ഐപിഎല്‍: അക്കൗണ്ട് തുറന്ന് രാജസ്ഥാന്‍, സീസണിലെ ആദ്യ ജയം... ആര്‍സിബിക്ക് നാലാം തോല്‍വി

ജയ്പൂര്‍: ഐപിഎല്ലില്‍ ഹാട്രിക്ക് തോല്‍വികള്‍ക്കു ശേഷം മുന്‍ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ് അക്കൗണ്ട് തുറന്നു. ഹോംഗ്രൗണ്ടായ ജയ്പൂരിലെ സവായ്മാന്‍ സിങ് സ്റ്റേഡിയത്തില്‍ നടന്ന നാലാം റൗണ്ട് പോരാട്ടത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയാണ് ഏഴു വിക്കറ്റിന് രാജസ്ഥാന്‍ കെട്ടുകെട്ടിച്ചത്. സീസണില്‍ ദയനീയ പ്രകടനം തുടരുന്ന ആര്‍സിബിയുടെ തുടര്‍ച്ചയായ നാലാമത്തെ പരാജയം കൂടിയാണിത്.
ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയെ നാലു വിക്കറ്റിന് 158 റണ്ണിലൊതുക്കിയപ്പോള്‍ തന്നെ രാജസ്ഥാന്‍ വിജയം പ്രതീക്ഷിച്ചിരുന്നു. മറുപടിയില്‍ ജോസ് ബട്‌ലര്‍ (59) ഫിഫറ്റിയുമായി പട നയിച്ചപ്പോള്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഒരു പന്ത് ബാക്കിനില്‍ക്കെ രാജസ്ഥാന്‍ ലക്ഷ്യം മറികടന്നു. ബട്‌ലറെക്കൂടാതെ സ്റ്റീവ് സ്മിത്ത് (38), രാഹുല്‍ ത്രിപാഠി (34*), ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (22) എന്നിവരും ടീമിന്റെ ജയത്തില്‍ നിര്‍ണായക സംഭാവനകള്‍ നല്‍കി. 43 പന്തില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് ബട്‌ലര്‍ ടീമിന്റെ ടോപ്‌സ്‌കോററായത്. ആര്‍സിബിക്കു വേണ്ടി യുസ് വേന്ദ്ര ചഹല്‍ രണ്ടു വിക്കറ്റെടുത്തു.

നേരത്തേ ടോസിനു ശേഷം രാജസ്ഥാന്‍ നായകന്‍ അജിങ്ക്യ രഹാനെ എതിരാളികളെ ബാറ്റിങിന് അയക്കുകയായിരുന്നു. രാജസ്ഥാന്റെ മികച്ച ബൗളിങിനു മുന്നില്‍ നാലു വിക്കറ്റിന് 158 റണ്‍സാണ് ആര്‍സിബി നേടിയത്. 67 റണ്‍സെടുത്ത ഓപ്പണര്‍ പാര്‍ഥീവ് പട്ടേലാണ് ആര്‍സിബിയുടെ ടോപ്‌സ്‌കോറര്‍. 41 പന്തില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ആര്‍സിബി നിരയില്‍ മറ്റുള്ളവരൊന്നും 35 റണ്‍സ് തികച്ചില്ല. ക്യാപ്റ്റന്‍ വിരാട് കോലി (23), എബി ഡിവില്ലിയേഴ്‌സ് (13), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (1) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.
31 റണ്‍സോടെ മാര്‍ക്കസ് സ്‌റ്റോയ്ണിസും 18 റണ്‍സുമായി മോയിന്‍ അലിയും പുറത്താവാതെ നിന്നു. മൂന്നു വിക്കറ്റെടുത്ത ശ്രേയസ് ഗോപാലാണ് ആര്‍സിബിക്കു കടിഞ്ഞാണിട്ടത്. നാലോവറില്‍ ഒരു മെയ്ഡനുള്‍പ്പെടെ 12 റണ്‍സ് മാത്രം വഴങ്ങിയാണ് താരം മൂന്നു വിക്കറ്റ് പോക്കറ്റിലാക്കിയത്.
പരിക്കിനെ തുടര്‍ന്ന് മലയാളി വിക്കറ്റ് കീപ്പര്‍ സഞ്ജു സാംസണ്‍ ഈ മല്‍സരത്തില്‍ രാജസ്ഥാനു വേണ്ടി കളിക്കുന്നില്ല. സഞ്ജുവിനു പകരം സ്റ്റുവര്‍ട്ട് ബിന്നി പ്ലെയിങ് ഇലവനിലെത്തി. ജയദേവ് ഉനാട്കട്ടിനു പകരം വരുണ്‍ ആരോണിനെയും രാജസ്ഥാന്‍ കളിപ്പിച്ചു. ആര്‍സിബി ടീമിലും ചില മാറ്റങ്ങളുണ്ടായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ കളിയില്‍ വന്‍ തോല്‍വിയേറ്റു വാങ്ങിയ ആര്‍സിബി ടീമില്‍ മൂന്നു മാറ്റങ്ങളുണ്ടായിരുന്നു. ശിവം ദുബെയ്ക്കു പകരം അക്ഷ്ദീപ് നാഥും പ്രയസ് ബര്‍മനു പകരം നവ്ദീപ് സെയ്‌നിയും കോളിന്‍ ഡി ഗ്രാന്‍ഡോമിനു പകരം മാര്‍ക്കസ് സ്റ്റോയ്ണിസും ടീമിലെത്തി.

കോലി ക്ലീന്‍ ബൗള്‍ഡ്
പാര്‍ഥീവ് പട്ടേലിനോടൊപ്പം ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഈ മല്‍സരത്തില്‍ ആര്‍സിബിക്കായി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. മോശമല്ലാത്ത തുടക്കമാണ് ഇരുവരും ടീമിനു നല്‍കിയത്. ഈ സഖ്യം അര്‍ധസെഞ്ച്വറിക്ക് ഒരു റണ്‍സകലെ വേര്‍പിരിഞ്ഞു. നായകന്‍ കോലിയാണ് ആദ്യം പുറത്തായത്. ശ്രേയസ് ഗോപാലാണ് രാജസ്ഥാന് ബ്രേക്ക്ത്രൂ നല്‍കിയത്. 23 റണ്‍സെടുത്ത കോലിയെ ശ്രേയസ് ബൗള്‍ഡാക്കുകയായിരുന്നു. 25 പന്തുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു ബൗണ്ടറികളുള്‍പ്പെട്ടിരുന്നു.

എബിഡിയെ ഞെട്ടിച്ച് ശ്രേയസ്
പിന്നീട് ശ്രേയസിന്റെ ഉജ്ജ്വല ബൗളിങ് പ്രകടനത്തിനാണ് ജയ്പൂരിലെ സവായ്മാന്‍ സിങ് സാക്ഷിയായത്. സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സിനെയും പുറത്താക്കി ശ്രേയസ് ആര്‍സിബിയെ സ്തബ്ധരാക്കി. ഒമ്പത് പന്തില്‍ നിന്നും രണ്ടു ബൗണ്ടറികളോടെ 13 റണ്‍സെടുത്ത എബിഡിയെ ശ്രേയസ് സ്വന്തം ബൗളിങില്‍ പിടികൂടുമ്പോള്‍ ആര്‍സിബി രണ്ടിന് 71.

ദുരന്തമായി ഹെറ്റ്‌മെയര്‍
ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും ഫ്‌ളോപ്പായി മാറുകയാണ് വിന്‍ഡീസിന്റെ യുവ സെന്‍സേഷനായ ഷിംറോണ്‍ ഹെറ്റ്‌മെയര്‍. കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും നിരാശപ്പെടുത്തിയ ഹെറ്റ്‌മെയര്‍ ഈ കളിയിലും വന്നതും പോയതും പെട്ടെന്നായിരുന്നു. ശ്രേയസ് തന്നെയാണ് വിന്‍ഡീസ് താരത്തിന്റെയും അന്തകനായത്. ഒമ്പത് പന്തില്‍ ഒരു റണ്‍സെടുത്ത ഹെറ്റ്‌മെയറെ ശ്രേയസിന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ പിടികൂടി. ആര്‍സിബി മൂന്നിന് 73.

പാര്‍ഥീവിന്റെ വിക്കറ്റ് ആര്‍ച്ചര്‍ക്ക്
പൊരുതിനേടിയ ഫിഫറ്റിയിലൂടെ ടീമിനെ ഭേദപ്പെട്ട നിലയിലെത്തിച്ച പാര്‍ഥീവ് പട്ടേലിനെയാണ് ആര്‍സിബിക്ക് പിന്നീട് നഷ്ടമായത്. ടീം സ്‌കോര്‍ 126ല്‍ വച്ചായിരുന്നു പാര്‍ഥീവിന്റെ മടക്കം. 41 പന്തില്‍ ഒമ്പത് ബൗണ്ടറികളും ഒരു സിക്‌സറുമടക്കം 67 റണ്‍സ് നേടിയ പാര്‍ഥിവിനെ ദജോഫ്ര ആര്‍ച്ചറുടെ ബൗളിങില്‍ നായകന്‍ അജിങ്ക്യ രഹാനെയാണ് പിടികൂടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications