കെകെആറിനോട് തോറ്റ നാണക്കേടിന് പിന്നാലെ പരാഗിനെ നിർത്തി പൊരിച്ച് അശ്വിൻ; 'ജഡേജ പോരെന്ന് കരുതി'
രാജസ്ഥാൻ റോയൽസിനെ നാല് വിക്കറ്റിന് തകർത്ത് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎൽ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ്. ഈഡൻ ഗാർഡൻസിൽ നടന്ന ആവേശകരമായ മത്സരത്തിൽ 156 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കെകെആർ, 85/6 എന്ന നിലയിൽ തകർന്നടിഞ്ഞ ശേഷമാണ് തിരിച്ചുവന്നത്. വൈസ് ക്യാപ്റ്റൻ റിങ്കു സിംഗിന്റെയും അനുകൂൽ റോയിയുടെയും മികച്ച ബാറ്റിംഗ് പ്രകടനമാണ് കൊൽക്കത്തയ്ക്ക് രണ്ട് പന്തുകൾ ബാക്കിനിൽക്കെ വിജയം നേടിക്കൊടുത്തത്.
എന്നാൽ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് അനായാസമായി ജയിക്കുമെന്നാണ് ഒരു ഘട്ടത്തിൽ എല്ലാവരും കരുതിയത്. കെകെആറിന്റെ വിക്കറ്റുകൾ ഓരോന്നായി നഷ്‌ടപ്പെട്ടിട്ടും രാജസ്ഥാന് അത് മുതലാക്കാൻ കഴിഞ്ഞിരുന്നില്ല. ഈ വിഷയത്തിലാവട്ടെ പല കോണുകളിൽ നിന്നും നായകനായ റിയാൻ പരാഗ് കാര്യമായ വിമർശനമാണ് ഇപ്പോൾ നേരിടുന്നത്. സഞ്ജു സാംസൺ ചെന്നൈയിലേക്ക് ചേക്കേറിയ ശേഷമാണ് പരാഗ് റോയൽസ് നായകനായി ചുമതലയേറ്റത്.

ഇപ്പോഴിതാ മുൻ ഇന്ത്യൻ താരവും ഇതിഹാസ സ്‌പിന്നറുമായ രവിചന്ദ്രൻ അശ്വിനും പരാഗിനെ വിമർശിച്ചു രംഗത്ത് വന്നിരിക്കുകയാണ്. മത്സരത്തിന്റെ നിർണായകമായ അവസാന ഘട്ടത്തിലെ രാജസ്ഥാൻ റോയൽസ് നായകൻ റിയാൻ പരാഗിന്റെ പിഴവുകളെയാണ് അശ്വിൻ രൂക്ഷമായി വിമർശിച്ചത്. മറുവശത്ത് റിങ്കു സിംഗിന്റെയും അനുകുൽ റോയിയുടെയും മികച്ച പ്രകടനങ്ങളെ ആർ അശ്വിൻ അഭിനന്ദിക്കുകയും ചെയ്‌തു.
ടീമിലെ പരിചയസമ്പന്നനായ രവീന്ദ്ര ജഡേജയെ പന്തെറിയാൻ വിശ്വസിക്കാത്തതിനെയാണ് അശ്വിൻ കുറ്റപ്പെടുത്തിയത്. മൂന്ന് ഓവറിൽ 8 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് നേടിയ ശേഷമാണ് ജഡേജക്ക് പന്ത് നൽകാതിരുന്നത്. 'നിങ്ങൾക്ക് ലോകോത്തരനായ ഒരു ഇടംകൈയ്യൻ സ്‌പിന്നറുണ്ട്. അദ്ദേഹം മൂന്നോവറിൽ 9 അല്ലെങ്കിൽ 11 റൺസ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്' എന്നായിരുന്നു അശ്വിൻ ചൂണ്ടിക്കാട്ടിയത്.
റിയാൻ പരാഗിന്റെ തെറ്റായ ക്യാപ്റ്റൻസി മനോഭാവത്തെ അശ്വിൻ അഭിപ്രായത്തിലൂടെ വരച്ചുകാട്ടി. 'റിങ്കു സിംഗ് ഷോട്ട് കളിക്കാൻ ശ്രമിച്ചപ്പോൾ പുറത്താകലിന് തൊട്ടടുത്തായിരുന്നു, പക്ഷേ നിങ്ങൾ കരുതിയത് ഞാനൊരു ഓഫ് സ്‌പിന്നറാണ്; ഈ രണ്ട് ഇടംകൈയ്യൻ ബാറ്റർൻമാർക്ക് മേൽ സമ്മർദ്ദം ചെലുത്താൻ എനിക്ക് കഴിയും, പക്ഷേ ജഡുവിന് കഴിയില്ല' എന്നാണ്.
'രവി ബിഷ്‌ണോവിന് സാധിക്കുമെങ്കിലും, ജഡുവിനെക്കൊണ്ട് കഴിയില്ലെന്ന് നിങ്ങൾ കരുതി. ഇതാണ് മനോഭാവം. ഒരുപക്ഷേ ജഡു പന്തെറിയുകയും ബാറ്റർ രണ്ട് സിക്‌സറുകൾ നേടുകയും ചെയ്യാം, എന്നാൽ അദ്ദേഹത്തിന് പന്ത് നൽകാതിരിക്കുന്നതിലൂടെ ദീർഘകാലത്തേക്ക് നിങ്ങളുടെ ബോളിംഗ് യൂണിറ്റിൽ വിശ്വാസമില്ലായ്‌മയാണ് നിങ്ങൾ കാണിക്കുന്നത്' അശ്വിൻ പറഞ്ഞു.
'നിങ്ങൾ അഞ്ച് മത്സരങ്ങളിൽ നാലെണ്ണത്തിലും വിജയിച്ചു. ഈ സാഹചര്യത്തിൽ രവീന്ദ്ര ജഡേജ റിങ്കു സിംഗിന്റെ വിക്കറ്റ് നേടിയിരുന്നെങ്കിൽ, അദ്ദേഹം ഇന്നത്തെ മാൻ ഓഫ് ദ മാച്ച് ആകുമായിരുന്നു. അങ്ങനെയാണെങ്കിൽ രാജസ്ഥാൻ റോയൽസ് 7-8 കളിക്കാർ അടങ്ങുന്ന ഒരു ശക്തമായ ടീമായി മാറും; അപ്പോൾ നിങ്ങളുടെ ടീമിന് ലഭിക്കുന്ന ഘടന അത്ര മികച്ചതായിരിക്കും' അശ്വിൻ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
അതേസമയം, ആദ്യം ബാറ്റ് ചെയ്‌ത റോയൽസ് രണ്ട് ഓവറിൽ 11 റൺസിന് നാല് വിക്കറ്റുകൾ വീണതോടെ രാജസ്ഥാൻ 81/0 എന്ന നിലയിൽ നിന്ന് 155/9 എന്ന സ്കോറിലേക്ക് വീഴുകയായിരുന്നു. ഈ തകർച്ചയാണ് കെകെആറിന് ചെറിയ വിജയലക്ഷ്യം നൽകിയത്. സമാന തകർച്ച നേരിട്ടിട്ടും റിങ്കുവും റോയിയും ചേർന്ന് കെകെആറിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications