ഐപിഎൽ 2026-ൽ തുടർച്ചയായ മൂന്നാം തോൽവി ഏറ്റുവാങ്ങിയ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരെ രൂക്ഷമായ വിമർശനവുമായി മുൻ സിഎസ്കെ താരം ആർ. അശ്വിൻ. ആർസിബിക്കെതിരെ 250 റൺസ് വഴങ്ങിയ ചെന്നൈ ബൗളർമാരുടെ പ്രകടനവും മാനേജ്‌മെന്റിന്റെ തീരുമാനങ്ങളും തികച്ചും നിരാശാജനകമാണെന്ന് അശ്വിൻ നിരീക്ഷിച്ചു. ടീമിനുള്ളിൽ കൃത്യമായ ഒരു തന്ത്രവുമില്ലാതെയാണ് ഓരോരുത്തരും പന്തെറിയുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
"ടെസ്റ്റ് ലൈനിൽ എറിയുന്നവനെക്കൊണ്ട് എന്തിനാണ് വൈഡ് യോർക്കർ എറിയിപ്പിക്കുന്നത്?"
തന്റെ യൂട്യൂബ് ചാനലിൽ ചെന്നൈയുടെ തകർച്ചയെക്കുറിച്ച് സംസാരിക്കവെ അശ്വിൻ പറഞ്ഞത് ഇങ്ങനെ:
"ടീമിൽ യാതൊരുവിധ പ്ലാനിംഗുമില്ല. എല്ലാവരും വരുന്നു, വെറുതെ വൈഡ് യോർക്കറുകൾ എറിയാൻ ശ്രമിക്കുന്നു. ആറടി പൊക്കമുള്ള ഒരു ബൗളർ തന്റെ ആദ്യ രണ്ട് ഓവറിൽ വെറും പന്ത്രണ്ട് റൺസ് മാത്രമാണ് നൽകുന്നത്. അവൻ കൃത്യമായ ടെസ്റ്റ് ലൈനിലും ഗുഡ് ലെങ്തിലുമാണ് പന്തെറിയുന്നത്. എന്നാൽ അവനെപ്പോലും നിർബന്ധിച്ച് വൈഡ് യോർക്കറുകൾ എറിയിപ്പിക്കുകയാണ്. ഇതിനർത്ഥം ടീമിൽ ഒരു പ്ലാനിംഗും ഇല്ലെന്നാണ്."

ആർസിബിയുടെ ടിം ഡേവിഡും വിരാട് കോഹ്‌ലിയും രജത് പട്ടീദാറും ദേവ്ദത്ത് പടിക്കലുമെല്ലാം ചെന്നൈ ബൗളർമാരെ തലങ്ങും വിലങ്ങും പ്രഹരിച്ചപ്പോൾ കൃത്യമായ മറുതന്ത്രങ്ങൾ മെനയാൻ നായകൻ റുതുരാജ് ഗെയ്‌ക്‌വാദിനോ മാനേജ്‌മെന്റിനോ സാധിച്ചില്ല എന്നതാണ് അശ്വിൻ ചൂണ്ടിക്കാട്ടുന്നത്.
ബൗളിംഗ് യൂണിറ്റ് പാടെ തകർന്നു!
ജെമി ഓവർട്ടണും അൻഷുൽ കാംബോജും മികച്ച രീതിയിൽ പന്തെറിഞ്ഞിട്ടും അവരെക്കൊണ്ട് അനാവശ്യ പരീക്ഷണങ്ങൾ ചെയ്യിച്ചത് ടീമിന് തിരിച്ചടിയായി. സഞ്ജു സാംസൺ, റുതുരാജ്, ആയുഷ് മാത്രെ എന്നിവർ ബാറ്റിംഗിൽ പരാജയപ്പെട്ടത് ഒരു വശത്ത് നിൽക്കുമ്പോൾ, 250 റൺസ് വഴങ്ങിയ ബൗളിംഗ് നിരയാണ് ചെന്നൈയെ നാണംകെടുത്തിയത്. ഖലീൽ അഹമ്മദും നൂർ അഹമ്മദും റൺസ് വാരിക്കൊടുത്തതും ഡെത്ത് ഓവറുകളിലെ പാളിച്ചകളും ചെന്നൈയെ പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്തേക്ക് തള്ളിയിരിക്കുകയാണ്.
ലേലത്തിൽ കാർത്തിക് ശർമ്മയ്ക്കും പ്രശാന്ത് വീറിനും വേണ്ടി വലിയ തുക ചിലവാക്കിയതിനെ ബദ്രിനാഥ് വിമർശിച്ചതിന് പിന്നാലെ അശ്വിൻ കൂടി രംഗത്തെത്തിയത് ചെന്നൈ ക്യാമ്പിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. നായകൻ റുതുരാജ് ഗെയ്‌ക്‌വാദ് തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തെങ്കിലും, മാനേജ്‌മെന്റിന്റെ തലപ്പത്ത് മാറ്റങ്ങൾ വേണമെന്നാണ് ആരാധകരുടെ ആവശ്യം.
ആദ്യം ബാറ്റ് ചെയ്ത ആർസിബിക്ക് വേണ്ടി ടിം ഡേവിഡ് നടത്തിയ സംഹാരതാണ്ഡവമാണ് ചെന്നൈയുടെ വിധി നിർണ്ണയിച്ചത്. വെറും 25 പന്തിൽ 8 സിക്സറുകളുമായി 70 റൺസാണ് ഡേവിഡ് അടിച്ചുകൂട്ടിയത്. എന്നാൽ ഡേവിഡ് 28 റൺസിൽ നിൽക്കെ അൻഷുൽ കാംബോജിന്റെ പന്തിൽ ക്ലീൻ ബൗൾഡായെങ്കിലും അത് 'നോ ബോൾ' ആയത് ചെന്നൈയ്ക്ക് തിരിച്ചടിയായി. പിന്നീട് ഡേവിഡ് ചെന്നൈ ബൗളർമാരെ നിലംതൊടാതെ പറത്തി. വിരാട് കോഹ്‌ലിയുടെ ക്യാച്ച് പവർപ്ലേയിൽ തന്നെ കൈവിട്ടതും ചെന്നൈയുടെ ഫീൽഡിംഗിലെ പോരായ്മകൾ വെളിപ്പെടുത്തി.