ഐപിഎല്ലിന്റെ പുതിയ സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ ഇറങ്ങാനിരിക്കെ റോയല്‍ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് ഒരു പുതിയ തുറുപ്പുചീട്ടിനെ ലഭിച്ചിരിക്കുകയാണ്- രജത് പതിധാര്. മധ്യപ്രദേശില്‍ നിന്നുള്ള ഈ 27കാരന് ആര്‍സിബിയുടെ രണ്ടു പരിശീലന മല്‍സരങ്ങളിലും ഉജ്ജ്വല പ്രകടനമാണ് നടത്തിയത്. ആദ്യ കളിയില്‍ 35 ബോളില്‍ 54 റണ്‍സുമായി മിന്നിയ പതിധാര് കഴിഞ്ഞ രണ്ടാമത്തെ പരിശീലന മല്‍സരത്തില്‍ സെഞ്ച്വറിയടുമടിച്ചു. വെറും 49 ബോളില്‍ 104 റണ്‍സാണ് താരം വാരിക്കൂട്ടിയത്. ഇതോടെ മുംബൈ ഇന്ത്യന്‍സിനെതിരായ ഉദ്ഘാടന മല്‍സരത്തില്‍ ആര്‍സിബി പ്ലെയിങ് ഇലവനില്‍ സ്ഥാനത്തിനായി അവകാശവാദവുമുന്നയിച്ചിരിക്കുകയാണ് പതിധാര്.
റണ്‍മഴ കണ്ട രണ്ടാം പരിശീലന മല്‍സരത്തില്‍ തന്റെ ടീമിനെ വിജയത്തിലേക്കു നയിക്കാനും പതിധാറിനു കഴിഞ്ഞു. ആര്‍സിബി ടീം രണ്ടായി തിരിഞ്ഞാണ് പരിശീലന മല്‍സരം കളിച്ചത്. ആദ്യം ബാറ്റ് ചെയ്ത ടീം നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റിന് 224 റണ്‍സെന്ന വമ്പന്‍ ടോട്ടല്‍ പടുത്തുയര്‍ത്തി. ഓള്‍റൗണ്ടര്‍ ഷഹബാസ് അഹമ്മദാണ് ടോപ്സ്കോറര്‍. 48 ബോളില്‍ താരം 95 റണ്‍സ് അടിച്ചെടുത്തു. കെഎസ് ഭരതാണ് മറ്റൊരു സ്കോറര്‍. 26 ബോളില്‍ 47 റണ്‍സ് താരം നേടി. നവദീപ് സെയ്നി 33 റണ്‍സിനു രണ്ടു വിക്കറ്റുകളെടുത്തു.
മറുപടി ബാറ്റിങിലായിരുന്നു പതിധാറിന്റെ സ്ഫോടനാത്മക ഇന്നിങ്സ് കണ്ടത്. നാലു ബോളുകള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ടീം വിജയത്തിലെത്തുകയും ചെയ്തു. പതിധാറാണ് ടീമിന്റെ ഹീറോയായത്. പുതുതായി ടീമിലെത്തിയ ഓസ്ട്രേലിയയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്സ്വെല്ലും തിളങ്ങി. 31 ബോളില്‍ അദ്ദേഹം 44 റണ്‍സെടുത്തു. ഡാന്‍ ക്രിസ്റ്റിയന്‍ 38 റണ്‍സിന് മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി.
ആരാണ് പതിധാര്?
മധ്യപ്രദേശിനു വേണ്ടി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചുകൊണ്ടിരിക്കുന്ന താരമാണ് 27 കാരനായ പതിധാര്. മൂന്നാം നമ്പറിലാണ് അദ്ദേഹം മധ്യപ്രദേശിനായി ആഭ്യന്തര ക്രിക്കറ്റില്‍ കളിച്ചുകൊണ്ടിരിക്കുന്നത്. ടി20 കരിയറെടുത്താല്‍ 23 മല്‍സരങ്ങളില്‍ നിന്നും 35 ശരാശരിയില്‍ 699 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. ആറു ഫിഫ്റ്റികളുള്‍പ്പെടെയാണിത്. 96 റണ്‍സാണ് ഉയര്‍ന്ന സ്കോര്‍. ഈ സീസണിലെ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗോവയ്ക്കെതിരേയായിരുന്നു ഈ ഇന്നിങ്സ്.
ഐപിഎല്ലില്‍ പതിധാറിന് അരങ്ങേറ്റ സീസണാണ് വരാനിരിക്കുന്നത്. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് താരത്തിനു വേണ്ടി പണം മുടക്കാന്‍ ആര്‍സിബിയെ പ്രേരിപ്പിച്ചത്. ലേലത്തില്‍ അടിസ്ഥാന വിലയായ 20 ലക്ഷം രൂപയ്ക്കു പതിധാറിനെ ആര്‍സിബി സ്വന്തമാക്കുകയായിരുന്നു.
ഈ സീസണിലെ മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിന്റെ മികച്ച പ്രകടനത്തില്‍ നിര്‍ണായക പങ്കു വഹിച്ചത് പതിധാറായിരുന്നു. അഞ്ചു മല്‍സരങ്ങളില്‍ നാലിലും ജയിച്ച എംപി ഒന്നില്‍ മാത്രമാണ് തോറ്റത്. ഗോവയ്ക്കെതിരേ 51 ബോളില്‍ 96ഉം വിദര്‍ഭയ്ക്കെതിരേ 41 ബോളില്‍ 50ഉം സൗരാഷ്ട്രയ്ക്കെതിരേ 31 ബോളില്‍ 52ഉം സര്‍വീസസിനെതിരേ 20 ബോളില്‍ 23ഉം റണ്‍സ് അദ്ദേഹം നേടിയിരുന്നു.