മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു പതിറ്റാണ്ടിലധികം ഇന്ത്യയുടെ വന്‍മതിലായിരുന്ന രാഹുല്‍ ദ്രാവിഡ് ഇനി കോച്ചിന്റെ വേഷത്തില്‍. നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നത് പോലെ, അണ്ടര്‍ 19 ടീമിന്റെ കോച്ചായിട്ടാണ് ദ്രാവിഡ് പരിശീലക വേഷത്തിന് തുടക്കം കുറിക്കുന്നത്. ഇന്ത്യ എ ടീമിന്റെ കോച്ചും ദ്രാവിഡ് തന്നെയായിരിക്കും.
ഉപദേശക സമിതി അംഗമാകാനുള്ള ബി സി സി ഐ ഓഫര്‍ നിരസിച്ച ദ്രാവിഡ് പരിശീലക സ്ഥാനത്തെത്താന്‍ സമ്മതം മൂളിയതോടെയാണ് കാര്യങ്ങള്‍ എളുപ്പമായത്. ദ്രാവിഡിന്റെ സമ്മതം കിട്ടിയതോടെ ബി സി സി ഐ ശനിയാഴ്ച ഇക്കാര്യം സ്ഥിരീകരിക്കുകയായിരുന്നു. ഇന്ത്യ എ ടീം, അണ്ടര്‍ 19 ടീം എന്നിവയുടെ പരിശീലകനാകാന്‍ ദ്രാവിഡ് തയ്യാറാകുകയായിരുന്നു എന്ന് ബി സി സി ഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ശേഷം കമന്റേറ്ററായി പ്രവര്‍ത്തിക്കുകയാണ് ദ്രാവിഡ്. ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ മെന്ററാണ് ദ്രാവിഡ്. സഞ്ജു സാംസണ്‍, അജിങ്ക്യ രഹാനെ, ദീപക് ഹൂഡ തുടങ്ങിയ യുവ കളിക്കാരെ മികവിലേക്ക് ഉയര്‍ത്തിയതും ദ്രാവിഡിന്റെ സാന്നിധ്യമാണ്. യുവതാരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ദ്രാവിഡിനും താല്‍പര്യമാണ് എന്നത് കൂടി പരിഗണിച്ചാണ് ബി സി സി ഐയുടെ തീരുമാനം.
ദ്രാവിഡിന്റെ റോള്‍ എന്താണ് എന്ന് അധികം വൈകാതെ പ്രഖ്യാപിക്കുമെന്ന് നേരത്തെ ബി സി സി ഐ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. രാഹുല്‍ ദ്രാവിഡ് ഇല്ലാതെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നവീകരണം പൂര്‍ത്തിയാകില്ല എന്ന് ബി സി സി ഐ പ്രസിഡണ്ട് ജഗ്മോഹന്‍ ഡാല്‍മിയയും പറഞ്ഞു. ഉപദേശക സമിതിയില്‍ ദ്രാവിഡ് കൂടി വേണമായിരുന്നു എന്ന് ടെസ്റ്റ് ക്യാപ്റ്റന്‍ കോലിയും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.