ബംഗളൂരു: ഈ വര്‍ഷത്തെ ടി20 ലോകകപ്പിന് പിന്നാലെ നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലക സംഘം പടിയിറങ്ങാനൊരുങ്ങുകയാണ്. മുഖ്യ പരിശീലകസ്ഥാനത്ത് നിന്ന് രവി ശാസ്ത്രി ഇറങ്ങുമ്പോള്‍ പകരക്കാരനായി എത്താന്‍ ഏറ്റവും സാധ്യത കല്‍പ്പിച്ചിരുന്നത് മുന്‍ ഇന്ത്യന്‍ നായകനും ഇതിഹാസ താരവുമായ രാഹുല്‍ ദ്രാവിഡിനായിരുന്നു. ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ ദ്രാവിഡിന്റെ ഈ തസ്തികയിലെ കാലാവധി അവസാനിച്ചതോടെയാണ് ദ്രാവിഡ് ഇന്ത്യയുടെ മുഖ്യ പരിശീലകനായേക്കുമെന്ന അഭ്യൂഹം ശക്തിപ്പെട്ടത്.
എന്നാല്‍ ഇപ്പോള്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമമിട്ട് രാഹുല്‍ ദ്രാവിഡ് ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി തുടരാന്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. വാര്‍ത്താ ഏജന്‍സിയായ പിടിഐയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായി രണ്ട് വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം നിലവിലെ കരാര്‍ കാലാവധി അവസാനിക്കുകയായിരുന്നു. ഇതോടെയാണ് ബിസിസിഐ എന്‍സിഎ തലവനാകുന്നതിന് അപേക്ഷ ക്ഷണിച്ചത്.
ദ്രാവിഡ് അപേക്ഷ നല്‍കിയതിനാല്‍ത്തന്നെ അദ്ദേഹത്തെ മറികടന്ന് മറ്റൊരാള്‍ ഈ സ്ഥാനത്തേക്കെത്താന്‍ സാധ്യത കുറവാണ്. ദ്രാവിഡിന്റെയല്ലാതെ മറ്റ് പ്രധാന അപേക്ഷകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് ബിസിസി ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ദ്രാവിഡ് എന്‍സിഎയുടെ തലവനായി തുടരുന്നതിനോട് തന്നെയാണ് ഒട്ടുമിക്ക മുതിര്‍ന്ന താരങ്ങള്‍ക്കും താല്‍പര്യം.

യുവപ്രതിഭകളെ കണ്ടെത്തുന്നതിനും അവരുടെ വളര്‍ച്ചക്കും വേണ്ടി ദ്രാവിഡ് നടത്തുന്ന പ്രവര്‍ത്തനങ്ങളും വളരെ പ്രശംസനീയമാണ്. നിലവില്‍ ഏറ്റവും മികച്ച ബെഞ്ച് കരുത്തുള്ള ടീമുകളിലൊന്നായി ഇന്ത്യ മാറാനുള്ള കാരണം ദ്രാവിഡിന്റെ നേതൃത്വത്തിലുള്ള എന്‍സിഎയാണ്. ഐപിഎല്ലിലൂടെ വളരുന്ന താരങ്ങള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിലും എന്‍സിഎയുടെ പങ്ക് വളരെ വലുതാണ്.
പരിക്കേല്‍ക്കുകയും ഫോം ഔട്ടാവുകയും ചെയ്യുന്ന താരങ്ങള്‍ക്ക് തിരിച്ചുവരവിനുള്ള എല്ലാ കാര്യങ്ങളും നിലവില്‍ എന്‍സിഎയുടെ നേതൃത്വത്തിലാണ് നടക്കുന്നത്. ഇന്ത്യ എ, അണ്ടര്‍19 ടീമുകളുടെ പരിശീലകനായിരുന്ന ദ്രാവിഡ് ഇക്കഴിഞ്ഞ ശ്രീലങ്കന്‍ പര്യടനത്തില്‍ ഇന്ത്യന്‍ ടീമിന്റെ പരിശീലക ചുമതലയും ഏറ്റെടുത്തിരുന്നു. രവി ശാസ്ത്രിയുടെ കീഴിലുള്ള ഇന്ത്യയുടെ സീനിയര്‍ ടീമുമായി ഇംഗ്ലണ്ട് പര്യടനത്തിലായതിനാലാണ് ദ്രാവിഡ് പരിശീലകസ്ഥാനത്തേക്കെത്തിയത്. ദ്രാവിഡിനെപ്പോലൊരു പ്രതിഭയുടെ ആവിശ്യം ഇന്ത്യയുടെ സീനിയര്‍ ടീമിലേക്കാള്‍ കൂടുതല്‍ താഴേത്തട്ടിലാണെന്ന് മുന്‍ ഇന്ത്യന്‍ താരം വസിം ജാഫറും കഴിഞ്ഞിടെ അഭിപ്രായപ്പെട്ടിരുന്നു.