
ബാറ്റിങിലാണ് ഡല്‍ഹിക്കു ഏറ്റവും വലിയ ആശങ്കയുള്ളത്. കാരണം രണ്ടു താരങ്ങള്‍ മാത്രമേ സീസണില്‍ ഡല്‍ഹിക്കായി ബാറ്റിങില്‍ തിളങ്ങിയിട്ടുള്ളൂ. 306 റണ്‍സ് നേടിയ റിഷഭ് പന്താണ് ടീമിന്റെ ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരാണ് 257 റണ്‍സുമായി രണ്ടാമതുള്ളത്. ഇവരെക്കൂടാതെ ടീമിലെ മറ്റൊരു താരത്തിനും ബാറ്റിങില്‍ കാര്യമായ സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടില്ല.
ഒമ്പതു കോടി രൂപയ്ക്കു ടീമിലെത്തിയ ഓസീസ് സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്‌വെല്‍ നിരാശാജനകമായ പ്രകടനമാണ് നടത്തുന്നത്. ഈ സീസണില്‍ ഏഴു ഇന്നിങ്‌സുകള്‍ കളിച്ച അദ്ദേഹത്തിന് 126 റണ്‍സ് മാത്രമേ നേടാനായിട്ടുള്ളൂ.

ജയിക്കാവുന്ന കളി തോറ്റു
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ ജയിക്കാവുന്ന കഴിഞ്ഞ മല്‍സരം തോറ്റതിന്റെ ക്ഷീണത്തിലാണ് രാജസ്ഥാന്‍ ഡല്‍ഹിയുടെ ഹോംഗ്രൗണ്ടിലെത്തുന്നത്. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിനെ 152 റണ്‍സിലൊതുക്കാന്‍ രാജസ്ഥാനു സാധിച്ചിരുന്നു. പക്ഷെ മധ്യനിര ബാറ്റ്‌സ്മാന്‍മാര്‍ നിരാശപ്പെടുത്തിയപ്പോള്‍ രാജസ്ഥാന്‍ ലക്ഷ്യത്തിന് 12 റണ്‍സ് അകലെ കീഴടങ്ങുകയായിരുന്നു. 51 പന്തുകള്‍ക്കിടെ ഒരു ബൗണ്ടറി മാത്രമാണ് മല്‍സരത്തില്‍ രാജസ്ഥാനു നേടാനായത്.
ബാറ്റിങില്‍ നിര്‍ണായക സംഭാവന നല്‍കാന്‍ സാധിക്കുമായിരുന്ന കൃഷ്ണപ്പ ഗൗതം, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ക്കു മുമ്പ് യുവതാരം മഹിപാല്‍ ലൊംറോറിനെ ബാറ്റിങിനായി ക്രീസിലേക്ക് അയച്ച രാജസ്ഥാന്റെ തീരുമാനവും പാളിയിരുന്നു.

സ്റ്റോക്‌സിന്റെ മോശം ഫോം
സീസണില്‍ രാജസ്ഥാന്റെ മാച്ച് വിന്നറാവുമെന്ന് വിലയിരുത്തപ്പെട്ട ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ ദയനീയ ഫോം രാജസ്ഥാന്റെ കണക്കുകൂട്ടലുകള്‍ തകിടം മറിക്കുകയായിരുന്നു. ലേലത്തില്‍ ഏറ്റവും വിലപിടിപ്പുള്ള താരമായിരുന്ന സ്റ്റോക്‌സിന് പക്ഷെ തന്റെ മൂല്യത്തിന്റെ പകുതി പോലും കളിക്കളത്തില്‍ നല്‍കാനായിട്ടില്ല.
ഏഴു ഇന്നിങ്‌സുകളില്‍ നിന്നും 123.52 സ്‌ട്രൈക്ക്‌റേറ്റില്‍ വെറും 147 റസാണ് ബാറ്റിങില്‍ താരത്തിന്റെ സംഭാവന. ബൗളിങില്‍ സ്റ്റോക്‌സിന്റെ പ്രകടനം അതിനേക്കാള്‍ മോശമായിരുന്നു. 10 റണ്‍സ് ശരാശരിയില്‍ ഒരു വിക്കറ്റാണ് താരം നേടിയത്.

ബോള്‍ട്ടും ആര്‍ച്ചറും
ഈ സീസണില്‍ ഡല്‍ഹിയുടെ ഏറ്റവും മികച്ച ബൗളര്‍ കിവീസ് പേസറായ ട്രെന്റ് ബോള്‍ട്ടാണ്. കളിച്ച ഏഴു മല്‍സരങ്ങളിലും വിക്കറ്റെടുക്കാന്‍ അദ്ദേഹത്തിനായിരുന്നു. പക്ഷെ ചെന്നൈ സൂപ്പര്‍കിങ്‌സിനെതതിരായ കഴിഞ്ഞ കളിയില്‍ വെറും കൈയോടെ മടങ്ങിയ അദ്ദേഹം വീണ്ടും വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിടുമെന്ന പ്രതീക്ഷയിലാണ് ഡല്‍ഹി.
അതേസമയം, കളിച്ച രണ്ടു മല്‍സരങ്ങളിലും മൂന്നു വിക്കറ്റ് വീതമെടുത്ത ആര്‍ച്ചര്‍ തന്നെയാണ് രാജസ്ഥാന്‍ ബൗളിങിലെ തുറുപ്പുചീട്ട്. കൃഷ്ണപ്പ ഗൗതമിനെക്കൊണ്ട് ആദ്യ ഓവര്‍ ബൗള്‍ ചെയ്യിക്കാനുള്ള രാജസ്ഥാന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ തീരുമാനം ക്ലിക്കായിരുന്നു. നിര്‍ണായക വിക്കറ്റുകളാണ് ഈ മല്‍സരങ്ങളിലെല്ലാം താരം നേടിയത്.

കണക്കുകള്‍ രാജസ്ഥാനൊപ്പം
ഐപിഎല്ലിലെ ഇതുവരെയുള്ള കണക്കുകള്‍ പരിശോധിച്ചാല്‍ ഡല്‍ഹിക്കെതിരേ രാജസ്ഥാനു തന്നെയാണ് മേല്‍ക്കൈ. ഇതുവരെ 17 മല്‍സരങ്ങളിലാണ് ഇരുടീമും കൊമ്പുകോര്‍ത്തിട്ടുള്ളത്. ഇതില്‍ 11ലും ജയം രാജസ്ഥാനൊപ്പമായിരുന്നു. വെറും ആറു മല്‍സരങ്ങളിലാണ് ഡല്‍ഹിക്കു വിജയിക്കാന്‍ സാധിച്ചത്.
എന്നാല്‍ ഹോംഗ്രൗണ്ടായ ദില്ലിയിലെ ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ ഇരുടീമും ഒപ്പത്തിനൊപ്പമാണ്. ഇവിടെ നടന്ന ആറു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ വീതമാണ് ഇരുടീമും ജയിച്ചത്.


Click it and Unblock the Notifications