മുംബൈ: ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ലേകേഷ് രാഹുല്‍ ഏറെക്കുറെ ഉറപ്പിച്ചിരിക്കുകയാണ്. ഇന്ത്യ കളിച്ച അവസാനത്തെ എട്ടു മല്‍സരങ്ങളിലും വിക്കറ്റ് കാത്തത് രാഹുലായിരുന്നു. ഇതോടെ എംഎഎസ് ധോണിയുടെ പിന്‍ഗാമിയെന്ന നിലയില്‍ ടീമിലെത്തിയ റിഷഭ് പന്തിന്റെ നിലയാണ് പരുങ്ങലിലായിരിക്കുന്നത്. വിക്കറ്റ് കീപ്പിങിന്റെ കാര്യത്തിലും ബാറ്റിങിലും പന്തിനേക്കാള്‍ മികവ് രാഹുലിനാണെന്നാണ് ഏവരും ചൂണ്ടിക്കാണിക്കുന്നത്.
ഇന്ത്യയുടെ മുന്‍ സറ്റാര്‍ ഓള്‍റൗണ്ടര്‍ ഇര്ഫാന് പഠാനും രാഹുലിനെ പ്രശംസിച്ചു രംഗത്തു വന്നിരിക്കുകയാണ്. ബാറ്റിങ് ശേഷി പരിഗണിക്കുമ്പോള്‍ പന്തിന് മികച്ചൊരു ഭാവിയുണ്ടെന്നു വിശ്വസിക്കുന്നു. എന്നാല്‍ വിക്കറ്റ് കീപ്പിങില്‍ പന്ത് ഇനിയേറെ മെച്ചപ്പെടാനുണ്ട്. ഇതിനു വേണ്ടി താരം കഠിനാധ്വാനം ചെയ്തേ തീരൂ. നിലവില്‍ പന്തിനേക്കാള്‍ നന്നായി വിക്കറ്റ് കീപ്പ് ചെയ്യുന്നത് രാഹുലാണെന്നും ഇര്ഫാന് വിലയിരുത്തി.
മുന്‍ ടെസ്റ്റ് സ്പെഷ്യലിസ്റ്റ് വിവിഎസ് ലക്ഷ്മണും ഇര്‍ഫാന്റെ അഭിപ്രായത്തോടു യോജിച്ചു. മുന്‍നിര വിക്കറ്റ് കീപ്പര്‍ താനായിരുന്നിട്ടും അന്താരാഷ്ട്ര മല്‍സരങ്ങളില്‍ സ്ഥിരമായി വിക്കറ്റ് കാത്തിട്ടില്ലാത്ത രാഹുലിലാണ് ടീം മാനേജ്മെന്റ് കൂടുതല്‍ വിശ്വാസമര്‍പ്പിക്കുന്നതെന്ന യാഥാര്‍ഥ്യം പന്ത് മനസ്സിലാക്കണം. വിജയ് ഹസാരെ ട്രോഫി, മുഷ്താഖ് അലി ട്രോഫി എന്നിവയില്‍ കര്‍ണാടയ്ക്കു വേണ്ടി രാഹുല്‍ വിക്കറ്റ് കാക്കാറുണ്ട്. വിക്കറ്റ് കീപ്പിങ് മെച്ചപ്പെടുത്താന്‍ കഠിനാധ്വാനം നടത്തിയാല്‍ മാത്രമേ പന്തിന് ടീമില്‍ തിരിച്ചെത്താന്‍ സാധിക്കുയെന്ന് ലക്ഷ്മണ് പറഞ്ഞു.
ടീം മാനേജ്മെന്റ് തീര്‍ച്ചയായും ഒരു കാര്യം പന്തിനെ അറിയിച്ചിട്ടുണ്ടാവും. അത് ബാറ്റിങിനെക്കുറിച്ചല്ല, മറിച്ച് വിക്കറ്റ് കീപ്പിങ് മെച്ചപ്പെടുത്തുന്നതിനെക്കുറിച്ചയിരിക്കും. പന്ത് ഇന്ത്യക്കു വേണ്ടി വിക്കറ്റ് കാത്ത കഴിഞ്ഞ രണ്ടോ, മൂന്നാ പരമ്പരകള്‍ പരിശോധിച്ചാല്‍ വിക്കറ്റിനു പിന്നിലെ പ്രകടനം അത്ര മികച്ചതായിരുന്നില്ലെന്നു കാണാം. വിക്കറ്റ് കീപ്പിങ് മെച്ചപ്പെടുത്തിയാല്‍ പന്ത് തീര്‍ച്ചയായും ഇന്ത്യയുടെ പ്ലെയിങ് ഇലവനിലെത്തുമെന്നും ലക്ഷ്മണ് ചൂണ്ടിക്കാട്ടി.