IPL 2026: അടുത്ത സീസണും ഇതുപോലെയായാലും അത്ഭുതപ്പെടാനില്ല; മുംബൈയെ 'വെരി വെരി വിയേർഡ്' എന്ന് വിളിച്ച് അശ്വിൻ
ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിന്റെ തകർച്ചയ്ക്കും തുടർച്ചയായ പരാജയങ്ങൾക്കും പിന്നാലെ ടീമിന്റെ മനോഭാവത്തെ കടുത്ത ഭാഷയിൽ വിമർശിച്ച് ഇന്ത്യൻ ഇതിഹാസ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ രംഗത്ത്. വാങ്കഡെ സ്റ്റേഡിയത്തിൽ ജയിക്കാമായിരുന്ന മത്സരം പോലും കൈവിട്ട മുംബൈയുടെ ബാറ്റിംഗ് രീതിയെയാണ് അശ്വിൻ ചോദ്യം ചെയ്തത്. തന്റെ യൂട്യൂബ് ചാനലിലെ ചർച്ചയ്ക്കിടെയാണ് അശ്വിൻ മുംബൈ ടീമിനെ 'വെരി വെരി വിയേർഡ്' എന്ന് വിശേഷിപ്പിച്ചത്.
34 പന്തിൽ 60 റൺസ്, വാങ്കഡെയിൽ അത് പോസിബിൾ
അനായാസം ജയിക്കാമായിരുന്ന കളി മുംബൈ കൈവിട്ട് കളഞ്ഞതിനെക്കുറിച്ച് അശ്വിൻ പറഞ്ഞത് ഇങ്ങനെയാണ്: "വാങ്കഡെ സ്റ്റേഡിയത്തിൽ മുംബൈ ഇന്ത്യൻസിന് ജയിക്കാൻ അവസാന 34 പന്തിൽ 60 റൺസ് മാത്രമാണ് വേണ്ടിയിരുന്നത്. ആ സാഹചര്യത്തിൽ അവർ അത് വളരെ സുഖമായി അടിച്ചെടുക്കേണ്ടതായിരുന്നു. എന്നാൽ കൃത്യമായ സമയത്ത് റൺറേറ്റ് ഉയർത്താൻ അവർക്ക് സാധിച്ചില്ല. സത്യം പറഞ്ഞാൽ ഈ മുംബൈ ടീം ശരിക്കും വളരെ വിയേർഡാണ്."

അടുത്ത സീസണിലും അവർ തകർന്നാലും അത്ഭുതമില്ല
ടീമിൽ മികച്ച കളിക്കാരുണ്ടെങ്കിലും നിലവിലെ അവരുടെ ഫോം നിരാശാജനകമാണെന്ന് അശ്വിൻ ചൂണ്ടിക്കാണിച്ചു. "ഈ ടീമിൽ മികച്ച ക്വാളിറ്റിയുള്ള കളിക്കാരുണ്ട് എന്നതിൽ യാതൊരു സംശയവുമില്ല, അടുത്ത വർഷം അവർക്ക് മികച്ച രീതിയിൽ തിരിച്ചുവരാനും സാധിച്ചേക്കും. എന്നാൽ അതേസമയം തന്നെ, അടുത്ത സീസണിലും അവർ ഇതേപോലെ സ്ട്രഗിൾ ചെയ്യുകയാണെങ്കിലും ഞാൻ ഒട്ടും അത്ഭുതപ്പെടില്ല. കാരണം ഈ ടീമിലെ ചിലർ കളിക്കാർ നിലവിൽ തങ്ങളുടെ ഏറ്റവും മികച്ച ഫോമിലല്ല കളിക്കുന്നത്," അശ്വിൻ വ്യക്തമാക്കി.
ഈ അവസ്ഥ നിരാശാജനകം
മുംബൈയുടെ പ്രകടനം തനിക്ക് വലിയ നിരാശയാണ് സമ്മാനിച്ചതെന്ന് അശ്വിൻ കൂട്ടിച്ചേർത്തു. "ഈ വർഷത്തെ അവരുടെ പ്രകടനം എന്നെ ശരിക്കും അത്ഭുതപ്പെടുത്തി. എന്നാൽ അടുത്ത വർഷവും അവർ പോയിന്റ് ടേബിളിന്റെ മധ്യത്തിലായി സീസൺ അവസാനിപ്പിച്ചാൽ എനിക്ക് വലിയ ഞെട്ടൽ ഉണ്ടാകില്ല. ഇത്രയധികം പ്രതിഭകളുള്ള ഒരു ഫ്രാഞ്ചൈസിയിൽ നിന്നും ഇത്തരമൊരു പ്രകടനം ഉണ്ടാകുന്നത് ശരിക്കും നിരാശാജനകം തന്നെയാണ്." അശ്വിൻ പറഞ്ഞു. മുംബൈ ടീമിന്റെ പ്ലാനിംഗിലും കളിക്കാരുടെ മനോഭാവത്തിലും വലിയ മാറ്റങ്ങൾ വരാതെ അവർക്ക് പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്താൻ കഴിയില്ലെന്നാണ് അശ്വിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്.
സീസണിലെ അവസാന മത്സരത്തിൽ രാജസ്ഥാൻ റോയൽസിനോട് തോൽവി വഴങ്ങിയാണ് മുംബൈ പുറത്തേക്ക് പോകുന്നത്. 206 റൺസ് പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച മുംബൈയ്ക്ക് തുടക്കം മുതൽ പിഴച്ചു. റണ്ണൊന്നുമെടുക്കാതെ രോഹിത് ശർമ്മ പടിയിറങ്ങിയതിന് ശേഷം സ്കോർ 175 വരെ എത്തിക്കാനേ അവർക്ക് സാധിച്ചുള്ളൂ. ഇതോടെ പ്ലേ ഓഫ് ചിത്രങ്ങൾ പൂർത്തിയായി. ഹൈദരാബാദ്, ബെംഗളുരു, ഗുജറാത്ത് എന്നീ ടീമുകൾക്കൊപ്പം രാജസ്ഥാനും ക്വാളിഫൈ ചെയ്യപ്പെട്ടു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications