ഹൈദരാബാദ്: ഐപിഎല്ലിലെ റണ്‍മഴ കണ്ട പോരാട്ടത്തില്‍ മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു അഞ്ചു വിക്കറ്റിന്റെ ഉജ്ജ്വല ജയം. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ മലയാളി താരം സഞ്ജു സാംസണിന്റെ (102*) മിന്നും സെഞ്ച്വറിയുടെ കരുത്തില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 198 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഇതേ നാണയത്തില്‍ തിരിച്ചടിച്ച ഹൈദരാബാദ് ഒരോവറും അഞ്ചു വിക്കറ്റും ശേഷിക്കെ 201 റണ്‍സെടുത്തു ലക്ഷ്യത്തിലെത്തി. സീസണില്‍ ഹൈദരാബാദിന്റെ കന്നി ജയമാണ് ഇതെങ്കില്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലാണ് രാജസ്ഥാന് പരാജയം നേരിട്ടത്.

തുടര്‍ച്ചയായി രണ്ടാം മല്‍സരത്തിലും ഫിഫ്റ്റി നേടിയ സൂപ്പര്‍ താരം ഡേവിഡ് വാര്‍ണറാണ് (69) ഹൈദരാബാദിന്റെ ടോപ്‌സ്‌കോറര്‍. 37 പന്തുകളില്‍ നേരിട്ട വാര്‍ണറുടെ ഇന്നിങ്‌സില്‍ ഒമ്പത് ബൗണ്ടറികളും രണ്ടു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ജോണി ബെയര്‍സ്‌റ്റോ 45 (28 പന്ത്, 6 ബൗണ്ടറി, 1 സിക്‌സര്‍), വിജയ് ശങ്കര്‍ 35 (15 പന്ത്, 3 സിക്‌സര്‍, 1 ബൗണ്ടറി) എന്നിവരും ജയത്തില്‍ നിര്‍ണായക പങ്കു വഹിച്ചു. ശ്രേയസ് ഗോപാല്‍ രാജസ്ഥാനു വേണ്ടി മൂന്നു വിക്കറ്റ് നേടി.
നേരത്തേ 54 പന്തിലാണ് സഞ്ജു തന്റെ രണ്ടാം ഐപിഎല്‍ സെഞ്ച്വറി കണ്ടെത്തിയത്. 55 പന്തുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ 10 ബൗണ്ടറകളും നാലു സിക്‌സറുമുണ്ടായിരുന്നു. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് (70) ടീമിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. ജോസ് ബട്‌ലറെ (5) തുടക്കത്തില്‍ നഷ്ടമായ രാജസ്ഥാനെ ശക്തമായ നിലയിലെത്തിച്ചത് സഞ്ജു- രഹാനെ സഖ്യമാണ്. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 118 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. അപരാജിതമായ മൂന്നാം വിക്കറ്റില്‍ ബെന്‍ സ്റ്റോക്‌സിനൊപ്പം (16*) 25 പന്തില്‍ 64 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും സഞ്ജുവിന് സാധിച്ചു.
ടോസിനു ശേഷം രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകായിരുന്നു. പരിക്കിനെ തുടര്‍ന്നു കഴിഞ്ഞ മല്‍സരം നഷ്ടമായ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ്‍ ഈ കളിയിലൂടെ ഹൈദരാബാദ് ടീമില്‍ തിരിച്ചെത്തി. സീസണിലെ ആദ്യ ജയം ലക്ഷ്യമിട്ടാണ് ഇരുടീമുകളും ഇറങ്ങിയത്.
ബട്‌ലറെ തുടക്കത്തില്‍ നഷ്ടം
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത രാജസ്ഥാന്റെ തുടക്കം മോശമായിരുന്നു. ടീം സ്‌കോര്‍ 15ല്‍ വച്ച് അപകടകാരിയായ ജോസ് ബട്‌ലറെ രാജസ്ഥാന് നഷ്ടമായി. എട്ടു പന്തുകള്‍ നേരിട്ട താരത്തിന് അഞ്ചു റണ്‍സ് മാത്രമാണ് നേടാനായത്. സ്റ്റാര്‍ സ്പിന്നര്‍ റാഷിദ് ഖാനാണ് രാജസ്ഥാന് ആദ്യ പ്രഹരമേല്‍പ്പിച്ചത്. റാഷിദിന്റെ ബൗളിങില്‍ ബട്‌ലര്‍ ബൗള്‍ഡായി മടങ്ങുകയായിരുന്നു.

സെഞ്ച്വറി കൂട്ടുകെട്ട്
ബട്‌ലറെ തുടക്കത്തില്‍ നഷ്ടമായെങ്കിലും രാജസ്ഥാന്‍ പതറിയില്ല. രണ്ടാം വിക്കറ്റില്‍ മലയാളി താരം സഞ്ജു സാംസണിനൊപ്പം സെഞ്ച്വറി കൂട്ടുകെട്ടുണ്ടാക്കി നായകന്‍ രഹാനെ ടീമിനെ കരകയറ്റി. 119 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഈ സഖ്യം രാജസ്ഥാനെ ഭദ്രമായ സ്‌കോറിലെത്തിച്ചു. ഇരുവരും അര്‍ധസെഞ്ച്വറിയുമായി രാജസ്ഥാനെ വമ്പന്‍ സ്‌കോറിലേക്ക് നയിക്കവെയാണ് രഹാനെ പുറത്താക്കി ഹൈദരാബാദ് നിര്‍ണായക ബ്രേക്ക്ത്രൂ നേടിയത്.
70 റണ്‍സെടുത്ത രഹാനെയെ ഷഹബാസ് നദീമിന്റെ ബൗളിങില്‍ മനീഷ് പാണ്ഡെ പിടികൂടി. 49 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമുള്‍പ്പെട്ടതാണ് രഹാനെയുടെ ഇന്നിങ്‌സ്.