ഐപിഎൽ പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണെങ്കിലും ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ പ്ലേ ഓഫ് മോഹങ്ങൾക്ക് ഗുജറാത്ത് ടൈറ്റൻസിനെതിരായ തോൽവി കനത്ത ആഘാതമാണ് നൽകിയിരിക്കുന്നത്. ഇനി ശേഷിക്കുന്ന ആറ് മത്സരങ്ങളിൽ കുറഞ്ഞത് നാലെണ്ണമെങ്കിലും ജയിച്ചാലേ നിലവിലെ ചാമ്പ്യന്മാർക്ക് സുരക്ഷിതരാകാൻ സാധിക്കൂ. എന്നാൽ ഇത്തവണത്തെ ടൂർണമെന്റ് പോക്ക് കണ്ടിട്ട് 14 പോയിന്റുള്ള ഒരു ടീമിന് പ്ലേ ഓഫിൽ ഇടം ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് ആർ. അശ്വിൻ പറയുന്നത്.
14 പോയിന്റിൽ പ്ലേ ഓഫ്?
അശ്വിൻ തന്റെ നിരീക്ഷണം വ്യക്തമാക്കിയത് ഇങ്ങനെ: "ഈ തോൽവിക്ക് ശേഷം, ചെന്നൈക്ക് ഇനി ബാക്കിയുള്ള ആറ് കളികളിൽ നാലെണ്ണമെങ്കിലും ജയിക്കേണ്ടി വരും. എന്നാൽ എനിക്ക് തോന്നുന്നത് ഇത്തവണ ഒരു ടീം 14 പോയിന്റോടെ പ്ലേ ഓഫിൽ കടക്കുമെന്നാണ്. ടൂർണമെന്റിന്റെ രണ്ടാം പകുതിയിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സും (LSG) കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സും (KKR) കളിക്കാൻ പോകുന്ന രീതി വെച്ച് നോക്കിയാൽ, മികച്ച നെറ്റ് റൺറേറ്റുള്ള 14 പോയിന്റുകാരെ നമുക്ക് പ്ലേ ഓഫിൽ പ്രതീക്ഷിക്കാം."

റെഡ് സോയിൽ പിച്ചിലെ പാളിച്ച
ഗുജറാത്തിനെതിരായ മത്സരത്തിൽ ചെന്നൈക്ക് തന്ത്രപരമായ പിഴവ് പറ്റിയെന്ന് അശ്വിൻ ചൂണ്ടിക്കാട്ടി. "റെഡ് സോയിൽ പിച്ചിൽ നടന്ന ആ മത്സരം 220 റൺസ് ഒക്കെ സ്കോർ ചെയ്യാൻ പറ്റിയ മികച്ച അവസരമായിരുന്നു. ആദ്യം ബാറ്റ് ചെയ്യാൻ ഗുജറാത്ത് അവസരം നൽകിയിട്ടും അത് മുതലാക്കാൻ സിഎസ്കെയ്ക്ക് കഴിഞ്ഞില്ല. അവിടെ 220 റൺസ് എത്തിയിരുന്നെങ്കിൽ ചെന്നൈ ഇന്ന് വളരെ കരുത്തുറ്റ നിലയിലാകുമായിരുന്നു. ആ മത്സരത്തിൽ അവർക്ക് ചില തെറ്റുകൾ പറ്റിയിട്ടുണ്ട്," അശ്വിൻ പറഞ്ഞു.
മുംബൈക്കെതിരെ എൽ ക്ലാസിക്കോ!
വരാനിരിക്കുന്ന മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ ചെന്നൈ ശക്തമായി തിരിച്ചുവരുമെന്നാണ് അശ്വിന്റെ പ്രതീക്ഷ. സഞ്ജു സാംസൺ ഫോമിലുണ്ടെങ്കിലും റുതുരാജ് ഗെയ്‌ക്‌വാദ് ഉൾപ്പെടെയുള്ള മറ്റ് താരങ്ങൾ പിന്തുണ നൽകിയാലേ മുംബൈയെപ്പോലൊരു വമ്പൻ ടീമിനെ അവരുടെ തട്ടകത്തിൽ തകർക്കാൻ സാധിക്കൂ. മുകേഷ് ചൗധരിയും അഖീൽ ഹൊസൈനും നയിക്കുന്ന ബൗളിംഗ് നിര മുംബൈയുടെ കരുത്തുറ്റ ബാറ്റിംഗിനെ എങ്ങനെ നേരിടുമെന്നതിനെ ആശ്രയിച്ചിരിക്കും ചെന്നൈയുടെ ഭാവി.
ഇന്നലെ നടന്ന ചെന്നൈ ഗുജറാത്ത് മത്സരത്തിന്റെ വിധിയിൽ സിഎസ്കെ ആരാധകർ ഒട്ടും തൃപ്തരല്ല. 20 പന്തുകൾ ശേഷിക്കെ എട്ട് വിക്കറ്റിനായിരുന്നു സിഎസ്കെയുടെ വമ്പൻ തോൽവി. തുടക്കം മുതലേ തകർച്ചയോടെയായിരുന്നു ചെന്നൈ നിര തുടങ്ങിയത്. റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിക്കൊണ്ടിരുന്ന സഞ്ജു സാസംൺ തുടക്കത്തിലേ കൂടാരം കയറിയപ്പോൾ പിന്നാലെ വന്ന ബാറ്റർമാർക്കും ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല. സർഫറാസ് ഖാന് പകരം ടീമിലെത്തിയ ഉർവിൽ പട്ടേൽ ഔട്ടായതോടെ സർഫറാസിന് ഇംപാക്ട് പ്ലെയറായി കളത്തിൽ ഇറങ്ങേണ്ടി വന്നു. മാത്രമല്ല, ഗോൾഡൻ ഡക്കായി തിരിച്ച് കയറേണ്ടിയും വന്നു.
ഒരറ്റത്ത് വിക്കറ്റുകൾ വീണുകൊണ്ടിരിക്കെ, നായകൻ റുതുരാജ് ഗെയ്ക്വാദ് വിക്കറ്റ് കളയാതെ ഇന്നിങ്സ് കൊണ്ടുപോയി. എന്നിരുന്നാലും, അദ്ദേഹം കൂടുതൽ പന്തുകൾ എടുത്തോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഒടുക്കം 159 എന്ന ടോട്ടലിൽ ചെന്നൈയ്ക്ക് തങ്ങളുടെ ഇന്നിങ്സ് അവസാനിപ്പിക്കേണ്ടി വന്നു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് ആകട്ടെ, മികച്ച രീതിയിൽ ബാറ്റ് ചെയ്ത് 16.4 ഓവറിൽ 160 റൺസ് നേടി. 87 റൺസെടുത്ത സായ് സുദർശനും 39 റൺസെടുത്ത ജോസ് ബട്ട്ലറും 33 റൺസെടുത്ത നായകൻ ശുഭ്മാൻ ഗില്ലും ടീമിന്റെ വിജയത്തിൽ നട്ടെല്ലായി.