സോഷ്യല്‍ മീഡിയകളോട് ഇവര്‍ നോ പറഞ്ഞു! ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളെ അറിയാം

സോഷ്യല്‍ മീഡിയകളുടെ അതിപ്രസരമുള്ള ഈ കാലത്ത് അവയൊന്നുമില്ലാതെ ഒരു സെലിബ്രിറ്റി കൂടിയായ വ്യക്തിക്കു ജീവിക്കാന്‍ കഴിയുമോ? തീര്‍ച്ചയായും കഴിയും എന്നു തന്നെയാണ് അതിനുള്ള ഉത്തരം. സ്വന്തം ജീവിതത്തിലൂടെ തന്നെ ഇതു തെളിയിച്ചു കഴിഞ്ഞ ക്രിക്കറ്റര്‍മാര്‍ ഇന്ത്യയിലുണ്ട്. എന്തിനും ഏതിനും സോഷ്യല്‍ മീഡിയയെ ആശ്രയിക്കുന്ന 21ാം നൂറ്റാണ്ടില്‍ ഇവയൊന്നുമില്ലാതെ ജീവിതം പഴയു പോലെ മുന്നോട്ടു കൊണ്ടു പോവുകയാണ് ചില മുന്‍ ക്രിക്കറ്റ് താരങ്ങള്‍. ഇക്കൂട്ടത്തില്‍ ചില ഇതിഹാസങ്ങളുമുണ്ടെന്നതാണ് ശ്രദ്ധേയം.

നിലവില്‍ മല്‍സരരംഗത്തുള്ള ഭൂരിഭാഗം ക്രിക്കറ്റര്‍മാരും സോഷ്യല്‍ മീഡിയകളില്‍ വളരെ സജീവമാണ്. തങ്ങളുടെ ഓരോ ചലനവും ഇവര്‍ സോഷ്യല്‍ മീഡിയകൡലൂടെ ആരാധകരുമായി പങ്കുവയ്ക്കാന്‍ ഇവര്‍ ശ്രമിക്കാറുമുണ്ട്. എന്നാല്‍ അക്കൂട്ടത്തില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറി സ്വകാര്യ ജീവിതം നയിക്കാന്‍ വളരെ ചുരുക്കം പേര്‍ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ. സോഷ്യല്‍ മീഡിയകളില്‍ അക്കൗണ്ടുകളില്ലാത്ത ചില ക്രിക്കറ്റര്‍മാര്‍ ആരൊക്കെയാണെന്നു നമുക്കു നോക്കാം.

 രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും ഇതിഹാസ ബാറ്റ്‌സ്മാനും അടുത്തിടെ മുഖ്യ കോച്ചുമെല്ലാമായ രാഹുല്‍ ദ്രാവിഡാണ് ഇക്കൂട്ടത്തിലെ ഏറ്റവും പ്രമുഖന്‍. അടുത്തിടെ ശിഖര്‍ ധവാനു കീഴില്‍ ശ്രീലങ്കയില്‍ നിശ്ചിത ഓവര്‍ പരമ്പരകളില്‍ കളിച്ച ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിച്ചത് ദ്രാവിഡായിരുന്നു. നേരത്തേ ഇന്ത്യന്‍ എ ടീം, ജൂനിയര്‍ ടീം എന്നിവരെ പരിശീലിപ്പിച്ചിരുന്നെങ്കിലും സീനിയര്‍ ടീമിന്റെ കോച്ചായത് ഇതാദ്യമായിരുന്നു. ഏകദിന പരമ്പരയില്‍ ഇന്ത്യയെ വിജയത്തിലേക്കു നയിക്കാന്‍ ദ്രാവിഡിനു കഴിഞ്ഞു. ടി20 പരമ്പര പക്ഷെ ലങ്ക കൈക്കലാക്കുകയായിരുന്നു.

കളിച്ചിരുന്ന കാലം മുതല്‍ വളരെ ഒതുങ്ങിക്കൂടി കരിയറില്‍ മാത്രം ശ്രദ്ധിച്ച് മുന്നോട്ട് പോയിരുന്ന വ്യക്തിയാരുന്നു ദ്രാവിഡ്. ഫേസ്ബുക്കില്‍ അദ്ദേഹത്തിനു ഒരു അക്കൗണ്ടുണ്ടെങ്കിലും രണ്ടു വര്‍ഷത്തിലേറെയായി അതില്‍ അപ്‌ഡേഷന്‍ ചെയ്യാറില്ല. എന്നാല്‍ ദ്രാവിഡിന്റെ സമകാലികരായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കര്‍, സൗരവ് ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍, അനില്‍ കുംബ്ലെയടക്കമുള്ളവരെല്ലാം സോഷ്യല്‍ മീഡിയകളില്‍ വളരെ സജീവമാണ്.

മുമ്പ് നല്‍കിയ ഒരു അഭിമുഖത്തില്‍ ഇതേക്കുറിച്ച് ദ്രാവിഡിനോടു ചോദിച്ചപ്പോള്‍ മറുപടി ഇങ്ങനെയായിരുന്നു- സോഷ്യല്‍ മീഡിയകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ പ്രത്യേകിച്ചും കാരണങ്ങളൊന്നുമില്ല. അവയില്‍ സജീവമായിരിക്കാന്‍ ഒരു കാരണവും ഞാന്‍ കാണുന്നുമില്ല. ഫോണ്‍ വഴിയാണ് ഞാന്‍ ആളുകളുമായി ആശയവിനിമയം ചെയ്യാറുള്ളത്.

 ആശിഷ് നെഹ്‌റ

ആശിഷ് നെഹ്‌റ

മുന്‍ ഇടംകൈയന്‍ പേസര്‍ ആശിഷ് നെഹ്‌റയാണ് സോഷ്യല്‍ മീഡിയകളില്‍ അക്കൗണ്ടില്ലാത്ത രണ്ടാമത്തെ താരം. ഇന്‍സ്റ്റഗ്രാമില്‍ നെഹ്‌റയ്ക്കു ഒരു അക്കൗണ്ടുണ്ട്. 11.6k ഫോളോവേഴ്‌സും അദ്ദേഹത്തിനുണ്ട്. പക്ഷെ ഒരു അപ്‌ഡേഷന്‍ പോലും നെഹ്‌റ ഇതുവരെ ഈ അക്കൗണ്ടില്‍ ചെയ്തിട്ടില്ല, മാതത്രമല്ല ഒരാളെപ്പോലും അദ്ദേഹം ഫോളോ ചെയ്തിട്ടുമില്ല.

2016ല്‍ ഒരു മല്‍സത്തരത്തിനു മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തിനിടെ എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയകളില്‍ ഇല്ലെന്നു നെഹ്‌റയോടു ചോദിച്ചിരുന്നു. അദ്ദേഹത്തിന്റെ മറുപടി പലരെയും ആശ്ചര്യപ്പെടുത്തുകയും ചെയ്തു. ഞാന്‍ സോഷ്യല്‍ മീഡിയകളിലൊന്നുമില്ല, ഞാന്‍ ഇപ്പോഴും ഉപയോഗിക്കുന്നത് പഴയ നോക്കിയ ഫോണാണ് എന്നായിരുന്നു നെഹ്‌റ പറഞ്ഞത്.

ഒരു വര്‍ഷത്തിനു ശേഷം ഒരു അഭിമുഖത്തിലും നെഹ്‌റ ഇതേക്കുറിച്ച് മനസ്സ് തുറന്നിരുന്നു. സോഷ്യല്‍ മീഡിയ പേജില്‍ ചില കമേഷ്യല്‍ ട്വീറ്റുകള്‍ ചെയ്യണമെന്ന് ആവശ്യപ്പട്ടു ഒരു ഏജന്‍സി തന്നെ സമീപിച്ചിരുന്നു, പക്ഷെ മറ്റൊരാള്‍ എന്തെങ്കും ചെയ്യണമെന്നു പറയുന്നത് ഇഷ്മില്ലാത്തതിനാല്‍ അതു നിരസിക്കുകയായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 സന്ദീപ് പാട്ടീല്‍

സന്ദീപ് പാട്ടീല്‍

ഇന്ത്യയുടെ മുന്‍ താരവും മുന്‍ മുഖ്യ സെലക്ടുമായ സന്ദീപ് പാട്ടീലും സോഷ്യല്‍ മീഡിയകളോടു നോ പറഞ്ഞിരിക്കുകയാണ്. കരിയറില്‍ കത്തി നില്‍ക്കവെ ടീമംഗമായ സയ്ദ് കിര്‍മാനിയോടൊപ്പം ബോളിവുഡ് സിനിമയില്‍പ്പോലും അഭിനയിച്ചിട്ടുള്ള വ്യക്തിയാണ് പാട്ടീല്‍. എന്നിട്ടും ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ നിന്നും അദ്ദേഹം എന്തുകൊണ്ട് വിട്ടുനില്‍ക്കുന്നുവെന്നതാണ് പലരെയും ആശ്ചര്യപ്പെടുത്തുന്നത്.

കുറച്ചു വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു വ്യക്തി പാട്ടിലീന്റെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങിയിരുന്നു. ഇതിനെതിരേ പാട്ടീല്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

എനിക്കു ഫേസ്ബുക്കില്‍ അക്കൗണ്ടില്ല. ട്വിറ്റര്‍ പോലെയുള്ള മറ്റു സോഷ്യല്‍ മീഡിയകളിലും അക്കൗണ്ടില്ല. അടുത്തിടെ ഒരു സുഹൃത്ത് എന്നെ വിളിച്ചിരുന്നു. സോഷ്യല്‍ മീഡിയ വഴി മുന്‍ സഹതാരങ്ങളുടെ ഫോണ്‍ നമ്പറുകള്‍ എന്തിനാണ് ചോദിക്കുന്നതെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അന്നാണ് എന്റെ പേര് സോഷ്യല്‍ മീഡിയയിലൂടെ മറ്റൊരാള്‍ ദുരുപയോഗപ്പെടുത്തുന്നതായി മനസ്സിലായത് എന്നായിരുന്നു ഇതേക്കുറിച്ച് പാട്ടീല്‍ പറഞ്ഞത്.

 നയന്‍ മോംഗിയ

നയന്‍ മോംഗിയ

ഇന്ത്യയുടെ മികച്ച വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായിരുന്നു നയന്‍ മോംഗിയ. ഇതിഹാസ താരം എംഎസ് ധോണിക്കു മുമ്പ് വരെ രാജ്യം കണ്ട ഏറ്റവും മികച്ച വിക്കറ്റ് കീപ്പറെന്നു വിശേഷിപ്പിക്കപ്പെട്ടിരുന്ന താരമായിരുന്നു അദ്ദേഹം. നിലവില്‍ ടീമിന്റെ ഒന്നാംനമ്പര്‍ വിക്കറ്റ് കീപ്പറായ റിഷഭ് പന്തുമായി ചില സാമ്യതകളും മോംഗിയക്കുണ്ടായിരുന്നു. റിഷഭിനെപ്പോലെ അഗ്രസീവ് ബാറ്റ്‌സ്മാന്‍ അല്ലായിരുന്നെങ്കിലും വിക്കറ്റിനുപിന്നില്‍ എല്ലായ്‌പ്പോഴും തന്റെ സാന്നിധ്യം അദ്ദേഹം അറിയിച്ചിരുന്നു.

കളിച്ചിരുന്ന സമയത്തു ബൗളര്‍മാര്‍ക്കു പലപ്പോഴും ഉപദേശങ്ങള്‍ നല്‍കിയിരുന്ന വിക്കറ്റ് കീപ്പറായിരുന്ന മോംഗിയ. ബാറ്റ്‌സ്മാന്റെ ശൈലിയും വീക്ക്‌നെസും സൂക്ഷ്മമായി നിരീക്ഷിച്ച് അതിന് അനുസരിച്ച് ബൗളര്‍മാര്‍ക്കും അദ്ദേഹം നിര്‍ണായക ഉപദേശങ്ങള്‍ നല്‍കിയിരുന്നു. 2015ല്‍ മോംഗിയ ഒരു ട്വിറ്റര്‍ അക്കൗണ്ട് നിര്‍മിച്ചിരുന്നു. പക്ഷെ അന്നു മുതല്‍ ഇപ്പോഴും സജീവമല്ല അദ്ദേഹം.

 ദിലിപ് വെങ്‌സാര്‍ക്കര്‍

ദിലിപ് വെങ്‌സാര്‍ക്കര്‍

ഇന്ത്യയുടെ മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്റ്‌സ്മാനും മുഖ്യ സെലക്ടറുമെല്ലാമായിരുന്ന ദിലിപ് വെങ്‌സാര്‍ക്കറും സോഷ്യല്‍ മീഡിയയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. പക്ഷെ അദ്ദേഹം സ്ഥാപിച്ച ക്രിക്കറ്റ് അക്കാദമിയെ (ദിവെങ്‌സാര്‍ക്കര്‍ അക്കാദമി) സോഷ്യല്‍ മീഡിയയില്‍ നമുക്കു കാണാനാവും. പക്ഷെ ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം എന്നിവയില്‍ നിന്നെല്ലാം വെങ്‌സാര്‍ക്കര്‍ മാറി നില്‍ക്കുകയാണ്. ഫേസ്ബുക്കില്‍ അദ്ദേഹത്തിനു അക്കൗണ്ടുണ്ടെങ്കിലും അതു സജീവമല്ല. പലപ്പോഴും സുഹൃത്തുകള്‍ അദ്ദേഹത്തെ ടാഗ് ചെയ്യാറുണ്ടെന്നു മാത്രം.

ഇന്ത്യന്‍ ക്രിക്കറ്റിനെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ഇടയ്ക്കിടെ മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്ന വ്യക്തി കൂടിയാണ് വെങ്‌സാര്‍ക്കര്‍. എന്നിട്ടും സോഷ്യല്‍ മീഡിയകളെ അദ്ദേഹം ഇവയ്ക്കു വേണ്ടി ആശ്രയിക്കുന്നില്ല എന്നതാണ് കൗതുകമുണര്‍ത്തുന്ന കാര്യം.

അടുത്തിടെ വെങ്‌സാര്‍ക്കര്‍ ഒരു ധീരമായ നിരീക്ഷണം നടത്തിയിരുന്നു- ഓരോ ക്രിക്കറ്ററും എല്ലാ ഫോര്‍മാറ്റുകളിലും കളിക്കേണ്ടതുണ്ട്. റെഡ് ബോള്‍, വൈറ്റ് ബോള്‍ ആശയത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നുമായിരുന്നു അദ്ദേഹം ഒരു ദേശീയ മാധ്യമത്തോടു പറഞ്ഞത്.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Wednesday, August 4, 2021, 12:36 [IST]
Other articles published on Aug 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X