പുനെ: വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ വീരേന്ദര്‍ സേവാഗിന്റെ ഹരിയാനയ്ക്ക് വേണ്ടിയുള്ള അരങ്ങേറ്റം മോശമായില്ല. രഞ്ജി ക്രിക്കറ്റില്‍ ഹരിയാനയ്ക്ക് വേണ്ടി ആദ്യ മത്സരം കളിക്കാനിറങ്ങിയ സേവാഗ് ഒന്നാമിന്നിംഗ്‌സില്‍ അടിച്ചത് 92 റണ്‍സ്. വെറും 129 പന്തിലായിരുന്നു സേവാഗിന്റെ 92 റണ്‍സ്. നേരിയ വ്യത്യാസത്തില്‍ സെഞ്ചുറി നഷ്ടമായെങ്കിലും തന്നില്‍ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ടെന്ന സൂചന കൂടിയാണ് സേവാഗ് നല്‍കിയത്.
14 വര്‍ഷത്തോളം ലോകം മുഴുവനുമുള്ള ക്രിക്കറ്റ് ആരാധകരെ മിന്നല്‍ ബാറ്റിങ് കൊണ്ട് ഹരം കൊള്ളിച്ച സേവാഗ് ഇപ്പോള്‍ ഇന്ത്യന്‍ ടീമിന് പുറത്താണ്. ഈ രഞ്ജി സീസണ് മുന്നോടിയായിട്ടാണ് സേവാഗ് ഹരിയാനയ്ക്ക് വേണ്ടി കളിക്കാന്‍ തീരുമാനമെടുത്തത്. പുനെയിലെ എം സി എ സ്റ്റേഡിയത്തില്‍ മഹാരാഷ്ട്രയ്‌ക്കെതിരെ ആയിരുന്നു സേവാഗ് ഹരിയാനയ്ക്ക് വേണ്ടി അരങ്ങേറിയത്.

15 ബൗണ്ടറികളോടെ 92 റണ്‍സുമായി സേവാഗ് പുറത്താകുമ്പോള്‍ ഹരിയാന 45. ഓവറില്‍ 4 വിക്കറ്റിന് 156 റണ്‍സെടുത്തിരുന്നു. ഹരിയാനയ്ക്ക് വേണ്ടി വന്‍ സ്‌കോറുകള്‍ നേടാനാകുമെന്ന് സേവാഗ് നേരത്തെ പ്രതീക്ഷ പ്രകടിപ്പിച്ചിരുന്നു. 1997 - 98 സീസണില്‍ ദില്ലിക്ക് വേണ്ടി കളിച്ചുതുടങ്ങിയ സേവാഗ് സംസ്ഥാന ക്രിക്കറ്റ് ഇന്ത്യയ്ക്ക് സംഭാവന ചെയ്ത ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍ കൂടിയാണ്.
സച്ചിനോടുള്ള സാദൃശ്യമാണ് തുടക്കക്കാലത്ത് സേവാഗിനെ പ്രശസ്തനാക്കിയത്. 104 ടെസ്റ്റുകളും 251 ഏകദിനങ്ങളും 19 ട്വന്റി 20 മത്സരങ്ങളും ഇന്ത്യക്ക് വേണ്ടി കളിച്ചു. 17000ത്തില്‍ കൂടുതല്‍ റണ്‍സടിച്ചു. കഴിഞ്ഞ സീസണില്‍ ദില്ലിക്ക് വേണ്ടി എട്ട് കളികളില്‍ നിന്നായി സേവാഗ് 568 റണ്‍സെടുത്തിരുന്നു.