ദില്ലി:ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മഹേന്ദ്ര സിങ് ധോണിയെ മാറ്റണമെന്ന് മുന്‍ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ഇയാന്‍ ചാപ്പല്‍. ധോണിക്ക് പകരം വിരാട് കോലിയെ ക്യാപ്റ്റനാക്കണം എന്നാണ് ചാപ്പലിന്റെ അഭിപ്രായം.
ഇഎസ്പിഎന്‍ ക്രിക് ഇന്‍ഫോയില്‍ എഴുതുന്ന കോളത്തിലാണ് ചാപ്പല്‍ തന്റെ അഭിപ്രായം പറഞ്ഞിരിക്കുന്നത്. ന്യൂസിലാന്റില്‍ നടന്ന ടെസ്റ്റ് പരമ്പര പരാജയപ്പെട്ട സാഹചര്യത്തിലാണ് ചാപ്പല്‍ ധോണിക്കെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

ചെറു ഓവറുകളുടെ കളിയില്‍ ധോണി മികച്ച ക്യാപ്റ്റനാണെന്ന സര്‍ട്ടിഫിക്കറ്റും ചാപ്പല്‍ നല്‍കുന്നുണ്ട്. പക്ഷേ ടെസ്റ്റ് മത്സരങ്ങളില്‍ ടീമിനെ നയിക്കാനുള്ള വൈദഗ്ധ്യം ധോണിക്കില്ലത്രെ. നിശ്ചിത ഓവര്‍ മത്സരങ്ങളില്‍ മധ്യ നിരയിലിറങ്ങി ടീമിനെ വിജയത്തിലേക്ക് നയിക്കാന്‍ കഴിവുള്ള ധോണി ടെസ്റ്റ് മത്സരങ്ങളില്‍ ഈ നിലവാരം പുലര്‍ത്തുന്നില്ലെന്നും ചാപ്പല്‍ നിരീക്ഷിക്കുന്നുണ്ട്.
ടെസ്റ്റ് മത്സരങ്ങളില്‍ ധോണി എടുക്കുന്ന യാഥാസ്ഥിതിക തീരുമാനങ്ങള്‍ എതിര്‍ ടീമിന്റെ ബാറ്റ്‌സ്മാന്‍മാര്‍ക്ക് എളുപ്പത്തില്‍ റണ്ണെടുക്കാനുള്ള അവസരം നല്‍കുന്നതായും ചാപ്പല്‍ പറയുന്നു. ന്യൂസിലാന്റിന് സമനില പിടിച്ച രണ്ടാം ടെസ്റ്റില്‍ ബബ്രണ്ടന്‍ മക്കല്ലവും ബിജെ വാള്‍ട്ടിങും ചേര്‍ന്നുണ്ടാക്കിയ കൂട്ടുകെട്ടിനെ ഉദ്ധരിച്ചായിരുന്നു ഈ വിമര്‍ശനം.
2011-12 കാലഘട്ടത്തില്‍ തന്നെ ധോണിയെ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റേണ്ടതായിരുന്നു. ഇംഗ്ലണ്ട് , ഓസ്‌ട്രേലിയ പര്യടനങ്ങളില്‍ ധോണിയുടെ നേതൃത്വത്തിലുള്ള ടീം തോറ്റമ്പുന്ന കാഴ്ചയാണ് അന്ന് കണ്ടതെന്നും ചാപ്പല്‍ തന്റെ ലേഖനത്തില്‍ പറയുന്നു. ടീം പ്രതിരോധത്തിലാകുന്ന സന്ദര്‍ഭങ്ങളില്‍ ക്യാപ്റ്റനെന്ന നിലയില്‍ ധോണി ആശയദാരിദ്ര്യം അനുഭവിക്കുന്നതായും ചാപ്പല്‍ വിമര്‍ശിക്കുന്നുണ്ട്.
സമ്മര്‍ദ്ദങ്ങളില്‍ ടീമിനെ ഉയര്‍ത്തിക്കൊണ്ടുവരാനുള്ള ആവേശം കോലിക്കുണ്ടെന്നാണ് ചാപ്പലിന്റെ കണ്ടെത്തല്‍. അതുകൊണ്ട് തന്നെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഏറ്റവും യോഗ്യന്‍ കോലിയാണെന്നും ചാപ്പല്‍ പറയുന്നു.