വരുന്നത് റെക്കോര്‍ഡുകളുടെ ലോകകപ്പ്? ഇവ വഴിമാറും... തകരുമോ സച്ചിന്റെ ലോക റെക്കോര്‍ഡ്?
ലണ്ടന്‍: ഐസിസിയുടെ മറ്റൊരു ഏകദിന ക്രിക്കറ്റ് ലോകകപ്പ് കൂടി പടിവാതില്‍ക്കെ എത്തി നില്‍ക്കുകയാണ്. ടൂര്‍ണമെന്റിന്റെ 12ാം സീസണാണ് മെയ് 30 മുതല്‍ ഇംഗ്ലണ്ടില്‍ നടക്കാനിരിക്കുന്നത്. മുന്‍ ലോകകപ്പുകളെപ്പോലെ തന്നെ പല റെക്കോര്‍ഡുകളും തകര്‍ന്നുവീഴാന്‍ സാധ്യതയുള്ള ടൂര്‍ണമെന്റ് കൂടിയാണിത്.
ബൗളര്‍മാരെ മാത്രമല്ല ബാറ്റ്‌സ്മാന്‍മാരെ കൂടി തുണയ്ക്കുന്ന പിച്ചാണ് ഇംഗ്ലണ്ടില്‍ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടു തന്നെ ചില ബാറ്റിങ്, ബൗളിങ് റെക്കോര്‍ഡുകള്‍ ഇത്തവണ തിരുത്തപ്പെടുമെന്നാണ് വിദഗ്ധരുടെ പ്രവചനം. ഇത്തവണത്തെ ടൂര്‍ണമെന്റില്‍ തകര്‍പ്പെടാന്‍ സാധ്യതയുള്ള പ്രധാനപ്പെട്ട ചില റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു നോക്കാം.

വേഗമേറിയ ഫിഫ്റ്റി
ലോകകപ്പിലെ ഏറ്റവും വേഗമേറിയ ഫിഫ്റ്റിയെന്ന റെക്കോര്‍ഡ് ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ മാന്‍ എബി ഡിവില്ലിയേഴ്‌സിന്റെ പേരിലാണ്. 16 പന്തില്‍ ഫിഫ്റ്റിയടിച്ചാണ് താരം ചരിത്രം കുറിച്ചത്. എന്നാല്‍ ഈ റെക്കോര്‍ഡ് ഇത്തവണ ഭീഷണിയുടെ നിഴലിലാണ്.
ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജോസ് ബട്‌ലര്‍, വെസ്റ്റ് ഇന്‍ഡീസിന്റെ ആന്ദ്രെ റസ്സല്‍, ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യ, ഓസ്‌ട്രേലിയന്‍ വെടിക്കെട്ട് താരം ഗ്ലെന്‍ മാക്‌സ്വെല്‍ എന്നിവരാണ് റെക്കോര്‍ഡ് കുറിക്കാന്‍ സാധ്യതയുള്ളവര്‍.

കൂടുതല്‍ വിക്കറ്റുകള്‍
ലോകകപ്പിന്റെ ഒരു എഡിഷനില്‍ കൂടുതല്‍ വി ക്കറ്റെടുത്ത താരമെന്ന റെക്കോര്‍ഡും ഇത്തവണ വഴിമാറിയേക്കും. നിലവില്‍ ഓസ്‌ട്രേലിയയുടെ ഇതിഹാസ പേസര്‍ ഗ്ലെന്‍ മഗ്രാത്തിന്റെ പേരിലാണ് ഈ റെക്കോര്‍ഡ്. 26 വിക്കറ്റുകള്‍ കൊയ്താണ് അദ്ദേഹം ചരിത്രം കുറിച്ചത്.
കഴിഞ്ഞ സീസണില്‍ ഓസ്‌ട്രേലിയയുടെ തന്നെ മിച്ചെല്‍ സ്റ്റാര്‍ക്കും ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ടും 22 വിക്കറ്റ് വീതമെടുത്ത് മഗ്രാത്തിന്റെ റെക്കോര്‍ഡിന് അരികിലെത്തിയിരുന്നു. ഇത്തവണയും ഇരുവരെയും ദേശീയ ടീമുകള്‍ക്കൊപ്പം കാണാം. ഇവരെക്കൂടാതെ ദക്ഷിണാഫ്രിക്കന്‍ പേസ് സെന്‍സേഷന്‍ കാഗിസോ റബാദ, ഇന്ത്യയുടെ ജസ്പ്രീത് ബുംറ എന്നിവരും വിക്കറ്റ് വേട്ട നടത്താന്‍ ശേഷിയുള്ളവരാണ്.

ഉയര്‍ന്ന സ്‌കോര്‍
ലോകകപ്പില്‍ ഒരു താരത്തിന്റെ ഉര്‍ന്ന സ്‌കോറെന്ന റെക്കോര്‍ഡാണ് ഇത്തവണ പഴങ്കഥയാവാന്‍ സാധ്യതയുള്ള മറ്റൊരു റെക്കോര്‍ഡ്. പുറത്താവാതെ 237 റണ്‍സ് അടിച്ചെടുത്ത ന്യൂസിലാന്‍ഡിന്റെ വെടിക്കെട്ട് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിന്റെ പേരിലാണ് നിലവിലെ റെക്കോര്‍ഡ്.
കഴിഞ്ഞ ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു താരത്തിന്റെ റെക്കോര്‍ഡ് പ്രകടനം.
ക്രിക്കറ്റ് മാറിക്കൊണ്ടിരിക്കെ 300 റണ്‍സ് പോലും ചേസ് ചെയ്യുക ഇപ്പോള്‍ എളുപ്പമാണ്. മൂന്നു ഡബിള്‍ സെഞ്ച്വറികളുമായി ലോക റെക്കോര്‍ഡിട്ട ഇന്ത്യയുടെ രോഹിത് ശര്‍മ, ഇംഗ്ലണ്ടിന്റെ ജാസണ്‍ റോയ്, വെസ്റ്റ് ഇന്‍ഡീസിന്റെ ക്രിസ് ഗെയ്ല്‍, ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ ഇത്തവണ റെക്കോര്‍ഡിടാന്‍ ശേഷിയുള്ള താരങ്ങള്‍.

ഉയര്‍ന്ന ടീം സ്‌കോര്‍
ലോകകപ്പിലെ മാത്രമല്ല ഏകദിനത്തിലെ തന്നെ ഉയര്‍ന്ന ടീം സ്‌കോറെന്ന റെക്കോര്‍ഡും ഇംഗ്ലണ്ടില്‍ വഴി മാറാന്‍ സാധ്യതയുണ്ട്. നിലവില്‍ ഇംഗ്ലണ്ടിന്റെ പേരിലാണ് ഈ ലോക റെക്കോര്‍ഡ്. കഴിഞ്ഞ വര്‍ഷമാണ് ഓസ്‌ട്രേലിയക്കെതിരേ ഇംഗ്ലണ്ട് ആറു വിക്കറ്റിന് 481 റണ്‍സ് വാരിക്കൂട്ടി റെക്കോര്‍ഡിട്ടത്.
എന്നാല്‍ ലോകകപ്പിലെ ഉയര്‍ന്ന ടീം സ്‌കോറെന്ന റെക്കോര്‍ഡ് ഓസ്‌ട്രേലിയയുടെ പേരിലാണ്. കഴിഞ്ഞ ടൂര്‍ണമെന്റില്‍ അഫ്ഗാനിസ്താനെതിരേ ഓസീസ് ആറു വിക്കറ്റിന് 417 റണ്‍സ് നേടിയിരുന്നു. ഇത്തവണ ഇംഗ്ലണ്ട് തന്നെയാണ് ലോക റെക്കോര്‍ഡ് തിരുത്താന്‍ ഏറ്റവും ശേഷിയുള്ള ടീം.

കൂടുതല്‍ റണ്‍സ്
ഒരു ലോകകപ്പില്‍ ഏറ്റവുമധികം റണ്‍സ് അടിച്ചെടുത്ത താരം ഇന്ത്യയുടെ മുന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറാണ്. 2003ല്‍ നടന്ന ടൂര്‍ണമെന്റില്‍ വെറും 11 മല്‍സരങ്ങളില്‍ നിന്നും 673 റണ്‍സാണ് മാസ്റ്റര്‍ ബ്ലാസ്റ്റര്‍ വാരിക്കൂട്ടിയത്.
സച്ചിന്റെ ഈ ലോക റെക്കോര്‍ഡ് ഇത്തവണ ഏതെങ്കിലുമൊരാള്‍ക്കു തിരുത്തുക എളുപ്പമാവില്ല. സ്ഥിരത നിലനിര്‍ത്താന്‍ കഴിഞ്ഞാല്‍ മാത്രമേ ഈ റെക്കോര്‍ഡിന് പുതിയൊരു അവകാശി ഉണ്ടാവുകയുള്ളൂ. ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ഓസ്‌ട്രേലിയയുടെ ഡേവിഡ് വാര്‍ണര്‍, സ്്റ്റീവ് സ്മിത്ത്, ന്യൂസിലാന്‍ഡിന്റെ കെയ്ന്‍ വില്ല്യംസണ്‍ എന്നിവരാണ് റെക്കോര്‍ഡിടാന്‍ സാധ്യതയുള്ള മിന്നും താരങ്ങള്‍.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications