
കൂടുതല്‍ റണ്‍സ് പിറന്ന മല്‍സരം
ലോകകപ്പില്‍ നിലവിലെ ചാംപ്യന്‍മാരായ ഓസ്‌ട്രേലിയയും ബംഗ്ലാദേശും തമ്മില്‍ നടന്ന മല്‍സരം റണ്‍മഴ കൊണ്ട് ചരിത്രത്തില്‍ ഇടം പിടിച്ചു കഴിഞ്ഞു. ലോകകപ്പില്‍ രണ്ടു ടീമുകളും കൂടി ഏറ്റവുമധികം സ്‌കോര്‍ നേടിയ മല്‍സരമായി ഈ പോരാട്ടം മാറി. 714 റണ്‍സാണ് ഓസീസും ബംഗ്ലാദേശും കളിയില്‍ വാരിക്കൂട്ടിയത്.
ആദ്യം ബാറ്റ് ചെയ്ത ഓസീസ് നിശ്ചിത ഓവറില്‍ 381 റണ്‍സെന്ന വമ്പന്‍ സ്‌കോറാണ് നേടിയത്. മറുപടിയില്‍ ഇതേ നാണയത്തില്‍ തിരിച്ചടിച്ച ബംഗ്ലാദേശിന് എട്ടു വിക്കറ്റിന് 333 റണ്‍സില്‍ പോരാട്ടമവസാനിപ്പിക്കുകയായിരുന്നു.
2015ല്‍ ഓസ്‌ട്രേലിയയും ശ്രീലങ്കയും തമ്മിലുള്ള മല്‍സരത്തില്‍ പിറന്ന 688 റണ്‍സെന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്.

വാര്‍ണര്‍- കൂടുതല്‍ 150 പ്ലസ് സ്‌കോറുകള്‍
ലോകകപ്പില്‍ കൂടുതല്‍ തവണ 150ല്‍ കൂടുതല്‍ സ്‌കോര്‍ നേടിയ താരമെന്ന റെക്കോര്‍ഡിന് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ അവകാശിയായി. രണ്ടു മല്‍സരങ്ങളിലാണ് അദ്ദേഹം 150ന് മുകളില്‍ അടിച്ചെടുത്തത്.
ഒന്ന് ഈ ലോകകപ്പിലായിരുന്നെങ്കില്‍ മറ്റൊന്ന് 2015ലെ ടൂര്‍ണമെന്റിലായിരുന്നു.
ഇത്തവണ ഓസീസിന് ഇനിയും മല്‍സരങ്ങള്‍ ബാക്കിനില്‍ക്കെ അദ്ദേഹം വലിയ സ്‌കോറുകള്‍ നേടാനുള്ള സാധ്യത നിലനില്‍ക്കുന്നുമുണ്ട്.
ഈ ടൂര്‍ണമെന്റില്‍ ബംഗ്ലാദേശിനെതിരേ വാര്‍ണര്‍ 166 റണ്‍സുമായി കസറിയിരുന്നു. 2015ലെ കഴിഞ്ഞ ലോകകപ്പില്‍ അഫ്ഗാനിസ്താനെതിരേ 178 റണ്‍സും അദ്ദേഹം നേടിയിരുന്നു. ഏകദിനത്തില്‍ ആറ് വ്യത്യസ്ത ടീമുകള്‍ക്കെതിരേ 150ല്‍ കൂടുതല്‍ റണ്‍സെടുത്ത ഏക ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡും വാര്‍ണര്‍ക്കു സ്വന്തമാണ്.

മോര്‍ഗന്‍- ഏകദിനത്തില്‍ കൂടുതല്‍ സിക്‌സര്‍ (17)
ലോകകപ്പിലെ മാത്രമല്ല ഏകദിന ക്രിക്കറ്റില്‍ തന്നെ ആര്‍ക്കും സാധിക്കാത്ത റെക്കോര്‍ഡാണ് ഇംഗ്ലണ്ട് നായകന്‍ ഇയോന്‍ മോര്‍ഗന്‍ സ്വന്തം കാണികള്‍ക്കു മുന്നില്‍ കുറിച്ചത്. ഏകദിനത്തില്‍ ഏറ്റവുമധികം സിക്‌സറുകള്‍ പായിച്ച ബാറ്റ്‌സ്മാനെന്ന ലോക റെക്കോര്‍ഡിനാണ് മോര്‍ഗന്‍ അവകാശിയായത്. അഫ്ഗാനിസ്താനെതിരായ കളിയിലാണ് 17 സിക്‌സറുകള്‍ പറത്തി മോര്‍ഗന്‍ ലോകത്തെ ഞെട്ടിച്ചത്. മല്‍സരത്തില്‍ വെറും 71 പന്തില്‍ 148 റണ്‍സ് താരം വാരിക്കൂട്ടി. 16 സിക്‌സറുകളെന്ന രോഹിത് ശര്‍മ, എബി ഡിവില്ലിയേഴ്‌സ്, ക്രിസ് ഗെയ്ല്‍ എന്നിവര്‍ പങ്കിട്ട ലോക റെക്കോര്‍ഡാണ് മോര്‍ഗന്‍ തിരുത്തിയത്.
ഫിഫ്റ്റി തികയ്ക്കാന്‍ 36 പന്തുകള്‍ നേരിട്ട മോര്‍ഗന്‍ പക്ഷെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത് വെറും 57 പന്തുകളിലാണ്.
ഇതോടെ ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ ഇംഗ്ലീഷ് താരമായി മോര്‍ഗന്‍ മാറി. 75 പന്തില്‍ 100 തികച്ച ജോസ് ബട്‌ലറിനെയാണ് അദ്ദേഹം പിന്തള്ളിയത്.


Click it and Unblock the Notifications