ജഡേജ ഇനി ചില്ലറക്കാരനല്ല; ഇത് മാസ്റ്റര്‍ ക്ലാസ് ഇന്നിങ്‌സ്; വിമര്‍ശകര്‍ക്കുള്ള ചുട്ട മറുപടി
മാഞ്ചസ്റ്റര്‍: കിരീടപ്രതീക്ഷയുമായെത്തിയ ഇന്ത്യ ലോകകപ്പില്‍ ഫൈനല്‍ കാണാതെ പുറത്തായിരിക്കുന്നു. സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ ജയിക്കാവുന്ന മത്സരം ബാറ്റ്‌സ്മാന്മാരുടെ മോശം പ്രകടനത്തെ തുടര്‍ന്ന് പരാജയം സമ്മതിക്കുകയായിരുന്നു. ലോകകപ്പിലെ ഇന്ത്യയുടെ ഇതുവരെയുള്ള പ്രകടനങ്ങളുടെ ശോഭ കെടുത്തുന്നതായിരുന്നു ഇന്ത്യയുടെ ബാറ്റിങ്.
പരിചയസമ്പന്നരും യുവകളിക്കാരും ഒരുപോലെ പരാജയപ്പെട്ടപ്പോള്‍ ഏവരും എഴുതിത്തള്ളിയ രവീന്ദ്ര ജഡേജയാണ് ടീമിന്റെ മാനം അല്‍പമെങ്കിലും കാത്തത്. മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണിക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി ഇന്ത്യയെ ജയത്തിന്റെ വക്കോളമെത്തിച്ചാണ് ജഡേജ ഇംഗ്ലണ്ടില്‍ നിന്നും മടങ്ങുന്നത്. ജഡേജയുടെ കരിയറിലെ ഏറ്റവും മികച്ച ഇന്നിങ്‌സ് കൂടിയായിരുന്നു അത്.

വിമര്‍ശകര്‍ക്കുള്ള മറുപടി
ജഡേജ ചില്ലറക്കാര്യം മാത്രം അറിയുന്ന കളിക്കാരനാണെന്ന സഞ്ജയ് മഞ്ജരേക്കര്‍ ഉയര്‍ത്തിയ വിവാദത്തിനിടെയായിരുന്നു താരത്തിന്റെ ഇന്നിങ്‌സ് എന്നതാണ് ശ്രദ്ധേയം. ന്യൂസിലന്‍ഡിനെതിരെ ഓള്‍റൗണ്ട് പ്രകടനമായിരുന്നു താരത്തിന്റേത്. ഇന്ത്യയ്ക്ക് ഭീഷണിയായ റോസ് ടെയ്ലറെ 48-ാം ഓവറില്‍ നേരിട്ടുള്ള ഏറിലൂടെ പുറത്താക്കിയത് ജഡേജയാണ്. ടോം ലഥാമിനെ ബൗണ്ടറി ലൈനില്‍ പറന്നുപിടിച്ചതും ഫീല്‍ഡിലെ ഉശിരന്‍ പ്രകടനത്തില്‍പെടും. പന്തെറിഞ്ഞപ്പോള്‍ കേവലം 34 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി.

തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം
ജഡേജ തന്റെ എല്ലാ മികവുകളും സെമിയില്‍ പുറത്തെടുത്തപ്പോള്‍ സഹതാരങ്ങളില്‍നിന്നും വലിയ പിന്തുണ ലഭിച്ചില്ല. എത്തിപ്പിടിക്കാവുന്ന സ്‌കോര്‍ പിന്തുടരവെ വിക്കറ്റുകള്‍ വലിച്ചെറിഞ്ഞ ഇന്ത്യയ്ക്ക് ജഡേജ ആശ്വാസമായി. 92 റണ്‍സിന് ആറു വിക്കറ്റ് എന്ന നിലയില്‍ ഇന്ത്യ തോല്‍വി ഉറപ്പിച്ചപ്പോഴായിരുന്നു ജഡേജ ക്രീസിലെത്തുന്നത്. 59 പന്തില്‍ നിന്ന് നാലു വീതം സിക്സും ബൗണ്ടറിയുമായി 77 റണ്‍സെടുത്ത് എതിരാളികളെ വിറപ്പിച്ചശേഷം ജഡേജ മടങ്ങുകയായിരുന്നു.

റെക്കോര്‍ഡുമായി മടക്കം
ആകെ രണ്ട് മത്സരങ്ങളാണ് ജഡേജ ഇന്ത്യയ്ക്കുവേണ്ടി ലോകകപ്പില്‍ കളിച്ചത്. പകരക്കാരനായെത്തിയും അല്ലാതെയും ഇതിനിടെ 41 റണ്‍സ് ഫീല്‍ഡിങ്ങിലൂടെ സേവ് ചെയ്യുകയും ചെയ്തു. ബാറ്റു ചെയ്യാന്‍ കിട്ടിയ അവസരം താരം പാഴാക്കിയതുമില്ല. ലോകകപ്പ് നോക്കൗട്ട് മത്സരങ്ങളില്‍ എട്ടോ അതില്‍ താഴെയോ ഉള്ള സ്ഥാനത്ത് ബാറ്റിങ്ങിനിറങ്ങി അര്‍ധ ശതകം നേടുന്ന ആദ്യ താരമെന്ന ബഹുമതിയും ജഡേജ മത്സരത്തിലൂടെ സ്വന്തമാക്കി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications