കറാച്ചി: സമീപകാലത്തായി ലോക ക്രിക്കറ്റില്‍ ഏറ്റവും വലിയ ശക്തരാണ് ഇന്ത്യ. താരസമ്പന്നതകൊണ്ടും പ്രകടനമികവുകൊണ്ടും ഇന്ത്യ മുന്നില്‍ത്തന്നെയാണ്. പ്രതിഭാശാലികളായ യുവതാരങ്ങള്‍ ടീമിലുണ്ട്. അതിനാല്‍ത്തന്നെ ഏത് മൈതാനത്തും കളി ജയിക്കാന്‍ കെല്‍പ്പുള്ള മികച്ച നിരയായി ഇന്ത്യ മാറിക്കഴിഞ്ഞു. ഓസ്‌ട്രേലിയയില്‍ രണ്ട് തവണ ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യ നിലവില്‍ ഇംഗ്ലണ്ട് പര്യടനത്തിലാണുള്ളത്.
ഇപ്പോഴിതാ 2010ന് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീം കൈവരിച്ച നേട്ടങ്ങളെ പ്രശംസിച്ചിരിക്കുകയാണ് മുന്‍ പാകിസ്താന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ റാഷിദ് ലത്തീഫ്. ഇന്ത്യ വളര്‍ച്ച കൈവരിച്ചപ്പോള്‍ പാകിസ്താന്‍ ടീം തളരുകയാണ് ചെയ്തതെന്നാണ് റാഷിദ് അഭിപ്രായപ്പെട്ടത്.പാകിസ്താനുവേണ്ടി 37 ടെസ്റ്റില്‍ നിന്ന് 1381 റണ്‍സും 166 ഏകദിനത്തില്‍ നിന്ന് 1709 റണ്‍സും നേടിയിട്ടുള്ള താരമാണ് അദ്ദേഹം.

'2010ന് ശേഷം പാകിസ്താന്‍ ടീം നിരാശപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ടീം വലിയ വളര്‍ച്ചയാണ് നേടിയത്.മികച്ച പരിശീലകരെ ഒരുക്കുന്നതില്‍ നമ്മള്‍ പരാജയപ്പെടുന്നു. യുവപ്രതിഭകളെ വളര്‍ത്തുന്നതില്‍ ഐപിഎല്ലിന് നിര്‍ണ്ണായക പങ്കുണ്ട്.വിദേശ പരിശീലകരും അവരുടെ വളര്‍ച്ചയ്ക്ക് വളരെ സഹായിച്ചു'-മൈ മാസ്റ്റര്‍ ക്രിക്കറ്റ് കോച്ച് എന്ന യുട്യൂബ് ചാനലിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു.
മുന്‍ താരങ്ങളെല്ലാം യുവതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഇന്ത്യയെ സഹായിക്കുന്നുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 'മുന്‍ താരങ്ങളും അതുപോലെ തന്നെ വിദേശ താരങ്ങളും ഇന്ത്യന്‍ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതില്‍ സഹായിക്കുന്നുണ്ട്. അതാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രധാന വ്യത്യാസം. മുന്‍ പാകിസ്താന്‍ താരങ്ങളെ പരിശീലകരായി നിയമിക്കണം. പിഎസ്എല്ലില്‍ പാകിസ്താന്‍ താരങ്ങളെ പരിശീലകരാക്കാത്തത് വലിയ പ്രശ്‌നമാണ്'-റാഷിദ് ലത്തീഫ് പറഞ്ഞു.
ഐപിഎല്ലിന്റെ വരവ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ട്. ജസ്പ്രീത് ബുംറ,ഹര്‍ദിക് പാണ്ഡ്യ,സൂര്യകുമാര്‍ യാദവ്,ടി നടരാജന്‍,ശര്‍ദുല്‍ ഠാക്കൂര്‍ തുടങ്ങിയ താരങ്ങളെല്ലാം ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തി ഇന്ത്യന്‍ ടീമിലേക്ക് എത്തിയവരാണ്. ലോകത്തിലെ ഒട്ടുമിക്ക സൂപ്പര്‍താരങ്ങളും പങ്കെടുക്കുന്നതിനാല്‍ ഐപിഎല്ലില്‍ കളിക്കുന്നത് യുവ താരങ്ങള്‍ക്ക് വലിയ അനുഭവസമ്പത്ത് നല്‍കും.
പാകിസ്താന്‍ ടീം യുവതാരങ്ങളെ വളര്‍ത്തിക്കൊണ്ടുവരുന്നതില്‍ ഇന്ത്യയുടെ അത്ര മികവ് കാട്ടുന്നില്ല. ടീം മാനേജ്‌മെന്റുമായുള്ള പ്രശ്‌നങ്ങളെത്തുടര്‍ന്ന് പല മികച്ച താരങ്ങളും ടീമിന് പുറത്താണ്. ബാബര്‍ അസാം എന്ന യുവ പ്രതിഭയുടെ കീഴില്‍ തിരിച്ചുവരാനുള്ള ശക്തമായ ശ്രമത്തിലാണ് പാകിസ്താന്‍.