
ജയ്പൂര്‍: ഐപിഎല്ലിലെ മുന്‍ ചാംപ്യന്‍മാര്‍ തമ്മിലുള്ള പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തകര്‍ത്തെറിഞ്ഞു. തികച്ചും ഏകപക്ഷീയമായ കളിയില്‍ എട്ടു വിക്കറ്റിന്റെ അനായാസ ജയമാണ് കെകെആര്‍ ആഘോഷിച്ചത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാനെ 3 വിക്കറ്റിന് 139 റണ്‍സിലൊതുക്കിയപ്പോള്‍ തന്നെ കെകെആര്‍ വിജയപ്രതീക്ഷയിലായിരുന്നു.

മറുപടി ബാറ്റിങില്‍ ക്രിസ് ലിന്‍ (50), സുനില്‍ നരെയ്ന്‍ (47) എന്നിവര്‍ തകര്‍ത്തടിച്ചപ്പോള്‍ രണ്ടു വിക്കറ്റിന് വെറും 13.5 ഓവരില്‍ കെകെആര്‍ ലക്ഷ്യത്തിലേക്കു കുതിച്ചെത്തി. 32 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് ലിന്‍ കെകെആറിന്റെ ടോപ്‌സ്‌കോററായത്. നരെയ്ന്‍ 25 പന്തില്‍ ആറു ബൗണ്ടറികളും മൂന്നു സിക്‌സറും നേടി. റോബിന്‍ ഉത്തപ്പ (26*), ശുഭ്മാന്‍ ഗില്‍ (6*) എന്നിവര്‍ ചേര്‍ന്നാണ് കെകെആറിന്റെ ജയം പൂര്‍ത്തിയാക്കിയത്.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട രാജസ്ഥാന്‍ മൂന്നു വിക്കറ്റിന് 139 റണ്‍സാണ് നേടിയത്. സ്റ്റീവ് സ്മിത്തിന്റെ (73*)ഇന്നിങ്‌സാണ് രാജസ്ഥാനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. ജോസ് ബട്‌ലറാണ് (37) മറ്റൊരു പ്രധാന സ്‌കോറര്‍. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (5), രാഹുല്‍ ത്രിപാഠി (6) എന്നിവര്‍ നിരാശപ്പെടുത്തി. 59 പന്തില്‍ ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് സ്മിത്ത് ടീമിന്റെ ടോപ്‌സ്‌കോററായത്. ഏഴു റണ്‍സുമായി ബെന്‍ സ്‌റ്റോക്‌സ് പുറത്താവാതെ നിന്നു.

ടീം സ്‌കോര്‍ അഞ്ചില്‍ വച്ച് രഹാനെയെ നഷ്ടമായ രാജസ്ഥാനെ രണ്ടാം വിക്കറ്റില്‍ ബട്‌ലര്‍- സ്മിത്ത് സഖ്യം ചേര്‍ന്നെടുത്ത 72 റണ്‍സാണ് കരകയറ്റിയത്. 34 പന്തുകള്‍ നേരിട്ട ബട്‌ലറുടെ ഇന്നിങ്‌സില്‍ അഞ്ചു ബൗണ്ടറികളും ഒരു സിക്‌സറുമുണ്ടായിരുന്നു. കെകെആറിനു വേണ്ടി ഹാരി ഗര്‍നെ രണ്ടു വിക്കറ്റെടുത്തു. ടോസ് ലഭിച്ച കെകെആര്‍ നായകന്‍ ദിനേഷ് കാര്‍ത്തിക് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തൊട്ടു മുമ്പത്തെ മല്‍സരത്തില്‍ കളിച്ച രാജസ്ഥാന്‍ ടീമില്‍ രണ്ടു മാറ്റങ്ങളുണ്ടായിരുന്നു. സ്റ്റുവര്‍ട്ട് ബിന്നി, വരുണ്‍ ആരോണ്‍ എന്നിവര്‍ക്കു പകരം പ്രശാന്ത് ചോപ്രയും മിഥുനും കളിച്ചു. മറുഭാഗത്ത് ലോക്കി ഫെര്‍ഗൂസനു പകരം ഹാഗി ഗര്‍നെ കളിച്ചു.