ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോർഡുമായി എത്തിയ വൈഭവ് സൂര്യവംശി ഇന്ന് ലോക ക്രിക്കറ്റിലെ തന്നെ ചർച്ചാവിഷയമാണ്. വമ്പൻ ബൗളർമാരെ യാതൊരു പേടിയുമില്ലാതെ നേരിടുന്ന ഈ ബിഹാർ ബാലനെ പ്രശംസിച്ചിരിക്കുകയാണ് ഇതിഹാസ താരം റിക്കി പോണ്ടിംഗ്. വൈഭവിനെപ്പോലെയുള്ള പ്രതിഭകളെ കണ്ടെത്തുക എന്നത് എളുപ്പമല്ലെന്നും താരം ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവിയാണെന്നും പോണ്ടിംഗ് നിരീക്ഷിച്ചു.
"അമ്പരപ്പിക്കുന്ന ബാറ്റിംഗ്!"
വൈഭവിന്റെ ബാറ്റിംഗ് ശൈലിയെക്കുറിച്ച് പോണ്ടിംഗ് പറഞ്ഞത് ഇങ്ങനെയാണ്: "വൈഭവ് സൂര്യവംശി ബാറ്റ് ചെയ്യുന്ന രീതി എന്നെ ശരിക്കും അമ്പരപ്പിക്കുന്നു. ഇത്രയും ചെറിയ പ്രായത്തിൽ ഓരോ ബൗളറെയും അയാൾ നേരിടുന്ന രീതിയും കൈകാര്യം ചെയ്യുന്നതും അതിശയിപ്പിക്കുന്നതാണ്. ഞാൻ ഇപ്പോൾ വൈഭവിന്റെ വലിയൊരു ആരാധകനാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി ഇതാ ഈ കൈകളിൽ സുരക്ഷിതമാണ്. ഇതുപോലൊരു ടാലന്റിനെ കണ്ടെത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല."

റെക്കോർഡുകൾ തകർക്കുന്ന കുട്ടിത്താരം
ഈ സീസണിൽ രാജസ്ഥാൻ റോയൽസിന് വേണ്ടി തകർപ്പൻ പ്രകടനമാണ് വൈഭവ് കാഴ്ചവെക്കുന്നത്. സീനിയർ താരങ്ങൾ പോലും പതറുന്ന സാഹചര്യത്തിൽ വൈഭവ് നടത്തുന്ന വെടിക്കെട്ട് ബാറ്റിംഗ് ആരാധകരെയും മുൻ താരങ്ങളെയും ഒരേപോലെ ഞെട്ടിക്കുന്നു. അർഷ്ദീപ് സിംഗിനെപ്പോലെയുള്ള മുൻനിര ബൗളർമാരെ പോലും സിക്‌സറുകൾക്ക് പറത്തിയാണ് വൈഭവ് തന്റെ കരുത്ത് തെളിയിക്കുന്നത്.
ഒമ്പത് മത്സരങ്ങളിൽ നിന്ന് 400 റൺസാണ് വൈഭവ് ഇതിനോടകം ഐപിഎൽ 2026 സീസണിൽ നേടിയിരിക്കുന്നത്. 44 ആവറേജോടെ വൈഭവ് ബാറ്റ് വീശുമ്പോൾ ഓറഞ്ച് ക്യാപ് റേസിൽ ഈ കുട്ടി താരം ഒന്നാമതെത്തിയതിൽ അത്ഭുതമൊന്നുമില്ലല്ലോ. ഓരോ മത്സരങ്ങളിലും വൈഭവ് രാജസ്ഥാന് വേണ്ടി നടത്തുന്ന വെടിക്കെട്ട് സ്റ്റാർട്ട് ഏതൊരു ദുഷ്കര സാഹചര്യത്തെയും നേരിടാനുള്ള കരുത്താണ് ടീമിന് നൽകുന്നത്.
സൺറൈസേഴ്സിനെതിരെ നേടിയ 103 റൺസാണ് വൈഭവിന്റെ ഈ സീസണിലെ ടോപ് സ്കോർ. 238 എന്ന അവിശ്വസനീയമായ സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശുന്ന ഈ പതിനഞ്ചുകാരൻ ഇപ്പോൾ തന്നെ 34 ഫോറുകളും 37 സിക്സുകളും ടൂർണമെന്റിൽ അടിച്ചുകഴിഞ്ഞു. ആരാണ് ബൗളറെന്ന് നോക്കാതെ വൈഭവ് നടത്തുന്ന ഈ വെടിക്കെട്ട് സത്യത്തിൽ രാജസ്ഥാന് ഡബിൾ ബോണസാണ്. ബുംറയെപ്പോലും ഒന്നാം പന്തിൽ സിക്സ് അടിക്കാനുള്ള കോൺഫിഡൻസ് ഇതിന് ഉദാഹരണമാണ്.
പഞ്ചാബ് കിംഗ്‌സിനെതിരെ രാജസ്ഥാൻ നേടിയ തകർപ്പൻ വിജയത്തെക്കുറിച്ച് വൈഭവ് സൂര്യവംശി പറഞ്ഞത് ഇപ്രകാരമാണ്
"ഇന്നത്തെ മത്സരം കളിക്കാൻ എനിക്ക് വലിയ ആവേശമായിരുന്നു. കഴിഞ്ഞ രാത്രി മുഴുവൻ ഞാൻ ഇതിനെക്കുറിച്ച് തന്നെ ചിന്തിച്ചുകൊണ്ടിരുന്നു. പഞ്ചാബ് കിംഗ്‌സിനെ നേരിടുന്നത് വലിയ വെല്ലുവിളിയാണെന്നും കഠിനമായിരിക്കുമെന്നും എല്ലാവരും പറയുന്നുണ്ടായിരുന്നു. എന്നാൽ എനിക്ക് ഇത്തരം കടുത്ത വെല്ലുവിളികൾ ഏറ്റെടുക്കാനും പ്രയാസകരമായ മത്സരങ്ങൾ കളിക്കാനുമാണ് ഇഷ്ടം. അതുകൊണ്ട് തന്നെ എന്ത് സംഭവിച്ചാലും ഇന്ന് ജയിക്കണമെന്ന് ഞാൻ നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. ഇന്ന് ഞങ്ങൾ വിജയിച്ചു, അതിൽ വലിയ സന്തോഷം തോന്നുന്നു. ടീമിന് നല്ലൊരു തുടക്കം നൽകാൻ കഴിഞ്ഞതിലും എനിക്ക് ഒരുപാട് സന്തോഷമുണ്ട്." വൈഭവ് പറഞ്ഞു.