ദില്ലി: അനില്‍ കുംബ്ലെ രാജിവെച്ച ഒഴിവില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ കോച്ച് ആവാന്‍ സാധ്യത രവിശാസ്ത്രിയെന്ന് റിപ്പോര്‍ട്ട്. ഇതുവരെ ലഭിച്ച 10 സിവി പരിശോധിച്ചതില്‍ നിന്നും ആറുപേരെയാണ് അഭിമുഖത്തിനായി ക്ഷണിച്ചിരിക്കുന്നത്. ഇവരില്‍ രവിശാസ്ത്രിക്കുതന്നെയാണ് മുന്‍ഗണനയെന്ന് ക്രിക്കറ്റ് നിരീക്ഷകര്‍ പറയുന്നു. മൂന്നംഗ ക്രിക്കറ്റ് അഡൈ്വസറി അംഗങ്ങളാണ് അഭിമുഖം നടത്തുക.
രവിശാസ്ത്രി, വിരേന്ദര്‍ സെവാഗ്, ടോം മൂഡി, റിച്ചാഡ് പൈബസ്, ദോഡ ഗണേഷ്, ലാല്‍ചന്ദ് രജ്പുത്, ലാന്‍സ് ക്ലൂസ്‌നര്‍, രാകേഷ് ശര്‍മ(ഒമാന്‍ ദേശീയ ടീം കോച്ച്), ഫില്‍ സിമ്മണ്‍സ്, ഉപേന്ദ്രനാഥ് ബ്രഹ്മചാരി(ക്രിക്കറ്റ് കോച്ചിങ്ങിനെക്കുറിച്ച് ഒന്നും അറിയാത്ത എഞ്ചിനീയര്‍) എന്നിവരാണ് ബിസിസിഐയ്ക്ക് സിവി അയച്ചിട്ടുള്ളത്.

ഇവരില്‍ രവിശാസ്്ത്രി, സെവാഗ്, മൂഡി, സിമ്മണ്‍സ്, പൈബസ്, രാജ്പുത് എന്നിവരെ അഭിമുഖത്തിനായി ക്ഷണിച്ചിട്ടുണ്ട്. ക്ലൂസ്‌നര്‍ സ്റ്റാന്‍ഡ് ബൈ ആണ്. ആവശ്യമാണെങ്കില്‍ പിന്നീട് അഭിമുഖത്തിനായി ക്ഷണിക്കും. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിവിഎസ് ലക്ഷ്മണ്‍, സൗരവ് ഗാംഗുലി എന്നിവരാണ് കോച്ചിനായുളള അഭിമുഖത്തിന് നേതൃത്വം നല്‍കുന്നത്.
സച്ചിനും ലക്ഷ്മണും രവിശാസ്ത്രിയെ നിര്‍ദ്ദേശിച്ചേക്കും. നേരത്തെ ടീം ഡയരക്ടറായിരുന്നപ്പോള്‍ രവിശാസ്ത്രിയുടെ മികവ് ടീം ഇന്ത്യയ്ക്ക് ഗുണം ചെയ്തിരുന്നു. ക്യാപ്റ്റന്‍ വിരാട് കോലി ഉള്‍പ്പെടെയുള്ളവരുടെ പിന്തുണയും രവിശാസ്ത്രിക്ക് ഗുണം ചെയ്യും. അതേസമയം, കഴിഞ്ഞതവണ കോച്ചിന്റെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രവിശാസ്ത്രിയുമായി വാക്‌പോര് നടത്തിയതിനാല്‍ ഗാംഗുലി ശാസ്ത്രിയെ പിന്തുണച്ചേക്കില്ല. ടീം ശ്രീലങ്കയിലേക്ക് പോകുന്നതിന് മുന്‍പ് പുതിയ കോച്ചിനെ ബിസിസിഐ പ്രഖ്യാപിക്കും.