ലണ്ടന്‍: മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഇതിഹാസ താരവുമായ റിക്കി പോണ്ടിംഗും പ്രഖ്യാപിച്ചു തന്റെ ഡ്രീം ഇലവനെ. റിക്കി പോണ്ടിംഗിന്റെ ഡ്രീം ടീമില്‍ ഒരേ ഒരു ഇന്ത്യന്‍ താരമേ ഇടം പിടിച്ചിട്ടുള്ളൂ. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍. ശ്രീലങ്ക, പാകിസ്താന്‍, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങലില്‍ നിന്നും ഓരോരുത്തരും ടീമിലുണ്ട്. വെസ്റ്റ് ഇന്‍ഡീസില്‍ നിന്നും രണ്ടുപേരുണ്ട്. ബാക്കി അഞ്ച് പേരും ഓസ്‌ട്രേലിയയില്‍ നിന്നാണ്.
ഓപ്പണര്‍മാരായ മാത്യു ഹെയ്ഡന്‍, ജസ്റ്റിന്‍ ലാംഗര്‍, സ്പിന്നര്‍ ഷെയ്ന്‍ വോണ്‍, ഫാസ്റ്റ് ബൗളര്‍ ഗ്ലെന്‍ മക്ഗ്രാത്ത്, വിക്കറ്റ് കീപ്പര്‍ ആദം ഗില്‍ക്രിസ്റ്റ് എന്നിവരാണ് റിക്കി പോണ്ടിംഗിന്റെ ഡ്രീം ഇലവനില്‍ സ്ഥാനം കണ്ടെത്തിയത്. റിക്കി പോണ്ടിംഗ് എന്തായാലും ടീമില്‍ ഇല്ല. ഡ്രീം ടീമില്‍ അഞ്ച് പേരും സ്വന്തം രാജ്യത്ത് നിന്നാണ് എന്നത് റിക്കി പോണ്ടിംഗിന്റെ ടീം സെലക്ഷനില്‍ സംശയം ജനിപ്പിക്കുന്നതാണ്.

ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാരയാണ് ടീമിന്റെ ക്യാപ്റ്റന്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ കുമാര്‍ സംഗക്കാര ടീമില്‍ ഉള്ളപ്പോള്‍ ആദം ഗില്‍ക്രിസ്റ്റിനെ കീപ്പറാക്കിയതിന്റെ സാംഗത്യവും ക്രിക്കറ്റ് ആരാധകര്‍ക്ക് മനസിലാകുന്നില്ല. എന്തായാലും സങ്കക്കാരയെ അല്ല, ഗില്‍ക്രിസ്റ്റിനെ ആണ് റിക്കി പോണ്ടിംഗ് കീപ്പിംഗ് ഗ്ലൗസ് ഏല്‍പ്പിക്കുന്നത്. സംഗ ആറാം നമ്പറിലും ഗില്ലി ഏഴാം നമ്പറിലുമാണ് ക്രീസിലെത്തുക.
സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഇല്ലാതെ ഒരു ലോക ടീമിനെ തിരഞ്ഞെടുക്കുക എളുപ്പമല്ല എന്ന് റിക്കി പോണ്ടിംഗ് ടീം പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു. കളിച്ചിരുന്ന കാലത്ത് റണ്‍വേട്ടയില്‍ പരസ്പരം മത്സരിച്ചവരാണ് ഈ ഇതിഹാസങ്ങള്‍. പിന്നീട് രണ്ടുപേരും ഒരുമിച്ച് മുംബൈ ഇന്ത്യന്‍സിന് വേണ്ടി ഐ പി എല്‍ കളിച്ചു. പോണ്ടിംഗിന്റെ ടീം ഇങ്ങനെ - ഹെയ്ഡന്‍, ലാംഗര്‍, കാലിസ്, സച്ചിന്‍, ലാറ, സംഗക്കാര, ഗില്‍ക്രിസ്റ്റ്, ഷെയ്ന്‍ വോണ്‍, അക്രം, ആംബ്രോസ്, മക്ഗ്രാത്ത്.