ഐപിഎല്‍: ബട്‌ലറെ 'ചതിച്ച്' അശ്വിന്‍, രാജസ്ഥാനെതിരേ പഞ്ചാബിന് നാടകീയ ജയം

ജയ്പൂര്‍: ഐപിഎല്ലിന്റെ 12ാം സീസണിലെ നാലാമത്തെ മല്‍സരത്തില്‍ കിങ്‌സ് ഇലവന്‍ പഞ്ചാബിനു നാടകീയ വിജയം. പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിനെ അവരുടെ മൈതാനത്തു 14 റണ്‍സിനാണ് പഞ്ചാബ് മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ നാലു വിക്കറ്റിന് 184 റണ്‍സാണ് നേടിയത്. മറുപടിയില്‍ ഒമ്പതു വിക്കറ്റിന് 170 റണ്‍സെടുക്കാനേ രാജസ്ഥാനു കഴിഞ്ഞുള്ളൂ.

ഒരു ഘട്ടത്തില്‍ ജോസ് ബട്‌ലര്‍ തകര്‍ത്തടിച്ചപ്പോള്‍ രാജസ്ഥാന്‍ അനായാസ ജയത്തിന് അരികെയായിരുന്നു. എന്നാല്‍ തികച്ചും അസാധാരണമായ രീതിയില്‍ ബട്‌ലര്‍ റണ്ണൗട്ടായത് കളിയിലെ വഴിത്തിരിവായി. ബൗള്‍ ചെയ്യാനെത്തിയ അശ്വിന്‍ പന്തെറിയും മുമ്പ് ക്രീസിന് പുറത്തേക്ക് ഇറങ്ങി നിന്ന നോണ്‍ സ്‌ട്രൈക്കറായ ബട്‌ലറെ റണ്ണൗട്ടാക്കുകയായിരുന്നു. തുടര്‍ന്നു അശ്വിനുമായി വാഗ്വാദത്തിലേര്‍പ്പെട്ട ബട്‌ലര്‍ തേര്‍ഡ് അംപയറുടെ തീരുമാനത്തില്‍ കുപിതനായാണ് കളം വിട്ടത്.
43 പന്തില്‍ 10 ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 69 റണ്‍സെടുത്ത ബട്‌ലറാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. ബട്‌ലര്‍ മടങ്ങിയതോടെ രാജസ്ഥാന് പിന്നീട് തുടരെ വിക്കറ്റുകള്‍ നഷ്ടമായി. മലയാളി താരം സഞ്ജു സാംസണ്‍ 30 റണ്‍സില്‍ പുറത്തായപ്പോള്‍ വിലക്ക് കഴിഞ്ഞ് തിരിച്ചെത്തിയ സ്റ്റീവ് സ്മിത്തിന് 19 റണ്‍സെടുക്കാനേ ആയുള്ളൂ. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയാണ് (27) രണ്ടക്കം കടന്ന മറ്റൊരാള്‍. രാജസ്ഥാനു വേണ്ടി സാം കറെന്‍, മുജീബുര്‍ റഹ്മാന്‍, അങ്കിത്ത് രാജ്പുത്ത് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തേ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങിന് അയക്കപ്പെട്ട പഞ്ചാബ് നാലു വിക്കറ്റിനാണ് 184 റണ്‍സ് നേടിയത്. യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലിന്റെ (79) തകര്‍പ്പന്‍ ഇന്നിങ്‌സാണ് പഞ്ചാബിന് കരുത്തായത്. 47 പന്തില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറുമടങ്ങിയതായിരുന്നു സൂപ്പര്‍ താരത്തിന്റെ ഇന്നിങ്‌സ്. ഗെയ്‌ലിനെക്കൂടാതെ സര്‍ഫ്രാസ് ഖാന്‍ (46*), മായങ്ക അഗര്‍വാള്‍ (22), നിക്കോളാസ് പ്യുറാന്‍ (12) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. 29 പന്തില്‍ ആറു ബൗണ്ടറിയും ഒരു സിക്‌സറുമടക്കമാണ് സര്‍ഫ്രാസ് 46 റണ്‍സ് നേടിയത്.
എന്നാല്‍ ലോകേഷ് രാഹുലിന് നാലു റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
മൂന്നാം വിക്കറ്റില്‍ സര്‍ഫ്രാസിനൊപ്പം 84 റണ്‍സിന്റെയും രണ്ടാം വിക്കറ്റില്‍ മായങ്കിനൊപ്പം 54 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കാന്‍ ഗെയ്‌ലിനു കഴിഞ്ഞു. രാഹുലിനെ ആദ്യ ഓവറില്‍ തന്നെ പഞ്ചാബിനു നഷ്ടമായിരുന്നു. രാജസ്ഥാനു വേണ്ടി ബെന്‍ സ്റ്റോക്‌സ് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ധവാല്‍ കുല്‍ക്കര്‍ണിയും കെ ഗൗതവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

നിരാശപ്പെടുത്തി രാഹുല്‍
ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാമെന്ന പ്രതീക്ഷയില്‍ ഐപിഎല്ലില്‍ ഇറങ്ങിയ ലോകേഷ് രാഹുലിന് പക്ഷെ ആദ്യ കളിയില്‍ പിഴച്ചു. വെറും നാലു റണ്‍സെടുക്കാനേ രാഹുലിനായുള്ളൂ. ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ താരം മടങ്ങി. ധവാല്‍ കുല്‍ക്കര്‍ണിയുടെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലറാണ് മികച്ചൊരു ക്യാച്ചിലൂടെ രാഹുലിനെ പുറത്താക്കിയത്.

തകര്‍പ്പന്‍ ക്യാച്ച്
മികച്ച ഫോമില്‍ ബാറ്റ് വീശിയ മായങ്ക് അഗര്‍വാളിന് പക്ഷെ വലിയ ഇന്നിങ്‌സ് കളിക്കാനായില്ല. 22 റണ്‍സാണ് താരം നേടിയത്. 24 പന്തില്‍ രണ്ടു സിക്‌സറും ഒരു ബൗണ്ടറിയും മായങ്കിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.
ഓപ്പണര്‍ ക്രിസ് ഗെയ്‌ലിനൊപ്പം 54 റണ്‍സിന്റെ കൂട്ടുകെട്ടുമായി രാജസ്ഥാനെ കരകയറ്റിയ ശേഷമാണ് മായങ്ക് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. കെ ഗൗതമിന്റെ ബൗളിങില്‍ മായങ്കിന്റെ സിക്‌സറെന്നു ഉറപ്പിച്ച ഷോട്ട് മിഡ് ഓഫില്‍ ബൗണ്ടറി ലൈനിനു തൊട്ടരികില്‍ ധവാല്‍ കുല്‍ക്കര്‍ണി മികച്ചൊരു ക്യാച്ചിലൂടെ പിടിയിലൊതുക്കി. പഞ്ചാബ് രണ്ടിന് 60.

ഗെയ്ല്‍ ഷോ
പതിയെ തുടങ്ങിയ സൂപ്പര്‍ താരം ഗെയ്ല്‍ പിന്നീട് തകര്‍ത്തടിച്ചതോടെയാണ് പഞ്ചാബ് സ്‌കോറിങിന് വേഗം കൂടിയത്. മൂന്നാം വിക്കറ്റില്‍ സര്‍ഫ്രാസ് ഖാനോടൊപ്പം 84 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഗെയ്ല്‍ പഞ്ചാബിനെ ഭദ്രമായ സ്‌കോറിലെത്തിച്ചു. ഈ സീസണിലെ കന്നി സെഞ്ച്വറി ഗെയ്ല്‍ തന്റെ പേരില്‍ കുറിക്കുമെന്നിരിക്കെയാണ് ബെന്‍ സ്റ്റോക്‌സിലൂടെ രാജസ്ഥാന്‍ നിര്‍ണായക ബ്രേക്ക്ത്രൂ നേടിയത്. 79 റണ്‍സെടുത്ത ഗെയ്‌ലിനെ ബൗണ്ടറി ലൈനിന് തൊട്ടരികെ രാഹുല്‍ ത്രിപാഠി പിടികൂടുകയായിരുന്നു. 47 പന്തില്‍ എട്ടു ബൗണ്ടറികളും നാലു സിക്‌സറുമുള്‍പ്പെട്ടതാണ് ഗെയ്‌ലിന്റെ ഇന്നിങ്‌സ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications