 റണ്‍സേ താരം വിട്ടുകൊടുത്തുള്ളൂ. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരേയുള്ള നിര്‍ണായകമായ മൂന്നാം ഏകദിനത്തിലാണ് ശങ്കറിന് ബാറ്റ് ചെയ്യാന്‍ അവസരം ലഭിച്ചത്. ഇന്ത്യ നാലിന് 18 റണ്‍സെന്ന നിലയിലുള്ളപ്പോള്‍ ക്രീസിലെത്തിയ അദ്ദേഹം 45 റണ്‍സ് നേടി. എന്നാല്‍ നിര്‍ഭാഗ്യകരമായ രീതിയില്‍ താരം റണ്ണൗട്ടാവുകയായിരുന്നു. എങ്കിലും ശങ്കറിന്റെ ബാറ്റിങ് ശ്രദ്ധിക്കപ്പെട്ടു.

നാഗ്പൂരിലെ പ്രകടനം
നാഗ്പൂരിലാണ് യഥാര്‍ഥത്തില്‍ തന്റെ ഓള്‍റൗണ്ട് മികവ് പുറത്തെടുത്തത്. ഇന്ത്യ ബാറ്റിങ് തകര്‍ച്ച നേരിട്ടപ്പപ്പോള്‍ ശങ്കറിന് അഞ്ചാംസ്ഥാനത്തേക്കു പ്രൊമോഷന്‍ ലഭിക്കുകയായിരുന്നു. നായകന്‍ കോലിക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ താരത്തിനു കഴിഞ്ഞു. കോലി പോലും റണ്ണെടുക്കാന്‍ വിഷമിച്ച പിച്ചില്‍ വളരെ അനായാസമാണ് ശങ്കര്‍ ബാറ്റ് വീശിയത്. എന്നാല്‍ അര്‍ഹിച്ച അര്‍ധസെഞ്ച്വറിക്ക് നാല് റണ്‍സ് അകലെ താരം റണ്ണൗട്ടായി.
ബൗളിങിലും ശങ്കറിന്റെ പ്രകടനം നിര്‍ണായകമായി. ആദ്യ സ്‌പെല്ലില്‍ ഒരോവര്‍ മാത്രം ബൗള്‍ ചെയ്ത താരം 13 റണ്‍സ് വഴങ്ങിയിരുന്നു. പിന്നീട് നിര്‍ണായകമായ അവസാന ഓവറിലാണ് ശങ്കറിനെ ബൗള്‍ ചെയ്യാന്‍ വിളിക്കുന്നത്. രണ്ടു വിക്കറ്റ് ശേഷിക്കെ ഓസീസിന് ജയിക്കാന്‍ 11 റണ്‍സ് മതിയായിരുന്നു. ആദ്യ പന്തിലും മൂന്നാമത്തെ പന്തിലും വിക്കറ്റെടുത്ത് ശങ്കര്‍ ടീമിന് ത്രസിപ്പിക്കുന്ന ജയം സമ്മാനിക്കുകയും ചെയ്തു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications