ജയ്പൂര്‍: ഐപിഎല്ലില്‍ മുന്‍ ചാംപ്യന്മാരായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ രാജസ്ഥാന്‍ റോയല്‍സിനു തകര്‍പ്പന്‍ ജയം. ഏഴു വിക്കറ്റിനാണ് ഹൈദരാബാദിനെ രാജസ്ഥാന്‍ കെട്ടുകെട്ടിച്ചത്. ടോസ് നഷ്ടപ്പെട്ടു ബാറ്റിങിനിയക്കപ്പെട്ട ഹൈദരാബാദ് എട്ടു വിക്കറ്റിന് 160 റണ്‍സ് നേടിയത്. മറുപടിയില്‍ ബാറ്റിങിനിറങ്ങിയവരെല്ലാം തങ്ങളുടെ റോളുകളില്‍ കസറിയപ്പോള്‍ അഞ്ചു പന്ത് ശേഷിക്കെ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ രാജസ്ഥാന്‍ ലക്ഷ്യത്തിലെത്തി.

പുറത്താവാതെ 48 റണ്‍സ് നേടിയ മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്റെ ടോപ്‌സ്‌കോറര്‍. 32 പന്തുകള്‍ നേരിട്ട സഞ്ജുവിന്റെ ഇന്നിങ്‌സില്‍ നാലു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. ഓപ്പണര്‍ ലിയാം ലിവിങ്സ്റ്റണും രാജസ്ഥാന്‍ നിരയില്‍ കസറി. 26 പന്തില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമാണ് താരം 44 റണ്‍സെടുത്തു. അജിങ്ക്യ രഹാനെ (39), ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് (22) എന്നിവരും മോശമാക്കിയില്ല.
നേരത്തേ മനീഷ് പാണ്ഡെയുടെ (61) ഫിഫ്റ്റിയാണ് ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. മൂന്നാമനായി ഇറങ്ങിയ പാണ്ഡെ 36 പന്തില്‍ ഒമ്പതു ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 61 റണ്‍സ് നേടിയത്. ഡേവിഡ് വാര്‍ണര്‍ (37), റാഷിദ് റാന്‍ (17*), നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ (13) എന്നിവരാണ് രണ്ടക്കം കടന്ന മറ്റു താരങ്ങള്‍. രാജസ്ഥാനു വേണ്ടി വരുണ്‍ ആരോണ്‍, ഒഷെയ്ന്‍ തോമസ്, ശ്രേയസ് ഗോപാല്‍, ജയദേവ് ഉനാട്കട്ട് എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.