നാപ്പിയര്‍ ഹീറോസ്... റെക്കോര്‍ഡ് നേട്ടവുമായി ധവാനും ഷമിയും, എലൈറ്റ് ക്ലബ്ബില്‍ കോലി
നാപ്പിയര്‍: ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയ്ക്കു വിജയത്തോടെ തുടക്കം കുറിക്കാനായതില്‍ ആഹ്ലാദത്തിലാണ് ടീം ഇന്ത്യ. നാപ്പിയറില്‍ നടന്ന ഏകദിനത്തില്‍ ബൗളര്‍മാരുടെ ഗംഭീര പ്രകടനത്തിന്റെ കരുത്തില്‍ എട്ടു വിക്കറ്റിന് കിവികളെ ഇന്ത്യ കശാപ്പ് ചെയ്യുകയായിരുന്നു. നാലു വിക്കറ്റെടുത്ത കുല്‍ദീപ് യാദവും മൂന്നു വിക്കറ്റ് പിഴുത മുഹമ്മദ് ഷമിയുമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.
ഈ വിജയത്തോടെ അഞ്ചു മല്‍സരങ്ങളുടെ ഏകദിന പരമ്പരയില്‍ ഇന്ത്യ 1-0നു മുന്നിലെത്തുകയും ചെയ്തിരുന്നു. ചില പ്രധാനപ്പെട്ട റെക്കോര്‍ഡുകള്‍ക്കു ആദ്യ ഏകദിനം സാക്ഷിയായിരുന്നു. ഇവ എന്തൊക്കെയാണെന്നു നോക്കാം.

വേഗത്തില്‍ 5000 റണ്‍സ്
ഏകദിനത്തില്‍ അതിവേഗം 5000 റണ്‍സ് ക്ലബ്ബില്‍ അംഗമായ ഇടം കൈന്‍ ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡിന് ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന്‍ അര്‍ഹനായി. 118 ഇന്നിങ്‌സുകളില്‍ നിന്നാണ് ധവാന്റെ നേട്ടം. നാപ്പിയര്‍ ഏകദിനത്തില്‍ ധവാന്‍ പുറത്താവാതെ 75 റണ്‍സെടുത്തിരുന്നു.
ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഹാഷിം അംലയാണ് ഏകദിനത്തില്‍ അതിവേഗം 5000 റണ്‍സ് തികച്ചത്. വെറും 101 ഇന്നിങ്‌സുകളില്‍ നിന്നാണ് അദ്ദേഹം റെക്കോര്‍ഡിട്ടത്. വിന്‍ഡീസ് ഇതിഹാസം വിവിയന്‍ റിച്ചാര്‍ഡ്‌സ്, ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി എന്നിവര്‍ 114 ഇന്നിങ്‌സുകളില്‍ 5000 പൂര്‍ത്തിയാക്കിയിരുന്നു.

എലൈറ്റ് ക്ലബ്ബില്‍ അംഗമായി കോലി
ഏകദിനത്തില്‍ ഏറ്റവുമധികം റണ്‍സ് നേടിയ ലോകത്തിലെ ആദ്യ 10 കളിക്കാരുടെ നിരയിലേക്ക് ഇന്ത്യന്‍ നായകന്‍ കോലിയുമെത്തി. ന്യൂസിലാന്‍ഡിനെതിരേ കോലി 45 റണ്‍സിന് പുറത്തായിരുന്നു. 10,430 റണ്‍സാണ് ഇന്ത്യന്‍ ക്യാപ്റ്റന്റെ അക്കൗണ്ടിലുള്ളത്. വിന്‍ഡീസ് ഇതിഹാസം ബ്രയാന്‍ ലാറയെ (10,405 റണ്‍സ്) കോലി പിന്തള്ളി.
10,000ത്തില്‍ കൂടുതല്‍ റണ്‍സ് നേടിയ മറ്റു ഇന്ത്യന്‍ താരങ്ങള്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, എംഎസ് ധോണി എന്നിവരാണ്.

ഷമിയുടെ വിക്കറ്റ് കൊയ്ത്ത്
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണ് ആദ്യ കൡയില്‍ റെക്കോര്‍ഡിട്ട മറ്റൊരു താരം. ഏകദിനത്തില്‍ അതിവേഗം 100 വിക്കറ്റ് തികച്ച ഇന്ത്യന്‍ ബൗളറെന്ന നേട്ടത്തിനാണ് താരം അര്‍ഹനായത്. ന്യൂസിലാന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ പുറത്താക്കിയാണ് ഷമി വിക്കറ്റ് നേട്ടത്തില്‍ സെഞ്ച്വറി തികച്ചത്.
56 ഏകദിനങ്ങളില്‍ നിന്നാണ് ഷമി 100 വിക്കറ്റുകള്‍ കൊയ്തത്. 59 ഏകദിനങ്ങളില്‍ നിന്നും ഈ നേട്ടം കൈവരിച്ച ഇര്‍ഫാന്‍ പഠാനെ അദ്ദേഹം പിന്തള്ളുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications