മുംബൈ: ഉപദേശക സമിതി അംഗമാകാനുള്ള ബി സി സി ഐ ഓഫര്‍ നിരസിച്ച രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ കോച്ചായേക്കുമെന്ന് സൂചന. ഇത് സംബന്ധിച്ച ബി സി സി ഐയുടെ ക്ഷണത്തോട് ദ്രാവിഡ് യെസ് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. വിരമിച്ച ശേഷം കമന്റേറ്ററായി പ്രവര്‍ത്തിക്കുന്ന ദ്രാവിഡിന് അണ്ടര്‍ 16, ഇന്ത്യ എ ടീമുകളുടെ ഉത്തരവാദിത്തവും കൂടിയുണ്ടാകും എന്നാണ് അറിയുന്നത്.
രാഹുല്‍ ദ്രാവിഡിന്റെ റോള്‍ എന്താണ് എന്ന് അധികം വൈകാതെ പ്രഖ്യാപിക്കുമെന്ന് നേരത്തെ ബി സി സി ഐ ഭാരവാഹികള്‍ വ്യക്തമാക്കിയിരുന്നു. രാഹുല്‍ ദ്രാവിഡ് ഇല്ലാതെ ഇന്ത്യന്‍ ക്രിക്കറ്റിന്റെ നവീകരണം പൂര്‍ത്തിയാകില്ല എന്ന് ബി സി സി ഐ പ്രസിഡണ്ട് ജഗ്മോഹന്‍ ഡാല്‍മിയയും പറഞ്ഞു. സീനിയര്‍ ടീമിന്റെ കോച്ചാകും ദ്രാവിഡ് എന്നും നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

യുവതാരങ്ങള്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ ദ്രാവിഡിനും താല്‍പര്യമാണ്. ഐ പി എല്ലില്‍ സഞ്ജു സാംസണ്‍, അജിങ്ക്യ രഹാനെ തുടങ്ങിയ കളിക്കാരെ ഉയര്‍ത്തിക്കൊണ്ടുവന്നതിന്റെ ക്രഡിറ്റും ദ്രാവിഡിനാണ്. രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ മെന്ററാണ് ദ്രാവിഡ്. ദ്രാവിഡിന്റെ സേവനം ടീം ഇന്ത്യക്ക് ആവശ്യമാണെന്നും ഉചിതമായ സമയത്ത് ഇതു സംബന്ധിച്ച് പ്രഖ്യാപനമുണ്ടാകുമെന്നും ബിസിസിഐ സെക്രട്ടറി അനുരാഗ് താക്കൂര്‍ നേരത്തെ അറിയിച്ചിരുന്നു.