ചെന്നൈ: ഐപിഎല്‍ ഒത്തുകളിയുമായി ബന്ധപ്പെട്ട് രണ്ടു ടീമുകളെ ജസ്റ്റിസ് ആര്‍എം ലോധ കമ്മിറ്റി വിലക്കിയതെക്കുറിച്ച് മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചു. സൂപ്രീം കോടതിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ കമ്മറ്റിയുടെ കണ്ടെത്തലുകളെ മാനിക്കേണ്ടതുണ്ടെന്നും അതേസമയം തന്നെ, വിലക്ക് യുവതാരങ്ങളെ ബാധിക്കുമെന്നും രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ പരിശീലകനും ഉപദേശകനുമായ ദ്രാവിഡ് പറഞ്ഞു.
ടീമുകളെ വിലക്കിയത് ശരിയോ തെറ്റോ എന്നു പറയാന്‍ താന്‍ ആളല്ല. എന്നാല്‍ രണ്ടു മൂന്നു പേര്‍ ചെയ്യുന്ന തെറ്റിന് ടീം മൊത്തത്തില്‍ തഴയപ്പെടുന്നത് യുവ കളിക്കാരെ കാര്യമായി ബാധിക്കും. വിലക്കിയ ടീമുകളിലെ മുന്‍നിര കളിക്കാര്‍ക്കും കോച്ചുമാര്‍ക്കും മറ്റു ടീമുകളില്‍ അവസരം ഉണ്ടായേക്കാം. എന്നാല്‍, അവസരം നഷ്ടപ്പെടുന്നത് യുവതാരങ്ങള്‍ക്ക് ആയിരിക്കും. അത് അവരുടെ ഭാവിയെ ബാധിക്കുമെന്നും ദ്രാവിഡ് വിലയിരുത്തി.

നിലവില്‍ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായ ദ്രാവിഡ് ഓസ്‌ട്രേലിയ എ ക്കെതിരെയ മത്സരത്തിന് മുന്നോടിയായി നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യത്തില്‍ ആദ്യമായി പ്രതികരിച്ചത്. ദ്രാവിഡ് രാജസ്ഥാന്‍ ടീമിന്റെ ഭാഗമായിരിക്കെയാണ് ടീം ഒത്തുകളി വിവാദത്തില്‍പ്പെട്ട് പുറത്താകുന്നത്.
ദ്രാവിഡ് ഭാഗമായ ഒരു ടീം ഒത്തുകളിയില്‍ ഉള്‍പ്പെടുമ്പോള്‍ അത് താങ്കളുടെ ക്രിക്കറ്റ് കരിയറിന് ദുഷ്‌പേരുണ്ടാക്കിയോ എന്ന ചോദ്യത്തിന് ദ്രാവിഡ് പ്രതികരിച്ചത് ഇങ്ങനെയാണ്. അക്കാര്യം തീരുമാനിക്കേണ്ടത് ജനങ്ങളാണ്. ടീം ഉടമകളുടെയും ഓഹരി ഉടമകളുടേയും തെറ്റായ പ്രവൃത്തിയില്‍ പരിശീലകര്‍ക്ക് പങ്കുണ്ടോയെന്ന് ജനങ്ങള്‍ തീരുമാനക്കട്ടെയെന്ന് ദ്രാവിഡ് പറഞ്ഞു.