ദില്ലി: ഇന്ത്യയില്‍ വളര്‍ന്നുവരുന്ന യുവ ക്രിക്കറ്റര്‍മാരെ പരിശീലിപ്പിക്കാന്‍ ലഭിച്ച അവസരം സന്തോഷം തരുന്നതാണെന്ന് ക്രിക്കറ്റ് ഇതിഹാസം രാഹുല്‍ ദ്രാവിഡ്. അണ്ടര്‍ 19 ടീമിന്റെ കോച്ചായി നിയമിച്ചതിനുശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രിക്കറ്റിലെ ന്യൂജനറേഷനെ പരിശീലിപ്പിക്കാന്‍ താന്‍ എല്ലായിപ്പോഴും താത്പര്യപ്പെടുന്നതായി ദ്രാവിഡ് പറഞ്ഞു.
മറ്റു ജോലികളെക്കാള്‍ ഇത്തരത്തിലുള്ള ഒരു കാര്യം ഏറ്റെടുക്കുന്നതിലാണ് എനിക്ക് താത്പര്യം. ക്രിക്കറ്റര്‍മാര്‍ക്ക് ഏറ്റവും മികച്ച പരിശീലനവും മാര്‍ഗനിര്‍ദ്ദേശവും ലഭിക്കേണ്ടുന്ന സമയമാണിത്. ഇന്ത്യയിലെ യുവ ക്രിക്കറ്റര്‍മാരുടെ പരിശീലന ചുമതല നിര്‍വഹിക്കാന്‍ കഴിയുമെന്നുതന്നെയാണ് വിശ്വാസം. ഒട്ടേറെ പ്രതിഭാധനരായ യുവ ക്രിക്കറ്റര്‍മാര്‍ ഇന്ത്യയ്ക്കുണ്ടെന്നും രാഹുല്‍ പറഞ്ഞു.

ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ മികച്ച റിസല്‍റ്റ് കൊണ്ടുവരാനാണ് ശ്രമം. ടാലന്റുള്ള യുവ കളിക്കാരുടെ പരിശീലനം എളുപ്പമല്ല. എന്നാല്‍ എനിക്ക് ഏറ്റവും ചേരുന്ന ജോലിയാണിതെന്ന് കരുതുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ഉപദേശക സമിതിയില്‍ അഗംമാകാന്‍ താത്പര്യമില്ലെന്ന് അറിയിച്ചിട്ടില്ല. ഏതവസരത്തിലും തനിക്ക് കഴിയുന്ന സഹായം ചെയ്തു കൊടുക്കുമെന്നും രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കി.
അണ്ടര്‍ 19 ടീമിലാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി. അതുകൊണ്ടുതന്നെ അവരെ മികച്ച കളിക്കാരായി വാര്‍ത്തെടുക്കേണ്ടതുണ്ട്. പടിപടിയായി ഇന്ത്യന്‍ ടീമില്‍ സ്ഥാനമുറപ്പിക്കാന്‍ ശ്രമിക്കുന്നവരാണ് ഓരോരുത്തരും. അതിനായി അവരുടെ കഴിവിന്റെ പരമാവധി പുറത്തുകൊണ്ടുവരാനായിരിക്കും തന്റെ ശ്രമം. ടെണ്ടുല്‍ക്കര്‍, ഗാംഗുലി, ലക്ഷ്മണ്‍ എന്നിവരുടെ സഹായം തനിക്കുണ്ടാകുമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.