അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍, അഞ്ച് ബൗളര്‍മാര്‍, ഒരു വിക്കറ്റ് കീപ്പര്‍ - ഇതാണ് ക്യാപ്റ്റന്‍ വിരാട് കോലിയുടെ ടെസ്റ്റ് ടീം. ശിഖര്‍ ധവാന്‍, മുരളി വിജയ്, രോഹിത് ശര്‍മ, കോലി, രഹാനെ എന്നിവരാണ് കോലിയുടെ മനസിലുള്ള അഞ്ച് ബാറ്റ്‌സ്മാന്‍മാര്‍. ടെസ്റ്റ് സ്‌പെഷലിസ്റ്റുകളായ ചേതേശ്വര്‍ പൂജാരയും കെ എല്‍ രാഹുലും സ്‌കീമിന് പുറത്ത്. ശ്രീലങ്കന്‍ പര്യടനത്തില്‍ അവസാനത്തെ ഒരേയൊരു ടെസ്റ്റിലാണ് പൂജാരയ്ക്ക് കോലി അവസരം കൊടുത്തത്. അതും പരിക്ക് കൊണ്ട് വേറെ ഓപ്പണര്‍മാരില്ലാതെ വന്നത് കൊണ്ട് മാത്രം.
കിട്ടിയ ഏക അവസരത്തില്‍ സെഞ്ചുറിയോടെ ടീമിന് വിജയമൊരുക്കിയ പൂജാര ഇപ്പോള്‍ പറയുന്നത് ഏത് പൊസിഷനില്‍ വേണമെങ്കിലും ബാറ്റ് ചെയ്യാന്‍ താന്‍ ഒരുക്കമാണ് എന്നാണ്. ദ്രാവിഡിന് ശേഷം ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് കളിക്കുന്നവരില്‍ മൂന്നാം നമ്പര്‍ സ്‌പെഷലിസ്റ്റായാണ് പൂജാര അറിയപ്പെടുന്നത്. പക്ഷേ എന്ത് ചെയ്യാന്‍ മൂന്നാം നമ്പറില്‍ രോഹിത് ശര്‍മയ്ക്കാണ് കോലി തുടര്‍ച്ചയായി അവസരങ്ങള്‍ കൊടുക്കുന്നത്. ടീമില്‍ ഇടം കിട്ടണമെങ്കില്‍ എവിടെ വേണമെങ്കിലും ബാറ്റ് ചെയ്യാമെന്ന് പറയേണ്ട സ്ഥിതിയിലാണ് പൂജാര.

എന്റെ ബാറ്റിംഗ് പൊസിഷന്‍ ഏതാണെന്ന് അറിയില്ല. മൊഹാലിയിലെത്തി ടീമിനൊപ്പം ചേര്‍ന്ന ശേഷം ഇക്കാര്യം ക്യാപ്റ്റന്‍ കോലിയോടും രവി ശാസ്ത്രിയോടും സംസാരിക്കും. ടീമിന്റെ ആവശ്യപ്രകാരം എവിടെ ബാറ്റ് ചെയ്യാനും താന്‍ തയ്യാറാണ് - പൂജാര പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ സന്നാഹമത്സരത്തില്‍ ബോര്‍ഡ് ഇലവന്റെ നായകനാണ് പൂജാര.