മുംബെ : ഇന്ത്യയുടെ ക്രിക്കറ്റ് ടീമിന്റെ നായക പദവി രാഹുല്‍ ദ്രാവിഡിനു മതിയായി. നായക പദവിയില്‍ നിന്നും തന്നെ ഒഴിവാക്കിത്തരണമെന്ന് ദ്രാവിഡ് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷന്‍ ശരത് പവാറിനെ നേരില്‍ കണ്ട് അഭ്യര്‍ത്ഥിച്ചു. ആസ്ത്രേലിയാ പര്യടനത്തിനുളള ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായി തന്നെ പരിഗണിക്കേണ്ടതില്ലെന്നും ദ്രാവിഡ് അറിയിച്ചിട്ടുണ്ട്.
ക്യാപ്റ്റനെന്ന നിലയിലുളള സമ്മര്‍ദ്ദം തനിക്ക് താങ്ങാനാവുന്നില്ലെന്നാണ് ദ്രാവിഡ് കാരണമായി പറയുന്നത്. കളിയില്‍ കൂടുതല്‍ ശ്രദ്ധിച്ച് ടീമില്‍ തുടരാന്‍ താല്‍പര്യമുണ്ടെന്നും ദ്രാവിഡ് പവാറിനെ അറിയിച്ചു.
അതേ സമയം ടീമിലെ ചേരിപ്പോരും പടലപ്പിണക്കവും കാരണം മനംമടുത്താണ് ദ്രാവിഡ് സ്ഥാനമൊഴിയാന്‍ ആഗ്രഹിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ക്യാപ്റ്റനെന്ന നിലയില്‍ ദ്രാവിഡിന് പലപ്പോഴും സ്വന്തം തീരുമാനങ്ങള്‍ നടപ്പാക്കാന്‍ കഴിയാതെ വരുന്നതായും ദ്രാവിഡിന്റെ മറവില്‍ സച്ചിന്‍ സൂപ്പര്‍ ക്യാപ്റ്റനാവാന്‍ ശ്രമിക്കുകയാണെന്നും ആരോപണമുയര്‍ന്നിരുന്നു.
ടീമിലെ സീനിയര്‍ താരങ്ങളുടെ ഇച്ഛയ്ക്ക് എതിരെ ഒന്നും ചെയ്യാന്‍ ദ്രാവിഡിന് ആവുമായിരുന്നില്ല. ക്യാപ്റ്റനെന്ന നിലയില്‍ ഇച്ഛാശക്തി പ്രദര്‍ശിപ്പിക്കാനും തീരുമാനങ്ങള്‍ നടപ്പിലാക്കാനുമുളള സ്വാതന്ത്ര്യം പലപ്പോഴും ദ്രാവിഡിനുണ്ടാവാറുമില്ല.
ഗാംഗൂലിയില്‍ നിന്നും നായകപദവിയേറ്റെടുത്ത ദ്രാവിഡില്‍ നിന്നും ക്രിക്കറ്റ് പ്രേമികളും ഏറെ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ജന്മനാ ആക്രമണകാരിയായ ഗാംഗൂലിയില്‍ നിന്നും കാതങ്ങളോളം പിന്നിലായിരുന്നു, പ്രതിരോധത്തിന് മുന്‍തൂക്കം നല്‍കിയ പുതിയ നായകന്‍.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന ടെസ്റ്റ് പരമ്പരയിലെ അവസാനമത്സരത്തില്‍ ഇന്ത്യയ്ക്ക് ഇന്നിംഗ് ജയം ഉറപ്പായിരുന്നത് നഷ്ടപ്പെടുത്തിയതിനും ദ്രാവിഡ് ഏറെ പഴികേട്ടിരുന്നു. ദ്രാവിഡിന്റെ വാദത്തിനെതിരെ സഹീര്‍ഖാന്‍ ഉള്‍പ്പെടെയുളള താരങ്ങള്‍ പരസ്യമായി രംഗത്തു വന്നതും ടീമിലെ അസ്വാരസ്യങ്ങള്‍ വെളിപ്പെടുത്തുന്നതായി.
ദ്രാവിഡ് പിന്മാറുകയാണെങ്കില്‍ സച്ചിനായിരിക്കും ആ സ്ഥാനത്ത് വരിക. കരിയറിന്റെ അവസാനപാദങ്ങളിലെത്തി നില്‍ക്കുന്ന സച്ചിന് ഇന്ത്യയുടെ ക്യാപ്റ്റനായി വിരമിക്കാനുളള അവസരമൊരുക്കിക്കൊടുക്കുന്നതിന് മുംബെ ലോബി ഗൂഡാലോചന നടത്തുന്നതുമാവാം ഈ നീക്കത്തിനു പിന്നില്‍. മാന്യമായ വിരമിക്കല്‍ ഇതുവരെ ഇന്ത്യയില്‍ ഒരു ക്രിക്കറ്റ് ക്യാപ്റ്റനും കിട്ടിയിട്ടില്ല.