പിങ്ക് ബോള്‍ ടെസ്‌റ്റോടെയാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലെ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി പരമ്പരയ്ക്ക് തുടക്കമായത്. പരമ്പരയില്‍ നാലു ടെസ്റ്റ് മത്സരങ്ങളുണ്ട്. അഡ്‌ലെയ്ഡിലെ ആദ്യത്തെ ടെസ്റ്റ് എട്ടു വിക്കറ്റിന് ഓസ്‌ട്രേലിയ ജയിച്ചു. മെല്‍ബണില്‍ നടന്ന ബോക്‌സിങ് ഡേ ടെസ്റ്റില്‍ എട്ടു വിക്കറ്റിന് ഇന്ത്യയും ജയം കൈപ്പിടിയിലാക്കി.
സിഡ്‌നിയിലാണ് നിര്‍ണായകമായ മൂന്നാം ടെസ്റ്റ്. ജനുവരി ഏഴിന് തുടക്കമാവുന്ന മൂന്നാം ടെസ്റ്റ് 'പിങ്ക് ടെസ്റ്റ്' എന്ന പേരില്‍ അറിയപ്പെടും. പരമ്പരയില്‍ രണ്ടു പിങ്ക് ബോള്‍ ടെസ്റ്റ് മത്സരങ്ങളുണ്ടോ? ഇതു കേള്‍ക്കുമ്പോള്‍ ആരുമൊന്ന് സംശയിക്കും. എന്നാല്‍ കരുതുന്നതുപോലെ മറ്റൊരു രാപ്പകല്‍ ടെസ്റ്റല്ല സിഡ്‌നിയിലേത്. പേരിനെ അന്വര്‍ത്ഥമാക്കാനായി സിഡ്‌നിയില്‍ പിങ്ക് തൊപ്പിയണിഞ്ഞാണ് ആതിഥേയരായ ഓസ്‌ട്രേലിയ കളിക്കുക.

പിങ്ക് തൊപ്പിയണിയുന്നതിന് പിന്നില്‍ ഒരു കാരണവും ഓസ്‌ട്രേലിയക്കുണ്ട്. കഴിഞ്ഞ 12 വര്‍ഷമായി മുന്‍ ഓസീസ് പേസ് ഇതിഹാസം ഗ്ലെന്‍ മഗ്രാത്തിന്റെ ജീവകാരുണ്യ സംഘടനയെ ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്തുണച്ച് വരികയാണ്. പുതുവര്‍ഷത്തിലെ ആദ്യ ഹോം ടെസ്റ്റ് മഗ്രാത്തിന്റെ സംഘടനയ്ക്ക് ധനസമാഹരണത്തിനുള്ള അവസരമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ ഒരുക്കുന്നു. 2009 മുതല്‍ ഓസ്‌ട്രേലിയ ഈ പതിവ് പിന്തടരുന്നുണ്ട്.
ദക്ഷിണാഫ്രിക്കയുമായാണ് കംഗാരുക്കള്‍ ആദ്യ പിങ്ക് ടെസ്റ്റ് കളിച്ചത്. ഏറ്റവുമൊടുവില്‍ ന്യൂസിലാന്‍ഡുമായി കളിച്ച പിങ്ക് ടെസ്റ്റില്‍ 1.2 ദശലക്ഷം ഡോളര്‍ സമാഹരിക്കാന്‍ മഗ്രാത്തിന്റെ സംഘടനയ്ക്ക് സാധിച്ചിരുന്നു. 'മഗ്രാത്ത് ഫൗണ്ടേഷന്' കീഴില്‍ പ്രവര്‍ത്തിക്കുന്ന 'മഗ്രാത്ത് ബ്രെസ്റ്റ് കെയര്‍ നഴ്‌സസ്' സംഘടനയിലേക്കാണ് ഈ തുക ചെലുന്നത്. ഓസ്‌ട്രേലിയയില്‍ ഉടനീളം സ്തനാര്‍ബുദത്തിനെതിരെ ബോധവ്തകരണം നടത്തിവരികയാണ് ഇവര്‍.
2005 -ല്‍ ആദ്യ ഭാര്യ ജെയ്‌നുമായി ചേര്‍ന്നാണ് സ്വന്തം പേരിലുള്ള ജീവകാരുണ്യ സംഘടനയ്ക്ക് ഗ്ലെന്‍ മഗ്രാത്ത് തുടക്കമിടുന്നത്. ജെയ്ന്‍ മഗ്രാത്തിന്റെ ഓര്‍മ്മയ്ക്കായി സിഡ്‌നി ടെസ്റ്റിലെ മൂന്നാം ദിനം ജെയ്ന്‍ മഗ്രാത്ത് ദിനമായാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ വിശേഷിപ്പിക്കുന്നതും. എന്തായാലും സിഡ്‌നിയില്‍ പിങ്ക് ടെസ്റ്റ് ദിനം കാണികളും സ്‌പോണ്‍സര്‍മാരും താരങ്ങളും പിങ്ക് നിറത്തെ വരവേല്‍ക്കും.
ഇതേസമയം, സിഡ്‌നി നഗരത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ മൂന്നാം ടെസ്റ്റിന് സിഡ്‌നി ക്രിക്കറ്റ് മൈതാനംതന്നെ വേദിയാകുമോയെന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ട്. വേദി മാറില്ലെന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ ഏറ്റവുമൊടുവില്‍ അറിയിച്ചത്. എന്നാല്‍ വരുംദിവസങ്ങളില്‍ സ്ഥിതിവഷളായാല്‍ ക്രിക്കറ്റ് ഓസ്‌ട്രേലിയക്ക് തീരുമാനം മാറ്റേണ്ടതായി വരും.