ചെന്നൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ സൂപ്പര്‍ ഓള്‍റൗണ്ടറാണ് രവീന്ദ്ര ജഡേജ. ഇടം കൈയന്‍ സ്പിന്നറും ബാറ്റ്‌സ്മാനുമായ ജഡേജ മൂന്ന് ഫോര്‍മാറ്റിലും സജീവമായി കളിക്കുന്ന താരമാണ്. മധ്യനിരയില്‍ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവെക്കാനുള്ള കെല്‍പ്പാണ് ധോണിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. കൂടാതെ തകര്‍പ്പന്‍ ഫീല്‍ഡിങ്ങുകൊണ്ടും അദ്ദേഹം നിരവധി തവണ കൈയടി നേടിയിട്ടുണ്ട്. എംഎസ് ധോണി ക്യാപ്റ്റനായുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം കളിച്ച് വളര്‍ന്ന താരമാണ് ജഡേജ.
ഇപ്പോഴിതാ കരിയറിന്റെ തുടക്കത്തില്‍ മികച്ച ബാറ്റിങ് പ്രകടനം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നില്ലെന്നും 2105ലെ ഏകദിന ലോകകപ്പില്‍ മുന്‍ ഇന്ത്യന്‍ നായകന്‍ എംഎസ് ധോണി നല്‍കിയ ഉപദേശങ്ങളാണ് ബാറ്റിങ് മെച്ചപ്പെടുത്തിയതെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ജഡേജ. 'മഹിഭായ് പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു. 'പന്തിനെ നേരിടാന്‍ ശ്രമിക്കുകയല്ല വലിയ ഷോട്ടുകള്‍ അടിക്കാന്‍ ശ്രമിക്കുകയാണ് നീ ചെയ്യുന്നതെന്നാണ്' പറഞ്ഞത്.

ഷോട്ട് തിരഞ്ഞെടുപ്പില്‍ പാളിച്ചയുണ്ടെന്ന് എനിക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്. തുടക്കത്തിലെ എന്റെ വിലയിരുത്തലുകള്‍ ശരിയായിരുന്നില്ല. രണ്ട് ചിന്തയോടെയാണ് ഷോട്ട് കളിച്ചിരുന്നത്. ഷോട്ട് കളിക്കണോ വേണ്ടയോ എന്ന രണ്ട് ചോദ്യം എപ്പോഴും മനസിലുണ്ടായിരുന്നു. ഈ സമയങ്ങളില്‍ ഞാന്‍ എന്റെ ചിന്താഗതി മാറ്റി. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ എനിക്ക് സാധിക്കുമെന്ന് അറിയാമായിരുന്നു. ഈ ചിന്തയാണ് ബാറ്റിങ് മെച്ചപ്പെടുത്താന്‍ സഹായിച്ചത്'-ജഡേജ പറഞ്ഞു.
ബൗണ്‍സറുകള്‍ വരുമ്പോഴും ഷോര്‍ട്ട് ബോളുകള്‍ വരുമ്പോഴും സിക്‌സറുകള്‍ നേടാനാവുമെന്ന ആത്മവിശ്വാസം ഉയര്‍ന്നു. ബൗണ്‍സറുകള്‍ എന്നെ ബുദ്ധിമുട്ടിച്ചതായി ഓര്‍ക്കുന്നില്ല. ബൗണ്‍സറില്‍ പുറത്തായ സംഭവങ്ങളും കുറവാണ്.അത് എന്റെ ഷോട്ട് തിരഞ്ഞെടുപ്പിലെ മികവുകൊണ്ടും സംതുലിതാവസ്ഥകൊണ്ടുമാണെന്നും ജഡേജ കൂട്ടിച്ചേര്‍ത്തു.
32കാരനായ ജഡേജ 51 ടെസ്റ്റില്‍ നിന്ന് 1954 റണ്‍സും 168 ഏകദിനത്തില്‍ നിന്ന് 2411 റണ്‍സും 50 ടി20യില്‍ നിന്ന് 217 റണ്‍സും ഇന്ത്യന്‍ ജഴ്‌സിയില്‍ നേടിയിട്ടുണ്ട്. ടെസ്റ്റില്‍ ഒരു സെഞ്ച്വറിയും 15 അര്‍ധ സെഞ്ച്വറിയും അദ്ദേഹത്തിന്റെ പേരിലുണ്ട്.ടെസ്റ്റില്‍ 220,ഏകദിനത്തില്‍ 188,ടി20യില്‍ 39 വിക്കറ്റുകളും അദ്ദേഹത്തിന്റെ പേരിലുണ്ട്. 191 ഐപിഎല്ലില്‍ നിന്നായി 2290 റണ്‍സും 120 വിക്കറ്റും ജഡേജയുടെ പേരിലുണ്ട്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനൊരുങ്ങുന്ന ഇന്ത്യന്‍ ടീമിലെ നിര്‍ണ്ണായക താരമാണ് ജഡേജ.