മുംബൈ: ഡോപ്പിങ് നിയമങ്ങള്‍ ലംഘിച്ചതിനെ തുടര്‍ന്നു വിലക്ക് നേരിടുന്ന മുന്‍ അണ്ടര്‍ 19 ലോകകപ്പ് നായകനും വെടിക്കെട്ട് ഓപ്പണറുമായ പൃഥ്വി ഷാ ക്രിക്കറ്റിലേക്കു മടങ്ങിവരാന്‍ തയ്യാറെടുക്കുന്നു. വരാനിരിക്കുന്ന സയ്ദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ മുംബൈക്കു വേണ്ടി കളിച്ചു കൊണ്ടായിരിക്കും താരത്തിന്റെ തിരിച്ചുവരവെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയുടെ സെലക്ഷന് കമ്മിറ്റി ചെയര്മാന് മിലിന്ദ് റെഗെയാണ് പൃഥ്വിയെ ടീമിലുള്പ്പെടുത്തുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുമെന്ന് വ്യക്തമാക്കിയിരിക്കുന്നത്. താരത്തിനു ചുമത്തിയ എട്ടു മാസത്തെ വിലക്ക് ഈ മാസം 16നാണ് അവസാനിക്കുക.
നവംബര്‍ 16 മുതല്‍ ക്രിക്കറ്റ് കളിക്കാന്‍ പൃഥ്വിക്കു കഴിയും. അതുകൊണ്ടു തന്നെ മുംബൈ ടീമില്‍ താരത്തെ ഉള്‍പ്പെടുത്തുന്ന കാര്യം ചര്‍ച്ച ചെയ്യും. എന്നാല്‍ തീര്‍ച്ചയായും പൃഥ്വി ടീമിലുണ്ടാവുമെന്ന് ഉറപ്പ് നല്കാന് തനിക്കു കഴിയില്ല. എന്നാല്‍ ടീമിലെടുക്കുന്ന കാര്യം ചര്‍ച്ച ചെയ്യുമെന്ന് മാത്രമേ ഇപ്പോള്‍ പറയാന്‍ സാധിക്കുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.
മുഷ്താഖ് അലി ട്രോഫിയിലെ ആദ്യത്തെ മൂന്ന് മല്‍സരങ്ങള്‍ക്കുള്ള മുംബൈ ടീമിനെ മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. പ്രമുഖ താരങ്ങളായ ശ്രേയസ് അയ്യര്‍, ശര്‍ദ്ദുല്‍ താക്കൂര്‍, ശിവം ദുബെ എന്നിവരുടെ സേവനം ലഭിക്കാത്തതിനെ തുടര്‍ന്നാണിത്. ഇവരെല്ലാം ബംഗ്ലാദേശിനെതിരേ നടന്നു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ ടി20 ടീമിന്റെ ഭാഗമാണ്. പൃഥ്വി വിലക്ക് കഴിഞ്ഞ് ടീമില്‍ തിരിച്ചെത്തുമ്പോഴേക്കും മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയുടെ ഏഴു ഗ്രൂപ്പ് മല്‍സരങ്ങളില്‍ ആറും കഴിഞ്ഞിരിക്കും. ഈ വര്‍ഷം ജൂലൈയിലാണ് നിരോധിത മരുന്നായ ടെര്‍ബുറ്റലൈന്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് പൃഥ്വിയെ എട്ടു മാസത്തേക്കു എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിലക്കിയത്. ഫെബ്രുവരി 22 മുതല്‍ ഇന്‍ഡോറില്‍ നടന്ന മുഷ്താഥ് അലി ട്രോഫിക്കിടെ നല്കിയ പൃഥ്വിയുടെ മൂത്ര സാംപിളിലാണ് നിരോധിത മ്രുന്നിന്റെ അംശം കണ്ടെത്തിയത്.