
ഇന്ത്യ എയെ 217 റണ്‍സിന് എറിഞ്ഞിട്ട് ബി ടീം
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എ ടീമിനെ ഇന്ത്യ ബി ടീം 49 ഓവറില്‍ 217 റണ്‍സിന് ഓള്‍ഔട്ടാക്കുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ പ്രസിദ് കൃഷ്ണയാണ് ബി ടീം ബൗളിങ് നിരയില്‍ തിളങ്ങിയത്.
75 പന്തില്‍ മൂന്ന് സിക്‌സറും രണ്ട് ബൗണ്ടറിയും ഉള്‍പ്പെടെ 48 റണ്‍സെടുത്ത അമ്പാട്ടി റായുഡുവാണ് ഇന്ത്യ എ ടീമിന്റെ ടോപ്‌സ്‌കോറര്‍. മലയാളി താരം സഞ്ജു വി സാംസണ്‍ 32 റണ്‍സെടുത്തു. 50 പന്തില്‍ രണ്ട് സിക്‌സറുള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്.

സെഞ്ച്വറിയുമായി അഗര്‍വാള്‍, ബി ടീമിന് അനായാസ ജയം
മറുപടിയില്‍ ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ (124) തകര്‍പ്പന്‍ സെഞ്ച്വറിയുമായി മിന്നിയപ്പോള്‍ 41.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ ബി ടീം വിജയലക്ഷ്യം മറികടക്കുകയായിരുന്നു. 114 പന്തില്‍ 14 ബൗണ്ടറിയും മൂന്ന് സിക്‌സറും ഉള്‍പ്പെടുന്നതാണ് അഗര്‍വാളിന്റെ ഇന്നിങ്‌സ്.
സുബ്മാന്‍ ഗില്‍ (42), ഇഷാന്‍ കിഷാന്‍ (25), ക്യാപ്റ്റന്‍ മനീഷ് പാണ്ഡെ (21*) എന്നിവരും ഇന്ത്യ ബി ടീം ബാറ്റിങ് നിരയില്‍ തിളങ്ങി. മായങ്ക് അഗര്‍വാളാണ് മാന്‍ ഓഫ് ദി മാച്ച്.

പടനയിച്ച് ഓസീസ് ക്യാപ്റ്റന്‍; ലക്ഷ്യം 323
ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റിന് 322 റണ്‍സ് അടിച്ചെടുക്കുകയായിരുന്നു. ക്യാപ്റ്റന്‍ ട്രാവിസ് ഹെഡിന്റെ (110) സെഞ്ച്വറിയാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 117 പന്തില്‍ 13 ബൗണ്ടറിയും ഒരു സിക്‌സറും ഉള്‍പ്പെടുന്നതാണ് ഹെഡിന്റെ ഇന്നിങ്‌സ്.

സോന്‍ഡോയ്ക്ക് സെഞ്ച്വറി, പൊരുതിവീണ് ദക്ഷിണാഫ്രിക്ക
മറുപടിയില്‍ ക്യാപ്റ്റന്‍ ഖായ സോന്‍ഡോയിലൂടെ പൊരുതിനോക്കിയെങ്കിലും ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 48.4 ഓവറില്‍ 290 റണ്‍സിന് അവസാനിക്കുകയായിരുന്നു. സോന്‍ഡോ (117) സെഞ്ച്വറിയുമായാണ് ആഫ്രിക്കന്‍ നിരയില്‍ പൊരുതിനോക്കിയത്. 104 പന്തില്‍ ഏഴ് ബൗണ്ടറിയും നാല് സിക്‌സറും ഉള്‍പ്പെടുന്നതാണ് സോന്‍ഡോയുടെ ഇന്നിങ്‌സ്.

തലപ്പത്ത് ഇന്ത്യ ബി ടീം
നാല് മല്‍സരങ്ങള്‍ വീതം കഴിഞ്ഞപ്പോള്‍ പോയിന്റ് പട്ടികയില്‍ ഇന്ത്യ ബി ടീമാണ് തലപ്പത്തുള്ളത്. 12 പോയിന്റാണ് ഇന്ത്യ ബി ടീമിനുള്ളത്. ഒമ്പത് പോയിന്റുമായി ഇന്ത്യ എ, എട്ട് പോയിന്റോടെ ഓസ്‌ട്രേലിയ എ, നാല് പോയിന്റുമായി ദക്ഷിണാഫ്രിക്ക എ എന്നിവരാണ് യഥാക്രമം രണ്ടു മുതല്‍ നാല് സ്ഥാനങ്ങളില്‍.


Click it and Unblock the Notifications











