ദില്ലി: ഇന്ത്യന്‍ സീനിയര്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ച് ആയി രാഹുല്‍ ദ്രാവിഡിനെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ രണ്ടുദിവസമായി ബിസിസിഐയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. സച്ചന്‍ ടെണ്ടുല്‍ക്കല്‍, ലക്ഷ്മണ്‍, ഗാംഗുലി തുടങ്ങിയ മുതിര്‍ന്ന താരങ്ങള്‍ രാഹുല്‍ ദ്രാവിഡനെയാണ് കോച്ചായി ശുപാര്‍ശ ചെയ്തിരിക്കുന്നത്.
നിലവില്‍ ഇന്ത്യ എ, ഇന്ത്യ അണ്ടര്‍ 19 ടീമിന്റെ കോച്ച് ആണ് രാഹുല്‍ ദ്രാവിഡ്. കൂടാതെ ഐപിഎല്ലില്‍ ഡല്‍ഹി ഡെയര്‍ ഡെവിള്‍സിന്റെ മെന്ററും. സീനിയര്‍ ടീമിന്റെ കോച്ചിങ് സ്ഥാനം ഏറ്റെടുക്കുന്നതിനെക്കുറിച്ച് രാഹുല്‍ ദ്രാവിഡ് ബുധനാഴ്ച മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചിട്ടുണ്ട്. കോച്ച് ആകുമോ ഇല്ലയോ എന്ന് വ്യക്തമാക്കാതെയാണ് ദ്രാവിഡിന്റെ പ്രതികരണം.

ഇന്ത്യന്‍ കോച്ച് ആകാന്‍ താന്‍ പ്രാപ്തനാണോ എന്ന കാര്യം പരിശോധിക്കേണ്ടതുണ്ട്. ഏറെ ആലോചിച്ചശേഷം മാത്രമേ ഒരു തീരുമാനത്തില്‍ എത്തുകയുള്ളൂ. ചെറിയൊരു കാര്യമല്ല ഏറ്റെടുക്കേണ്ടത്. ഇപ്പോള്‍ കോച്ചിങ് സ്ഥാനം ഏറ്റെടുക്കുമോ ഇല്ലയോ എന്ന കാര്യം പറയാന്‍ പറ്റില്ലെന്നും ദ്രാവിഡ് പറഞ്ഞു.
ഏറെ ആലോചിക്കാതെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുക ബുദ്ധിമുട്ടാണ്. ഏതെങ്കിലും ഒരു കാര്യം ചെയ്യുവാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതേക്കുറിച്ച് ശരിയായ രീതിയില്‍ ചിന്തിക്കേണ്ടതുണ്ട്. പെട്ടെന്ന് എടുക്കുന്ന തീരുമാനം ഭാവിയില്‍ ദോഷം ചെയ്‌തേക്കാം. കോച്ചിങ് ചുമതലയില്‍ താനൊരു പുതുമുഖക്കാരനാണ്. അതുകൊണ്ടുതന്നെ ഇക്കാര്യത്തില്‍ ആലോചിച്ചുമാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് ദ്രാവിഡ് വ്യക്തമാക്കി.