അഹമ്മദാബാദ്: ഇന്ത്യന്‍ ഓഫ് സ്പിന്നര്‍ ആര് അശ്വിന്റെ കരിയറിലേക്കു മറ്റൊരു പൊന്‍തൂവല്‍ കൂടി. ടെസ്റ്റ് ക്രിക്കറ്റില്‍ 400 വിക്കറ്റുകളെന്ന നാഴികക്കല്ല് പൂര്‍ത്തിയാക്കിയിരിക്കുകയാണ് അദ്ദേഹം. ഇംഗ്ലണ്ടിനെതതിരായ പിങ്ക് ബോള്‍ ടെസ്റ്റിന്റെ രണ്ടാമിന്നിങ്സില്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയതോടെയാണ് അശ്വിന് 4000 വിക്കറ്റുകള്‍ പൂര്‍ത്തിയാക്കിയത്. ഈ ടെസ്റ്റില്‍ ഇറങ്ങുമ്പോള്‍ 400ലെത്താന്‍ അദ്ദേഹത്തിന് വേണ്ടിയിരുന്നത് ആറു വിക്കറ്റുകളായിരുന്നു. ആദ്യ ഇന്നിങ്സില്‍ മൂന്നു വിക്കറ്റുകളെടുത്ത അശ്വിന് രണ്ടാമിന്നിങ്സില്‍ മൂന്നു വിക്കറ്റ് കൂടി നേടി 400ലെത്തുകയായിരുന്നു.
ഇതാടെ ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 400 ഇരകളെ കണ്ടെത്തിയ രണ്ടാമത്തെ ബൗളറെന്ന റെക്കോര്‍ഡും ഇന്ത്യന്‍ സ്പിന്നറെ തേടിയെത്തി. ശ്രീലങ്കയുടെ മുന്‍ സ്പിന്‍ ഇതിഹാസം മുത്തയ്യ മുരളീധരന്റെ പേരിലാണ് ലോക റെക്കോര്‍ഡ്. 72 ടെസ്റ്റുകളിലായിരുന്നു മുരളി 400 പേരെ പുറത്താക്കിയത്.
ടെസ്റ്റില്‍ 400 വിക്കറ്റുകളെടുത്ത നാലാമത്തെ ഇന്ത്യന്‍ താരമായും അശ്വിന് മാറി. മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുബ്ലെ, കപില്‍ ദേവ്, ഹര്ഭജന് സിങ് എന്നിവര്‍ മാത്രമേ നേരത്തേ 400ന് മുകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ളൂ. 400 വിക്കറ്റിലേക്കുള്ള കുതിപ്പില്‍ അശ്വിന് 20 തവണ അഞ്ചു വിക്കറ്റ് നേട്ടവും ഏഴു തവണ 10 വിക്കറ്റ് നേട്ടവും കൊയ്തിട്ടുണ്ട്.